ഒരു മുക്രിയുടെ ജീവിതം എങ്ങനെ?
പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ വാങ്ക് എന്ന പ്രശസ്തമായ ചെറുകഥയിലെ ഒരു സന്ദര്‍ഭം അടര്‍ത്തിയെടുത്ത് കിത്താബ് എന്ന പേരില്‍ ഒരു സ്കൂള്‍നാടകം കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു. അതിനെതിരെ ഒരു സമുദായത്തെ അധിക്ഷേപിച്ചു എന്ന രീതിയില്‍ ഒരു മതസംഘടന പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. നാടകത്തില്‍ ഒരു മുക്രിയായി ഒരു കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥജീവിതത്തില്‍ ഒരു മുക്രിയുടെ അനുഭവം എന്താണ് ?
താഹ മാടായി എഴുതിയ അടിയാറ് ടീച്ചറും മറ്റ് അസാധാരണജീവിതങ്ങളും എന്ന പുസ്തകത്തില്‍ ഒരു മുക്രിയുടെ ജീവിതത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്.
ഇത് ഒരു ജീവിതകഥയാണ്. നിത്യജീവിതത്തില്‍ മലയാളികള്‍ കണ്ടു വരുന്ന ഒരു പുരോഹിത വിഭാഗമാണ് മാപ്പിളമാര്‍ക്കിടയിലുള്ള മുക്രിമാര്. എങ്കിലും പുരോഹിതന്മാരുടെ ആനുകൂല്യങ്ങളോ അവകാശങ്ങളോ ഇവര്‍ക്ക് സമുദായത്തില്‍നിന്ന് കിട്ടിയിരുന്നില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജന്മം. സാഹിത്യത്തില്‍ മുക്രിമാര് ധാരാളമായി കടന്നുവന്നിട്ടുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിലെ അള്ളാപ്പിച്ച മൊല്ലാക്കയും സ്മാരകശിലകളിലെ എറമുള്ളാന് മുക്രിയും മലയാളികളുടെ ഭാവനയില്‍ ശിലാലിഖിതംപോലെ പതിഞ്ഞുകിടക്കുന്ന പേരുകളാണ്. മങ്ങാട്ടച്ചന്റെ കൂട്ടുകാരനായ കുസൃതിക്കാരന്‍ കുഞ്ഞായിന്‍ മുസ്ല്യാരുടെ ഫലിതങ്ങള്‍, നമ്പൂതിരിഫലിതങ്ങള്പോലെതന്നെ നമ്മുടെ ഹാസ്യസാഹിത്യത്തിന്റെ മുതല്‍ക്കൂട്ടാണ്. ഇവര്‍ക്കെല്ലാം മീതെ അനശ്വരമായ ചിരിയുടെ പ്രവാചകനായി മുല്ലാനസിറുദ്ദീനുമുണ്ട്. സാഹിത്യത്തില്‍നിന്ന് ജീവിതത്തിലേക്ക് വരുമ്പോള്‍ ഒരു മുക്രിയുടെ അവസ്ഥയെന്താണ്? ചെവിയില്‍ വിരല്‍ തിരുകി ബാങ്ക് വിളിക്കുന്ന ആ മനുഷ്യരുടെ ഉള്ളിലെ അഗ്നി ആര് തൊട്ടറിഞ്ഞിട്ടുണ്ട്? മാപ്പിളവീടുകളില്‍ നേര്‍ച്ചകള്‍ക്ക് വന്ന് ആളുകളുമായി ലോഹ്യം പറഞ്ഞ് പോകുന്ന ഈ മനുഷ്യരുടെ കഥകള്‍ നാം അറിയേണ്ടതുണ്ട്. ഇത് അങ്ങനെയൊരു കഥയാണ്. കാലത്തിന്റെ കനല്‍പ്പാതകളിലൂടെ നടന്നുവന്ന ഒരു മുക്രിയുടെ ജീവിത കഥ.
