DCBOOKS
Malayalam News Literature Website

20-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണവും 44-ാമത് വാര്‍ഷികാഘോഷവും ഒക്ടോബര്‍ 30ന്

ഡി.സി ബുക്‌സിന്റെ 44-ാമത് വാര്‍ഷികാഘോഷവും 20-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ഒക്ടോബര്‍ 30ന് സംഘടിപ്പിക്കുന്നു. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വി.കെ ശ്രീരാമന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 30 ചൊവ്വാഴ്ച വൈകിട്ട് 5.30 മുതലാണ് പരിപാടികള്‍ നടക്കുക.

തുടര്‍ന്ന് 20-ാമത് ഡി സി കിഴക്കെമുറി സ്മാരക പ്രഭാഷണം ഡോ. ജെ. ദേവിക നിര്‍വ്വഹിക്കും. ‘ദുരന്താനന്തരകാലവും ചിന്തയുടെ അടിസ്ഥാന പ്രമാണങ്ങളും 2018-ഓഗസ്റ്റിലെ കേരളത്തില്‍നിന്ന് ചിന്തിക്കുമ്പോള്‍’ എന്ന വിഷയത്തിലാണ് ഡോ. ജെ.ദേവിക പ്രഭാഷണം നടത്തുന്നത്.

കൂടാതെ എം.മുകുന്ദന്‍ രചിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന്റെ അമ്പതാം പതിപ്പിന്റെ പ്രകാശനവും ഡി.സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ ഏറ്റവും പുതിയ കൃതികളുടെ പുസ്‌തക പ്രകാശനങ്ങളും വേദിയില്‍ വെച്ച് നടക്കുന്നതാണ്. അരുന്ധതി റോയ് രചിച്ച ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ് എന്ന കൃതിയുടെ മലയാളം വിവര്‍ത്തനമായ അത്യാനനന്ദത്തിന്റെ ദൈവവൃത്തി, ആനന്ദിന്റെ ഇരിപ്പ് നില്‍പ്പ് എഴുന്നേല്‍പ്പ്, ടി.എം കൃഷ്ണയുടെ പുറമ്പോക്ക് പാടല്‍, പ്രശസ്ത ചലച്ചിത്രനടന്‍ പ്രകാശ് രാജിന്റെ നമ്മെ വിഴുങ്ങുന്ന മൗനം, സാറാ ജോസഫിന്റെ എന്റെ കഥയും ജീവിതവും, സേതുവിന്റെ കിളിക്കൂട്, ടി.പി രാജീവന്റെ ക്രിയാശേഷം, ബെന്യാമിന്റെ പോസ്റ്റുമാന്‍, സിസ്റ്റര്‍ ജെസ്മിയുടെ വീണ്ടും ആമേന്‍, ദീപാനിശാന്തിന്റെ ഒറ്റമരപ്പെയ്ത്ത്, സംഗീത ശ്രീനിവാസന്റെ ശലഭം പൂക്കള്‍ എയ്‌റോപ്ലെയിന്‍, സുഭാഷ് ചന്ദ്രന്‍ എഡിറ്റ് ചെയ്ത മിനിക്കഥകള്‍ കവിതകള്‍ എന്നീ കൃതികളാണ് പ്രകാശിപ്പിക്കുക.

എഴുത്തുകാരായ സേതു, ബെന്യാമിന്‍, സാറാ ജോസഫ്, സിസ്റ്റര്‍ ജെസ്മി, ദീപാനിശാന്ത്, സംഗീത ശ്രീനിവാസന്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.