#KLF 2019-ല്‍ ജീത് തയ്യിലിന്റെ സജീവസാന്നിദ്ധ്യം
സമകാലിക സാഹിത്യത്തിലെ ശ്രദ്ധേയനായ ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനും മലയാളിയുമായ ജീത് തയ്യില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പില്‍ പങ്കെടുക്കുന്നു. ഇതാദ്യമായാണ് ജീത് തയ്യില്‍ കേരളത്തിലെ ഒരു സാഹിത്യസമ്മേളന വേദിയില്‍ പങ്കെടുക്കുന്നത്.ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ച് സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തില്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ നിരവധി പ്രഗത്ഭരായ എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്നുണ്ട്.
ജനുവരി 11-ാം തീയതി ജീത് തയ്യിലിന്റെ ദി ബുക്ക് ഓഫ് ചോക്കളേറ്റ് സെയ്ന്റ്‌സ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ആദ്യ സംവാദം. ഈ വര്‍ഷത്തെ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ദി ബുക്ക് ഓഫ് ചോക്കളേറ്റ് സെയ്ന്റ്‌സ് വായനക്കാര്‍ ഏറെ ഇഷ്ടപ്പെട്ട കൃതിയാണ്. ഇ.വി ഫാത്തിമ ആയിരിക്കും മോഡറേറ്റര്‍.
ജനുവരി 12-ാം തീയതിയാണ് രണ്ടാമത്തെ സംവാദം. നാര്‍ക്കോപോളിസ് എന്ന നോവലിനെക്കുറിച്ച് ജീത് തയ്യിലുമായി സംഭാഷണം നടത്തുന്നത് എഴുത്തുകാരി സംഗീത ശ്രീനിവാസനായിരിക്കും. 2012-ലെ മാന്‍ ബുക്കര്‍ പുരസ്‌കാര പട്ടികയില്‍ ഇടംനേടിയ നാര്‍ക്കോപോളിസ് ജീത് തയ്യിലിന്റെ ആദ്യ നോവലാണ്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
Comments are closed.