ബദര്യുദ്ധപ്പാട്ടുകളുടെ ഒടുങ്ങാത്ത പടഹദ്ധ്വനികള് ഓര്‍മ്മകളില്‍ സൂക്ഷിച്ചുകൊണ്ട് ഒരു മനുഷ്യന് ജീവിച്ചുകൊണ്ടിരുന്നത് ഒരു ഗ്രാമം അറിഞ്ഞതേയില്ല. പള്ളിയില്‍ അഞ്ചുനേരം ബാങ്കുവിളിക്കുന്ന ഈ വൃദ്ധന്റെ ശബ്ദത്തിലെ ചരിത്രത്തിന്റെ നീണ്ട കനല്ക്കാലങ്ങളുടെ വിങ്ങല്‍ ആരും ശ്രവിച്ചതുമില്ല. കണ്ണൂര്‍ ജില്ലയിലെ കല്യാട് ഗ്രാമത്തില്‍ പാറ്റക്കല്‍ എന്ന ദേശത്ത് ബദര്‍ അലി എന്ന നൂറ്റിയാറുകാരന് തന്റെ പല്ലുകളില്ലാത്ത മോണ കാട്ടി ഇളംതലമുറയോടും നിഷ്കളങ്കമായി ചിരിക്കുന്നു, ബദര്യുദ്ധപ്പാട്ടുകള് പാടുന്നു; കിസ്സ പറയുന്നു; ഞരമ്പുകള്‍ അയഞ്ഞു തുടങ്ങിയ കൈകള്‍കൊണ്ട് എല്ലാവരെയും അനുഗ്രഹിക്കുന്നു. അവര്‍ക്കു മുന്നില്‍ ഏതോ കാലത്തെ ഫയല്‍വാനെപ്പോലെ പേശീബലം കാട്ടി പൊട്ടിച്ചിരിക്കുന്നു. പിന്നെ, കുപ്പായക്കീശയിലെ പ്ലാസ്റ്റിക് കവറില്‍ എപ്പോഴും കൊണ്ടുനടക്കുന്ന കുഞ്ഞുമിഠായികള് കുട്ടികള്‍ക്ക് നല്കുന്നു.
ബദര്‍ അലീക്ക അങ്ങനെയാണ് കുട്ടികളുടെ മിഠായി ഉപ്പാപ്പയായത്.
പാറ്റക്കലിലെ ആരും കിതച്ചുപോകുന്ന ചെമ്മണ്‍നിരത്തിലൂടെ ഊന്നുവടിയും കുത്തി വേഗം നടന്നുവരുന്ന ബദര്‍ അലീയുപ്പാപ്പയെ കാണുമ്പോള്‍ കുട്ടികള്‍ കൈനീട്ടി പറയും: ‘ഉപ്പാപ്പാ മുട്ടായി.’ പിന്നെ മുട്ടായി വരുന്ന നേരം നോക്കി വഴിയോരങ്ങളില്‍ കുട്ടികള്‍ കാത്തിരിപ്പായി. മിഠായി മാത്രമല്ല, മധുരപ്പാട്ടുകളും നല്കി മിഠായി ഉപ്പാപ്പ കുട്ടികളിലൊരാളായി മാറുന്നു.
ബദര്‍ അലീയുപ്പാപ്പ സംഗീതം മനസ്സില്‍ സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ചെങ്കല്ലുകളും ഇടതൂര്‍ന്ന മരങ്ങളുമുള്ള തന്റെ ഗ്രാമത്തിലെ കൊച്ചുകുട്ടികള്‍ക്ക് ഇത്രയും കാലം ആരോരുമറിയാതെ ബദര്പ്പാട്ടു പാടിക്കൊടുക്കുകയായിരുന്നു ഈ മനുഷ്യന്. എന്നാല്‍, നൂറ്റിയാറാം വയസ്സില്‍ പുറംലോകത്തിലേക്കുള്ള ഒരു വാതില്‍ തള്ളിത്തുറന്നുകൊണ്ട് അലീക്ക തന്റെ ഊന്നുവടിയുമായി ഇറങ്ങുന്നു.
ദീനിന്റെ വഴിയില്‍
ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ ഉപ്പാപ്പയുടെ പിറകെ. ഉപ്പാപ്പ കഥ പറയുന്നു. ഇടയ്ക്ക് തിരിഞ്ഞുനോക്കി ചോദിക്കുന്നു: ‘കിതയ്ക്കുന്നുണ്ടോ മോനേ?’ നൂറ്റിയാറാം വയസ്സിലും അലീയുപ്പാപ്പയുടെ കാലുകള്‍ ഈ ചെമ്മണ്പാതയുടെ വന്യതയെ തോല്പിക്കുന്നല്ലോ.
സി. എച്ച്. പക്കറുടെയും മരക്കണ്ടി ആമിനയുടെയും മകനായി 1902 ആഗസ്റ്റില്‍ ഇരിക്കൂറില്‍ ജനനം. കുഞ്ഞുന്നാളില്‍ തന്റെ വീട്ടിലെ ‘താടിയുപ്പാപ്പാ’യുടെ കൈയും പിടിച്ച് സുബഹ് നിസ്കാരത്തിന് പള്ളിയില്‍ പോകുമായിരുന്നു. മരംകോച്ചുന്ന തണുപ്പുകാലത്തും ആ ശീലം മാറ്റിയിരുന്നില്ല. സുബഹ് ബാങ്കിന്റെ നേരമാവുമ്പോള് കൊച്ച് അലി ആരും തട്ടിവിളിക്കാതെതന്നെ എണീക്കുമായിരുന്നു. വീടിന്റെ മുന്‍വാതിലിലെ ഇരുമ്പുസാക്ഷ തന്റെ കുഞ്ഞുകൈകള്‍കൊണ്ടു വലിച്ചു താഴ്ത്താന്‍ ശ്രമിക്കുന്നത് ആരും അറിഞ്ഞിരുന്നില്ല, ഒരിക്കല്‍ താടിയുപ്പാപ്പ കണ്ടുപിടിക്കുംവരെ.
