DCBOOKS
Malayalam News Literature Website

‘ഒസ്സാത്തി’ മുസ്‌ലിം സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ പ്രമേയവത്കരിക്കുന്ന നോവല്‍

കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ഉച്ചനീചത്വങ്ങളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഒരു സാമൂഹ്യവിമര്‍ശനപരമായ നോവലാണ് ബീനയുടെ ഒസ്സാത്തി. മലയാള സാഹിത്യത്തില്‍ അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത, മുസ്‌ലിം സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ പ്രമേയവല്‍ക്കരിക്കുന്ന നോവല്‍. ഒരു അഭിജാത മുസ്‌ലിം തറവാട്ടിലെ യുവാവിന്റെ പത്‌നിയായി തീരേണ്ടി വരുന്ന ഒസ്സാന്‍ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയുടെ ദുരിത പര്‍വ്വങ്ങളാണ് ഈ കൃതി പങ്കിടുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗപരവും ജാതീയവും സാമ്പത്തികവുമായ ഭേദഭാവങ്ങള്‍ക്കൊപ്പം ഒരു മധ്യവര്‍ഗ്ഗ മലയാളിയുടെ പ്രവാസജീവിതത്തിന്റെയും പ്രവാസികളുടെയും തീക്ഷ്ണമായ ചിലജീവിതാനുഭവങ്ങളെയും വരച്ചിടുന്നു ഒസ്സാത്തി.

ആധുനികമെന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും സമ്പ്രദായികതയുടെ മുഖപടത്തിനുള്ളില്‍ ഒളിക്കാന്‍ കൊതിക്കുന്ന മലയാളിക്കു മുന്നില്‍ സാമൂഹികവും ധിഷണാപരവുമായ ചോദ്യങ്ങള്‍ ഉയര്‍ത്തി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്തകമാണ് ഒസ്സാത്തി. കാലഹരണപ്പെട്ട മതനിയമങ്ങള്‍ക്കുള്ളില്‍ അനാഥവും നിസ്സഹായവും ആവുന്ന സ്ത്രീ ജീവിതത്തിന്റെ യഥാര്‍ത്ഥചിത്രം ഒസ്സാത്തി വരച്ചു കാട്ടുന്നു.

ജീവിതത്തിന്റെ സാമൂഹികമായ പ്രസ്താവനയാണ് ഓരോ രചനയും. നടക്കുന്ന കാലവും , കാണുന്ന കാഴ്ചയും, ജീവിതത്തില്‍ സാമൂഹികബോധത്തെ നിവ്വചിക്കുന്നുണ്ട്. ഒസ്സാത്തി അത്തരമൊരു നിര്‍വ്വചനമാണ്. കാണാത്തതൊന്നും കേള്‍ക്കാത്തതൊന്നും ഒസ്സാത്തിയില്‍ ഇല്ല. കാണാതെയും കേള്‍ക്കാതെയും പോയവയുണ്ടാവാം. സങ്കടങ്ങള്‍ നമ്മള്‍ പങ്കുവയ്ക്കുന്നു, വേദനകളും…. എന്തുകൊണ്ടിങ്ങനെ എന്ന് ചോദിക്കാന്‍ നമ്മള്‍ മനഃപൂര്‍വ്വം മറക്കുന്നു. കുന്ദേര പറഞ്ഞതുപോലെ മറവിക്കെതിരെ ഓര്‍മ്മകള്‍ കൊണ്ട് നമ്മള്‍ സമരം ചെയ്യേണ്ടിയിരിക്കുന്നു.

വികെ ശ്രീരാമനാണ് ഒസ്സാത്തിക്ക് അവതാരിക എഴുതിയിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒസ്സാത്തിയുടെ മൂന്നാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.