പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ‘എരി’ അഞ്ചാം പതിപ്പില്‍
ആധുനിക സാമൂഹ്യാവബോധത്തിലേക്ക് കേരളീയരെ നയിച്ച വിവിധ നവോത്ഥാനശ്രമങ്ങളിലൊന്നിന്റെ ഭാവനാവിഷ്‌കാരമാണ് പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ എരി എന്ന നോവല്‍. നോവലിസ്റ്റിന്റെ ചരമാനന്തരപ്രസാധനമാണ് ഈ അപൂര്‍ണ്ണകൃതി. ആദ്യ നോവലും. ആശയങ്ങള്‍ കൊണ്ട് ദളിതനുഭവത്തിന്റെ അനന്യതയെ സ്ഥാപിക്കാനാണ് തന്റെ ജീവിതകാലമത്രയും പ്രദീപന്‍ ശ്രമിച്ചത്. ആ ശ്രമത്തിന്റെ നീട്ടലായിക്കരുതാം പറയന്‍ എരി നായകനാവുന്ന ഈ നോവല്‍.
ജാതിരഹിത പൊതുസമൂഹം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ വേണ്ടി അങ്ങേയറ്റം ജാതീയമായ അടിമത്തം അനുഭവിച്ച ഒരു ജനവിഭാഗത്തില്‍ നിന്നും ആത്മാഭിമാനത്തോടെ ഉയര്‍ന്നുവന്ന ഒരു കഥാപാത്രമാണ് എരി. വടക്കന്‍ കേരളത്തിലെ പഴയ കുറുമ്പ്രനാട് താലൂക്കിലെ പറയനാര്‍പുരം എന്ന സാങ്കല്പിക ദേശമാണ് എരിയുടെ നാട്. ഐതിഹാസികമായ എരിയുടെ ജീവിതം ഐതിഹ്യങ്ങളിലൂടെയും ഓര്‍മ്മകളിലൂടെയും പുസ്തകങ്ങളിലൂടെയും മറ്റു രേഖകളിലൂടെയും ഒരു കീഴാളഭാഷാ ഗവേഷകന്‍ പുന: സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്റെ ബഹുസ്വരാത്മകാഖ്യാനമാണ് ഈ നോവല്‍. 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായി കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന സാമൂഹ്യ പ്രതിരോധശ്രമങ്ങള്‍ ഇവിടെ എരിയുമായി കണ്ണിചേര്‍ക്കപ്പെടുന്നുണ്ട്.
‘മധുരം ഒരയഥാര്‍ത്ഥ മേലാള രുചിയാണെങ്കില്‍ എരിവ് ഒരു യഥാര്‍ത്ഥ കീഴാളരുചി. തീയെരിയുന്ന പോലെ വിളക്കെരിയുന്ന പോലെ രുചിയില്‍ എരിവെരിയുന്നു. ഈ എരിയോലയും എരിയുന്ന ജീവിതമെന്റെ ദൈവമേ/ എരിയാതെ നിര്‍ത്തേണമെന്നുമെന്നും/ എരിയെന്നില്‍ വാഴുന്ന നേരത്തോളം/ എരിയുന്നുണ്ടുള്ളത്തില്‍ എന്റെ ദൈവം’ എന്ന് പ്രദീപന്റെ ഗവേഷകന്‍ കണ്ടെടുത്ത എരിയോലയില്‍.’എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഈ കൃതിക്ക് എഴുതിയ അവതാരികയില്‍ പറയുന്നു.
‘ഞാന്‍ എഴുതാന്‍ തുടങ്ങി’ എന്ന വ്യഞ്ജകമായ വാക്യത്തോടെയാണ് നോവല്‍ അവസാനിക്കുന്നത്. ഒടുക്കങ്ങള്‍ തുടക്കങ്ങളാകുന്ന ഈ തുറന്ന ഘടന നോവല്‍ ഉന്നയിക്കുന്ന രാഷ്ട്രീയത്തിന്റെകൂടി ഉപോല്പന്നമാണ്. ‘എരി’ എരിവും തീയുമാണ്. ദളിത് ജീവിതത്തിന്റെ അപരിചിതങ്ങളിലേക്ക് അതിന്റെ തീയില്‍നിന്നും പ്രസരിക്കുന്ന ചൂടിലേക്കും വെളിച്ചത്തിലേക്കും സഞ്ചരിക്കുന്ന നോവല്‍. 2017 മാര്‍ച്ചിലാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നോവലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. എരിയുടെ അഞ്ചാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
Comments are closed.