എം. നന്ദകുമാറിന്റെ പുതിയ നോവല്‍ ‘കാളിദാസന്റെ മരണം’
എഴുത്തുകാരന്‍ എം.നന്ദകുമാറിന്റെ ഏറ്റവും പുതിയ നോവലാണ് കാളിദാസന്റെ മരണം. ലോകമെമ്പാടുമുള്ള സഹൃദയര്‍ അസാധാരണ പ്രതിഭയായി വാഴ്ത്തുന്ന കാളിദാസകവിയുടെ ജീവിതത്തിലൂടെയുള്ള ഒരു സങ്കല്പയാത്രയാണ് ഈ നോവല്‍. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന കാളിദാസന്റെ മരണം ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ഡോ. സി രാജേന്ദ്രന്‍ കാളിദാസന്റെ മരണത്തിന് എഴുതിയ അവതാരികയില്‍ നിന്ന്
“എവിടെനിന്നോ എങ്ങനെയോ വന്നു തന്റെ ക്ഷണികമെങ്കിലും പ്രഭാഭാസുരമായ ജീവിതത്തിലൂടെ ചുറ്റും അഭൗമമായ സൗന്ദര്യപ്രകാശംപരത്തി പൊലിഞ്ഞുപോയ കാളിദാസന്‍ നന്ദകുമാറിന്റെ നോവലിലൂടെ മുഖം കാണിക്കുമ്പോള്‍ അതൊരു തീവ്രമായ വായനാനുഭവമായി മാറുന്നു. സഹസ്രാബ്ദങ്ങളുടെ അകലം ഇവിടെ ആഖ്യാനത്തിന്റെ രസതന്ത്രം നിമിത്തം അലിഞ്ഞില്ലാതെയായിത്തീരുന്നുണ്ട്. അനായാസമായാണ് അനുവാചകര്‍ പ്രാചീനഭാരതത്തിലെ കൊട്ടാര ജീവിതത്തിന്റെ നേര്‍സാക്ഷികളായി മാറുന്നത്. അവിടെ അരങ്ങേറുന്നതു രാഷ്ട്രീയോപജാപങ്ങളുടെയും പാനോത്സവങ്ങളുടെയും രതിക്രീഡകളുടെയും നിഴല്‍നാടകങ്ങളും അവയില്‍ കെട്ടുപിണഞ്ഞുപോകുന്ന മഹാനായ ഒരു കലാകാരന്റെ വ്യഥാപൂര്‍ണ്ണമായ ജീവിതവുമാണ്. കാളിദാസന്റെ ജീവിതത്തിലെ സര്‍ഗലഹരിയുടെയും അശാന്തിയുടെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും ഉന്മാദത്തിന്റെയുമെല്ലാം പര്‍വങ്ങള്‍ ഈ ആഖ്യാനത്തിലൂടെ പുനര്‍ജനിക്കുന്നതായി അനുഭവപ്പെടുന്നു. ഉജ്ജയിനി വാണ വിക്രമാദിത്യന്റെ പ്രിയകവിയും വിശ്വസ്തനായ ഗൂഢപുരുഷനുമായിത്തീരുന്ന കവിക്കു മനമില്ലാമനസ്സോടെ അധികാരത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിക്കേണ്ടി വരുന്നു. ഒരിക്കല്‍ തന്നെ തിരസ്‌കരിച്ച രാജകുമാരിയെ തന്റെ പുരസ്‌കര്‍ത്താവായ ചക്രവര്‍ത്തിയുടെ പട്ടമഹിഷിയായികാണേണ്ടിയും വരുന്നു വിചിത്രമായ വിധിനിയോഗങ്ങളില്‍. തന്റെ ജീവിതദുഃഖങ്ങള്‍ക്കും രാഷ്ട്രതന്ത്രസമസ്യകള്‍ക്കും ചക്രവര്‍ത്തി ഒറ്റമൂലിയായി കണ്ടതു കാളിദാസനെയാണ്. ആ കലാകാരന്റെ തിരോധാനത്തെയും അന്ത്യത്തെയും ഒരു പ്രഹേളികയായി അവശേഷിപ്പിച്ചുകൊണ്ട് ആഖ്യാതാവു പിന്‍വാങ്ങുമ്പോള്‍ ഈ അസാധാരണകഥയ്ക്കു തിരശ്ശീല വീഴുന്നു.
അനുപദമെന്നോണം കാളിദാസസാഹിത്യത്തിലെ ധ്വനികള്‍കൊണ്ടു മുഴക്കം സൃഷ്ടിക്കുന്നതാണ് ഈ നോവലിലെ ആഖ്യാനവും സംഭാഷണങ്ങളുമെല്ലാം. മാത്രമല്ല ജീവിതത്തെയും മരണത്തെയും പ്രണയത്തെയും അധികാരത്തെയുമെല്ലാം കുറിച്ചു കാളിദാസകൃതികളിലുള്ള ദാര്‍ശനിക ചിന്തകളെ അനുസന്ധാനം ചെയ്തുകൊണ്ടുതന്നെയാണ് കഥാകാരന്‍ തന്റെ കഥാശില്പം മെനഞ്ഞെടുത്തിട്ടുള്ളത്.
കാളിദാസന്‍ രാജഭരണത്തെ ആദര്‍ശവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ കൃതികളില്‍ത്തന്നെ അദ്ദേഹം കൊട്ടാരങ്ങളുടെ അസ്വാസ്ഥ്യം നിറഞ്ഞ അന്തരീക്ഷത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിട്ടുമുണ്ട്. തീപിടിച്ച വീട്ടിലെത്തിയ പ്രതീതിയാണല്ലോ രാജകൊട്ടാരത്തിലെത്തിയ ശാകുന്തളത്തിലെ മുനികുമാരന്മാരുടേത്. നോവല്‍ നമ്മെ കൊണ്ടുപോകുന്നതും മാത്സര്യവും ശത്രുതയും ചതിയും ഭോഗാസക്തിയും അശാന്തിയും നിറഞ്ഞ പ്രാചീനഭാരതത്തിലെ രാജകൊട്ടാരങ്ങളുടെ അന്തരീക്ഷത്തിലേക്കാണ്…”
Comments are closed.