ദീനിന്റെ വഴിയിലേക്കാണ് അലി പിച്ചവയ്ക്കുന്നത് എന്ന് താടിയുപ്പുപ്പാപ്പായ്ക്ക് മനസ്സിലായി. തുടര്‍ന്ന് എല്ലാ ദിവസവും താടിയുപ്പാപ്പാന്റെ കൈപിടിച്ച് കുഞ്ഞലി പള്ളിയില്‍ നിസ്കരിക്കാന്‍ ചെന്നു.
മുക്രി ബാങ്ക് വിളിക്കുന്നത് അലി ശ്രദ്ധിച്ചു കേള്‍ക്കും. ചൂണ്ടുവിരലുകള്‍ ചെവിയില്‍ തിരുകി, ഉച്ചത്തില്‍: ‘അല്ലാഹു അക്ബര്‍-അല്ലാഹു അക്ബര്‍.’
മുക്രിയുടെ ബാങ്കുവിളി കേട്ട് ദേശത്തെ മാപ്പിളമാരില്‍ പ്രായമുള്ള മനുഷ്യര്‍ പള്ളിയിലേക്കു വരും. അലി അവരെ നോക്കി ഇരിക്കും. എന്തിനാണ് ബാങ്ക് വിളിക്കുന്നതെന്നും എന്തിനാണ് നിസ്കരിക്കുന്നതെന്നും അലിക്ക് അറിയില്ലായിരുന്നു.
ഒരിക്കല്‍ അലി താടിയുപ്പാപ്പാനോടു ചോദിച്ചു: ‘എന്തിനാ നമ്മ നിസ്കരിക്ക്ന്ന്?’
താടിയുപ്പാപ്പ അലിയുടെ മൂര്‍ദ്ധാവില്‍ ഉമ്മ വെച്ചുകൊണ്ടു പറഞ്ഞു: ‘സ്വര്‍ഗ്ഗം കിട്ടാന്‍.’
പിന്നെ സ്വര്‍ഗ്ഗനരകങ്ങളുടെ കഥ പറഞ്ഞു താടിയുപ്പാപ്പ. അലി അതെല്ലാം കേട്ടു. നരകത്തീയില്‍ വിറകുകൊള്ളിയായി വെന്തു നീറുന്ന മനുഷ്യരെക്കുറിച്ചോര്‍ത്ത് അലിയുടെ കണ്ണു നിറഞ്ഞു. ശൈത്താന്റെ പിടിയില്‍നിന്ന് എല്ലാ മനുഷ്യരെയും കാത്തുകൊള്ളാന്‍ അലി ദുആ ചെയ്തു. നൂറ്റിയാറാം വയസ്സിലും അലീയുപ്പാപ്പ ആ പ്രാര്‍ത്ഥന തുടരുന്നു.
പടച്ചോനേ, എല്ലാ മനുഷ്യരെയും നീ നിന്റെ സ്വര്‍ഗ്ഗത്തിലാക്കണേ. പടപ്പായ പടപ്പുകളെയെല്ലാം രക്ഷിക്കാന്‍ നിനക്കല്ലാതെ മറ്റാര്‍ക്ക് കഴിയും. എല്ലാ മനുഷ്യര്‍ക്കും നീ മാത്രം തുണ…
മിഠായി ഉപ്പാപ്പ സൂക്ഷിച്ചു നോക്കിക്കൊണ്ടു ചോദിച്ചു:
‘അല്ലാഹു എവ്ട്യാ നോക്ക്കാന്നറിയോ?’
ഉപ്പാപ്പതന്നെ അതിനു മറുപടി പറയുന്നു:
‘മനുഷ്യന്റെ ഖല്ബിലേക്ക്.’
ഖല്‍ബ്?
ഹൃദയം.
ഉപ്പാപ്പ വിശദീകരിക്കുന്നു: ‘മനുഷ്യന്റെ ഉള്ളില്‍ ഒരു ഇറച്ചിക്കഷണമുണ്ട്. അത് നന്നായാല്‍ മനുഷ്യന് മുഴുവനും നന്നായി എന്ന് മുത്തുനബി പറഞ്ഞിട്ടുണ്ട്.’
ഒരു ഇറച്ചിക്കഷണം. ഖല്‍ബ്.
ഹൃദയം.
ദൈവം മനുഷ്യരുടെ ഹൃദയത്തിലേക്ക് ഉറ്റുനോക്കുന്നു. അവിടെ നന്മയുടെ വെളിച്ചമുണ്ടെങ്കില്‍ മനുഷ്യന് രക്ഷപ്പെട്ടു. നന്മയുടെ ആ തിരിവെളിച്ചവുമായി സ്വര്‍ഗ്ഗത്തിലേക്ക് നടന്നുപോകാം.
Comments are closed.