DCBOOKS
Malayalam News Literature Website

‘ശ്യാമമാധവം’; കാവ്യാനുഭൂതിയുടെ നവ്യാനുഭവം

കവി എന്‍. പ്രഭാ വര്‍മ്മയുടെ വ്യത്യസ്തമായ ആഖ്യാനശൈലിയില്‍ പിറവിയെടുത്ത പ്രശസ്തമായ ഖണ്ഡകാവ്യമാണ് ശ്യാമമാധവം. വ്യാസമഹാഭാരതത്തെ അടിസ്ഥാനപാഠമായി സ്വീകരിച്ചുകൊണ്ടുള്ള ഒരു ‘കാവ്യഭാരതപര്യടന’മാണ് ‘ശ്യാമമാധവം‘. ഖണ്ഡകാവ്യമെന്നു വിളിക്കപ്പെടുന്നുവെങ്കിലും ഈ കാവ്യത്തിനു ഒരു ബൃഹദാഖ്യായികയുടെ എല്ലാ ഗുണവിശേഷങ്ങളുമുണ്ട്. ഏറെ വ്യതിരിക്തമായ ഒരു കാവ്യാനുഭവം പകര്‍ന്നു തരുന്ന ഈ ദീര്‍ഘകാവ്യം  നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഡി.സി ബുക്‌സാണ് ശ്യാമമാധവം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൃഷ്ണായനം മുതല്‍ ശ്യാമമാധവം വരെ പതിനഞ്ച് അധ്യായങ്ങളാണ് ഈ കൃതിയില്‍ ഉള്ളത്. വേടന്റെ അമ്പേറ്റ് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ കൃഷ്ണന്റെ മനസ്സിലൂടെ കടന്നുപോകുന്ന പോയകാല ജീവിതചിത്രങ്ങളാണ് ശ്യാമമാധവത്തിന്റെ പ്രമേയം. വൃത്ത-താള-ഭംഗികളോടെ, കാവ്യബിംബ സന്നിവേശത്തോടെ, അതിമനോഹരമായ ആവിഷ്‌കാരരീതിയാണ് ഈ കവിതയിലുള്ളത്. ഇതിഹാസ പുരാണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനു പകരം പാപബോധത്താല്‍ നീറുന്ന മറ്റൊരു കൃഷ്ണനെ പ്രഭാവര്‍മ്മ ഈ കാവ്യാഖ്യായികയിലൂടെ അനാവരണം ചെയ്യുന്നു. മാനവരാശിയെ എന്നും അലട്ടുന്ന യുദ്ധവും സമാധാനവും എന്ന പ്രശ്‌നമാണ് സങ്കീര്‍ണ വ്യക്തിത്വമുള്ള ശ്രീകൃഷ്ണനെന്ന ഇതിഹാസ കഥാപാത്രത്തിന്റെ മനസ്സ് അനാവരണംചെയ്യുന്നതിലൂടെ ശ്യാമമാധവം ആവിഷ്‌കരിക്കുന്നത്. പാഴായിപ്പോയ ഒരു ജന്മമായിരുന്നു തന്റേതെന്ന് ഓരോ സംഭവങ്ങളെക്കുറിച്ചും വിശകലനം ചെയ്തുകൊണ്ട് പരിതപിക്കുകയാണ് ശ്യാമമാധവത്തിലെ കൃഷ്ണന്‍ .

മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പ് ശ്യാമമാധവത്തെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്

“ഇതിഹാസ പുരാണങ്ങളിലെ ഏറ്റവും സങ്കീര്‍ണ്ണവും ശ്രദ്ധേയവുമായ ശ്രീകൃഷ്ണനെന്ന കഥാപാത്രത്തിന്റെ മനസ്സിലേക്കുള്ള ഒരു നിഗൂഢപ്രവേശമാണിത്. ആസന്നമൃത്യുവായ ഒരു കഥാപാത്രത്തിന് സ്വന്തം കൈക്കുറ്റപ്പാടുകളെപ്പറ്റിയുള്ള വിവേചനാത്മകമായ വെളിപാടുകളാണത്. വിഗ്രഹഭഞ്ജനത്തിനുള്ള മനഃപൂര്‍വ്വമായ ശ്രമമൊന്നിമില്ല; മറിച്ച് അതിശയനീയമാംവിധം സങ്കീര്‍ണ്ണമായ ഒരു പാത്രസ്വഭാവത്തെ ലൗകിക നീതിബോധത്തിന്റെ നികഷോപലത്തിലുരച്ചുനോക്കി പുതിയ നിഗമനങ്ങളിലെത്തിച്ചേരുകയും അവ ധീരമായി വെളിപ്പെടുത്തുകയുമാണ് കവി ചെയ്യുന്നത്.”

 

 

Comments are closed.