DCBOOKS
Malayalam News Literature Website

മൃണാള്‍ സെന്നിന് ആദരാഞ്ജലികള്‍

കൊല്‍ക്കത്ത: ഇന്ത്യയില്‍ നവതരംഗ സിനിമയ്ക്ക് അടിത്തറ പാകിയ വിഖ്യാത ബംഗാളി ചലച്ചിത്രകാരനും ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരജേതാവുമായ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ച് ഞായറാഴ്ച രാവിലെ 10.30ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.

സത്യജിത് റായ്, ഋത്വിക് ഘട്ടക്ക് എന്നിവര്‍ക്കൊപ്പം അറുപതുകളില്‍ തുടക്കം കുറിച്ച ഇന്ത്യന്‍ നവതരംഗസിനിമകളെ സമ്പന്നമാക്കിയ സംവിധായകനായിരുന്നു മൃണാള്‍ സെന്‍. 1923 മെയ് 14-ന് കിഴക്കന്‍ ബംഗാളിലെ ഫരീദ്പുരിലായിരുന്നു ജനനം. കൊല്‍ക്കത്ത സര്‍വ്വകലാശാലയില്‍നിന്ന് ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദം നേടിയ ശേഷം അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്‌കാരികവിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ പീപ്പിള്‍സ് തീയറ്ററിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1955-ല്‍ ആദ്യ ഫീച്ചര്‍ സിനിമ രാത്ത് ബോറെ സംവിധാനം ചെയ്തു. നീര്‍ ആരാഷെര്‍ നീചെ എന്ന രണ്ടാമത്തെ ചിത്രം പ്രാദേശികമായ അംഗീകാരവും മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രാവണ രാജ്യാന്തര ശ്രദ്ധയും നേടി. 27 ഫീച്ചര്‍ ചിത്രങ്ങള്‍, 14 ലഘുചിത്രങ്ങള്‍, അഞ്ച് ഡോക്യുമെന്ററികള്‍ എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ദേശീയ അവാര്‍ഡുകളും കാന്‍, വെനീസ്, ബര്‍ലിന്‍, മോസ്‌കോ, കെയ്‌റോ, ഷിക്കാഗോ, മോണ്‍ട്രിയാല്‍ തുടങ്ങിയ രാജ്യാന്തരമേളകളില്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നിരവധി വിദേശ ചലച്ചിത്രമേളകളില്‍ ജൂറി അംഗമായിരുന്നു.

1981-ല്‍ രാജ്യം പത്മഭൂഷണും 2005-ല്‍ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരവും നല്‍കി ആദരിച്ചു. 1998 മുതല്‍ 2003 വരെ പാര്‍ലമെന്റില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു.

Comments are closed.