DCBOOKS
Malayalam News Literature Website

ഗായിക സ്വര്‍ണ്ണലതയുടെ ചരമവാര്‍ഷികദിനം

തെന്നിന്ത്യയിലെ പ്രശസ്ത പിന്നണിഗായികയായിരുന്നു സ്വര്‍ണ്ണലത. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ അനേകം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള സ്വര്‍ണ്ണലത പാലക്കാട് സ്വദേശിനിയാണ്. പ്രശസ്ത ഹാര്‍മോണിസ്റ്റായ കെസി ചെറൂക്കുട്ടിയുടെ മകളായ സ്വര്‍ണ്ണലത 1989 മുതല്‍ പിന്നണിഗാനരംഗത്ത് സജീവമായിരുന്നു. ഇളയരാജയുടെയും എ.ആര്‍ റഹ്മാന്റെയും ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ സ്വര്‍ണ്ണലത ആലപിച്ചിട്ടുണ്ട്.

ഏകദേശം ഏഴായിരത്തോളം ഗാനങ്ങള്‍ വിവിധ ഭാഷകളിലായി സ്വര്‍ണ്ണലത ആലപിച്ചിട്ടുണ്ട്. അലൈപായുതേ, ബോംബെ, ജന്റില്‍മാന്‍, ഇന്ത്യന്‍, കാതലന്‍, രംഗീല, ദളപതി എന്നീ ചിത്രങ്ങളില്‍ സ്വര്‍ണ്ണലത പാടിയ പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. മലയാളത്തില്‍ വര്‍ണ്ണപ്പകിട്ട്. രാവണപ്രഭു, ഡ്രീംസ്, പഞ്ചാബിഹൗസ്, ഇന്‍ഡിപെന്‍ഡന്‍സ്, തെങ്കാശിപ്പട്ടണം, നിര്‍ണ്ണയം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ പിന്നണി പാടിയിട്ടുണ്ട്.

 

1994-ല്‍ കറുത്തമ്മ എന്ന തമിഴ് ചിത്രത്തിലെ പോരാലേ പൊന്നുത്തായേ എന്ന ഗാനത്തിലൂടെ സ്വര്‍ണ്ണലതയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2010 സെപ്റ്റംബര്‍ 12ന് ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ചായിരുന്നു സ്വര്‍ണ്ണലതയുടെ അന്ത്യം.

Comments are closed.