കെ.വി. ഷംസുദ്ദീന്‍ രചിച്ച ‘സമ്പാദ്യവും നിക്ഷേപവും’
വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങളിലൂടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുവാന്‍ സാധാരണക്കാരെ പ്രാപ്തരാക്കാക്കുന്നതിനുള്ള വഴികാട്ടിയാണ് കെ.വി ഷംസുദ്ദീന്‍ രചിച്ച സമ്പാദ്യവും നിക്ഷേപവും എന്ന പുതിയ കൃതി. പതിറ്റാണ്ടുകളായി ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ധനകാര്യസേവനം നടത്തുന്ന കെ.വി.ഷംസുദ്ദീന്‍ 2001-ല്‍ രൂപീകരിച്ച പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് വിജയകരമായിരുന്നു. അദ്ദേഹത്തിന്റെ നീണ്ട പ്രവാസജീവിതത്തില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത അനുഭവങ്ങളാണ് ഈ കൃതിയുടെ രചനയ്ക്ക് പിന്നില്‍. സാമ്പത്തിക അച്ചടക്കം കൈവരിക്കുന്നതു വഴി നിങ്ങളുടെയും ഒപ്പം കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാനുള്ള ഉചിതമായ നിര്‍ദ്ദേശങ്ങള്‍ ഈ കൃതിയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഡി.സി ലൈഫ് പ്രസിദ്ധീകരിച്ചിരിക്കുന്ന സമ്പാദ്യവും നിക്ഷേപവും ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
സമ്പാദ്യവും നിക്ഷേപവും എന്ന കൃതിയുടെ ആമുഖത്തില്‍ നിന്നും
1970 മുതലുള്ള പ്രവാസജീവിതത്തില്‍ നിന്നും ആര്‍ജ്ജിച്ച അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ ആധാരം. അന്നുമുതല്‍ എന്റെ ശ്രദ്ധയില്‍ വന്ന ഒരു പ്രധാന കാര്യം ആളുകളിലുള്ള സാമ്പത്തിക അച്ചടക്കത്തിന്റെയും ആസൂത്രണത്തിന്റെയും അഭാവമായിരുന്നു. ഇത് പ്രവാസികളിലും നാട്ടില്‍ ജീവിക്കുന്നവരിലും ഏറിയോ കുറഞ്ഞോ ഒരുപോലെ ദൃശ്യമായിരുന്നു. അദ്ധ്വാനിക്കാന്‍ ശേഷിയുള്ള കാലത്ത് വരുമാനത്തില്‍നിന്നും ഒരു പങ്ക് മാറ്റിവെച്ച് അത് നിക്ഷേപങ്ങളാക്കി മാറ്റാന്‍ സാധിക്കാത്തതുകൊണ്ട് തൊഴിലെടുക്കാന്‍ സാധിക്കാത്ത കാലത്ത് സാമ്പത്തിക പരാധീനതകള്‍ മൂലം കഷ്ടപ്പെടുന്ന ധാരാളം ആളുകളെ കാണാന്‍ സാധിച്ചു.
പ്രവാസികളെ, പ്രത്യേകിച്ചും ഗള്‍ഫ് പ്രവാസികളെ സംബന്ധിച്ചിടത്തോളം പരമാവധി അറുപത് വയസ്സു വരെയാണ് ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്ത് ജീവിക്കാന്‍ സാധിക്കുക. പിന്നീട് നാട്ടിലേക്കു മടങ്ങേണ്ടി വരും. ആ അറുപതു വയസ്സു വരെയുള്ള കാലത്ത് ഉണ്ടാക്കിയതില്‍ നിന്നും മിച്ചംവെച്ച് വല്ല നിക്ഷേപങ്ങളും നടത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ അതില്‍നിന്നുള്ള വരുമാനം കൊണ്ട് നാട്ടില്‍ തിരിച്ചെത്തിയിട്ടുള്ള ശിഷ്ടകാലം ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ഇതുപോലെ തന്നെയാണ് നാട്ടിലുള്ളവരുടെയും അവസ്ഥ. സര്‍ക്കാര്‍ പെന്‍ഷന്‍ വഴി വിശ്രമജീവിതം സുരക്ഷിതമാക്കാന്‍ സാധിക്കുന്ന ഒരു ചെറിയ വിഭാഗം ഉണ്ടാവും. എന്നാല്‍ ഭൂരിപക്ഷത്തിനും അത്തരം ഉറപ്പുകള്‍ ഒന്നുംതന്നെയില്ല. മാത്രമല്ല, ഉദാരീകരണത്തിന്റെ ഇക്കാലത്ത് തൊഴില്‍നിയമങ്ങളാകെ മാറിമറിയുന്നതുമൂലം പെന്‍ഷന്‍ എന്നത് അത്ര ഉറപ്പുള്ള സംഗതിയല്ലെന്നും വരുന്നു.
