‘ഭ്രാന്ത്’; പമ്മന്റെ അതിപ്രശസ്തമായ നോവല്‍
ജീവിതത്തെ മറയില്ലാതെ അവതരിപ്പിച്ച എഴുത്തുകാരനായിരുന്നു പമ്മന്. സാധാരണക്കാരുടെ ഭാഷയില്‍ എഴുതി, ഒട്ടേറെ വായനക്കാരെ സമ്പാദിച്ച എഴുത്തുകാരന്. മലയാളത്തിന്റെ ഹാരോള്‍ഡ് റോബിന്‍സ് എന്നാണ് പമ്മന് എന്ന ആര്.പി.പരമേശ്വര മേനോനെ വിശേഷിപ്പിച്ചിരുന്നത്. മലയാളത്തിലെ ആനുകാലികങ്ങളില്‍ ഒരു കാലത്ത് പമ്മന്റെ കഥകള്‍ നിറഞ്ഞിരുന്നു. അല്പം അശ്ലീലച്ചുവയുള്ള രചനകളായതിനാല്‍ പമ്മന്റെ കൃതികള്‍ക്ക് ഒട്ടേറെ വായനക്കാരുണ്ടായിരുന്നു.
പമ്മന്റെ അതിപ്രശസ്തമായ രചനകളിലൊന്നാണ് ഭ്രാന്ത് എന്ന നോവല്‍. അമ്മുക്കുട്ടി എന്ന പെണ്‍കിടാവിന്റെ ജീവിതയാത്രയാണ് ഈ നോവലില്‍ പറയുന്നത്. നാട്ടിലെ പ്രശസ്തമായ മേലേപ്പാട്ട് തറവാട്ടില്‍ ജനിച്ച അമ്മുവിന്റെത് വിരസമായ ബാല്യവും കൗമാരമായിരുന്നു. യൗവനത്തിലേക്ക് കാല്‍കുത്തിയപ്പോള്‍തന്നെ വന്നണഞ്ഞ അമ്മാവന്റെ മകനായ അപ്പുവിന്റെ ഭാര്യാപദം. പക്ഷെ, പണത്തിനു വേണ്ടിയുള്ള പാച്ചിലിനിടയില്‍ കാമശാന്തിക്ക് ഒരു ഉപകരണം- അതു മാത്രമാണ് താന്‍ അയാള്‍ക്കെന്ന് അമ്മുക്കുട്ടി തിരിച്ചറിഞ്ഞു. ആത്മാവിന്റെ ഏകാന്തതയില്‍ അമ്മുവിന് തുണയായത് മനസ്സിലുണരുന്ന കഥയും കവിതയും മാത്രമായിരുന്നു. അത് ലോകമറിഞ്ഞതോടെ അവള് ഒരു പ്രസിദ്ധ എഴുത്തുകാരിയായി മാറി. തന്റെ നെഞ്ചിലെ അശാന്തികളെ തലോടിയമര്‍ത്താന്‍ അവള് പല പുരുഷന്മാരെയും മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു. പക്ഷെ, ആ ബന്ധങ്ങളൊന്നും ആഗ്രഹിച്ച ശാന്തി നല്‍കാതെ അവളെ ഭ്രാന്തിലേക്കാണ് നയിച്ചത്.
ലൈംഗികതയെ അടിച്ചമര്‍ത്തി പ്രതീകങ്ങള്‍ ഉപയോഗിച്ച് പറയുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു പമ്മന്റെ രചനാശൈലി. എന്തും തുറന്നവതരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ലൈംഗികതയുടെ അതിപ്രസരം പലപ്പോഴും അദ്ദേഹത്തിന്റെ കൃതികളെ വിമര്‍ശിക്കുന്നതിന് ഇടവരുത്തിയിട്ടുണ്ട്.
മുപ്പതോളം നോവലുകളും അഞ്ചു ചെറുകഥാസമാഹാരങ്ങളും നാല് നാടകങ്ങളും രചിച്ചിട്ടുള്ള പമ്മന്റെ ഭ്രാന്ത് എന്ന നോവലിന്റെ ഏഴാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
Comments are closed.