DCBOOKS
Malayalam News Literature Website

അരുന്ധതി റോയിക്ക് ജന്മദിനാശംസകള്‍

മാന്‍ ബുക്കര്‍ സമ്മാനത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയായ അരുന്ധതി റോയി 1961 നവംബര്‍ 24ന് മേഘാലയയിലെ ഷില്ലോങ്ങിലാണ് ജനിച്ചത്. മാതാവ് കോട്ടയം, അയ്മനം സ്വദേശിനി മേരി റോയും പിതാവ് ഒരു ബംഗാളി പ്ലാന്ററും ആയിരുന്നു. ബാല്യകാലം കേരളത്തില്‍ ചിലവഴിച്ചു. പഠനത്തിനു ശേഷം ആര്‍കിടെക്റ്റ്, എയ്‌റോബിക് പരിശീലക എന്നീ നിലകളില്‍ ജോലി ചെയ്തു.

ദി ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ് എന്ന കൃതിക്കാണ് 1998-ലെ ബുക്കര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക് ലഭിച്ചത്. കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയാണ് നോവല്‍ രചിച്ചിരിക്കുന്നത്. പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനുള്ളില്‍ തന്നെ 350,000ത്തിലധികം പ്രതികള്‍ വിറ്റഴിഞ്ഞ നോവല്‍ 24 ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്ന പേരില്‍ പുസ്തകം മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവലായ ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.

എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവര്‍ത്തക കൂടിയാണ് അരുന്ധതി റോയി. ഇന്ത്യയിലെ ജനകീയ ഇടപെടലുകളോടെ നടന്ന നിരവധി സമരങ്ങളില്‍ ക്രിയാത്മകസാന്നിദ്ധ്യമായിരുന്നു അരുന്ധതി റോയ്.

Comments are closed.