അതുകൊണ്ടു തന്നെ ജോലി ചെയ്യുന്ന സമയത്തു ലഭിക്കുന്ന വരുമാനത്തിന്റെ ഒരംശം മിച്ചംവയ്ക്കുകയും അതു നിക്ഷേപിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ധാരണയും ഇല്ലാത്തവരാണ് ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ 1970 മുതല്‍ ഇക്കാര്യത്തില്‍ ആളുകള്‍ക്ക് ഉപദേശ, നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ഇവിടെ എത്തിയപ്പോള്‍ വര്‍ഷങ്ങള്‍ ഇവിടെ ജോലി ചെയ്തിട്ടും തിരികെ നാട്ടില്‍പ്പോകാന്‍ വണ്ടിക്കൂലിയ്ക്ക് കാശില്ലാതിരിക്കുന്ന ധാരാളം പേരെ കണ്ടു. അന്നു മുതല്‍ത്തന്നെ സമ്പാദിക്കേണ്ടതിന്റെയും നിക്ഷേപിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഞാന്‍ ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്താന്‍ തുടങ്ങി. ഭൂരിപക്ഷം പേരും കുഴല്‍പ്പണ ഇടപാടുകാര്‍ വഴിയായിരുന്നു നാട്ടിലേക്ക് പണം അയച്ചിരുന്നത്. അതു നല്ല പ്രവണതയല്ലെന്നു ഞാന്‍ പരിചയക്കാരെ ബോധ്യപ്പെടുത്തി. ബാങ്കുവഴി അയയ്ക്കാന്‍ നിര്‍ബന്ധിച്ചു. അപ്പോള്‍ നാട്ടിലുള്ള വീട്ടുകാര്‍ പണം ചെലവഴിയ്ക്കുന്നതിന് ഒരു പരിധിയുണ്ടാകും എന്ന് ഞാന്‍ അവരെ പറഞ്ഞ് മനസ്സിലാക്കി. ബാങ്കുവഴി അയച്ചാല്‍ നികുതി അടയ്‌ക്കേണ്ടി വരുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയാണ് കുഴല്‍പ്പണ ഇടപാടുകാര്‍ വഴി പണം അയച്ചാലുണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും ഞാന്‍ അവരോടു സംസാരിച്ചു. ഇതിന്റെ പേരില്‍ കുഴല്‍പ്പണ ഇടപാടുകാരുടെ ഭീഷണിയൊക്കെ എനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ, അതൊക്കെ അതിജീവിക്കാനും എന്റെ ഉദ്യമത്തില്‍ വിജയിക്കാനും എനിക്കു സാധിച്ചു.
ഭാവി സുരക്ഷിതമാക്കാന്‍ ഉപകരിക്കുന്ന കാര്യങ്ങളാണ് ഈ പുസ്തകം വിവരിക്കുന്നത്. ചുരുങ്ങിയ വരുമാനക്കാരാണെങ്കിലും ഉയര്‍ന്ന വരുമാനക്കാരാണെങ്കിലും ഒരു വ്യക്തിക്കു സമ്പാദിക്കണമെങ്കില്‍ സ്വയം വിചാരിച്ചാല്‍ മാത്രമേ സാധിക്കൂ എന്നാണ് ഞാന്‍ മനസ്സിലാക്കിയ ഏറ്റവും വലിയ പാഠം. മനസ്സുകൊണ്ടു തീരുമാനമെടുത്താല്‍ ഏതൊരാള്‍ക്കും സമ്പാദിക്കാന്‍ സാധിക്കും എന്ന് ആളുകളെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതുകൊണ്ടു തന്നെ ഈ പുസ്തകം എല്ലാവരും വായിക്കുക വഴി ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തി ക്ഷേമ, ഐശ്വര്യങ്ങള്‍ നിറഞ്ഞ ഒരു ജീവിതം നയിക്കാന്‍ എല്ലാവര്‍ക്കു സാധിക്കട്ടെ എന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു…
കെ.വി. ഷംസുദ്ദീന്‍
Comments are closed.