തെലങ്കാനയിലെ ദുരഭിമാനകൊല: പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴ് പേര്‍ അറസ്റ്റില്‍
ഹൈദരാബാദ്: തെലങ്കാനയില്‍ ഇരുപത്തിനാലുകാരനായ എഞ്ചിനീയറെ ഗര്‍ഭിണിയായ ഭാര്യയ്ക്കു മുന്നില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ പിതാവ് മാരുതി റാവുവും സഹോദരന്‍ ശ്രാവണും ഉള്‍പ്പെടെയുള്ള ഏഴ് പ്രതികളാണ് പൊലീസ് പിടിയിലായത്. ഇതില്‍ കൊല്ലാനുള്ള കരാര്‍ പെണ്‍കുട്ടിയുടെ അച്ഛനില്‍ നിന്നും ഒരു കോടി രൂപയ്ക്ക് ഏറ്റെടുത്ത മുഹമ്മദ് അബ്ദുള്‍ ബാരിയും ഉള്‍പ്പെടും. ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരണ്‍ പാണ്ഡ്യേ വധക്കേസിലെ പ്രതിയായിരുന്ന ഇയാളെ കോടതി നേരത്തെ വിട്ടയിച്ചിരുന്നു.
ബാരി ഏറ്റെടുത്ത ക്വട്ടേഷന്‍ പിന്നീട് പത്ത് ലക്ഷം രൂപയ്ക്ക് കൊടുംകുറ്റവാളിയായ സുഭാഷ് ശര്‍മ്മയ്ക്ക് മറിച്ചുകൊടുക്കുകയായിരുന്നു. ഇയാളെ ബിഹാറില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ദുരഭിമാനകൊലകളിലും സുഭാഷിന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
ദലിത് ക്രിസ്ത്യനായ പ്രണയ് കുമാറിനെ വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തില്‍ തന്റെ അച്ഛനും അദ്ദേഹത്തിന്റെ സഹോദരനും ചേര്‍ന്നാണ് ദുരഭിമാന കൊല ആസൂത്രണം ചെയ്തതെന്ന് ഭാര്യ അമൃതവര്‍ഷിണി ആരോപിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനുഷ്യമനഃസാക്ഷിയെ നടുക്കിയ കൊലപാതകം ഉണ്ടായത്. ആശുപത്രിയില്‍ നിന്ന് അമൃതവര്‍ഷിണിയുമൊത്ത് മടങ്ങുന്നതിനിടെ പ്രണയകുമാറിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സി.സി.ടി.വിയില്‍ നിന്ന് ലഭിച്ചിരുന്നു.
Comments are closed.