ആഴത്തിന്റെ അഴക്
നിലത്തെഴുത്ത് എന്ന കൃതിയെക്കുറിച്ച് രാകേഷ് നാഥ് എഴുതുന്നു
‘So the darkness shall be the light,
and the stillness the dancing.”
– T.S. Eliot
അസ്വസ്ഥയുടെ സ്ഥിതിഭാവം പേറുന്ന രചനകളും സാന്ദ്രനിഷേധാത്മകത്വം വെളിപ്പെടുത്തുന്ന സുതാര്യതാള രചനാരീതിയുമാണ് കണിമോള്‍ കവിതകളുടെ മുഖമുദ്ര. കാവ്യശീലം ഒരു നിയോഗമെന്ന കണക്കേ ഉടച്ചുവാര്‍ക്കുന്ന കല്പനാ സൗന്ദര്യശാസ്ത്രങ്ങളായി കവിതകള്‍ കവയിത്രിയെ വ്യാകുലപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. പെണ്ണവസ്ഥയുടെ സ്ഥാനമാനങ്ങളെക്കാള്‍ ഭൗമികവും മനുഷ്യാവകാശചൈതന്യവും പ്രകാശിപ്പിക്കുന്ന കര്‍തൃത്വസുഭഗമുദ്രകളായി കണിമോള്‍ക്കവിതകള്‍ മാറുന്നു; മാറിക്കൊണ്ടേയിരിക്കുന്നു.
അര്‍ത്ഥകല്പനകളുടെ സ്മൃതിവേരുകള്‍ തേടുന്ന, പ്രതിനിധാനം തേടുന്ന കവിതകളുടെ സമാഹാരമാണ് കണിമോള്‍ രചിച്ച ‘നിലത്തെഴുത്ത്‘ എന്ന പുതിയ കാവ്യഗ്രന്ഥം. മനുഷ്യജീവിതത്തില്‍നിന്നും ഉയിര്‍ക്കൊണ്ട അഗാധമായ ജൈവിക ചലനത്തെ കവിയിത്രി ഇവിടെ കാത്തുസൂക്ഷിക്കുന്നു. സൂക്ഷ്മത ഇവിടെ ജീവിതത്തെത്തന്നെ നന്നായി പരിചരിക്കുക എന്ന തത്ത്വംതന്നെയാണ്. ശ്രീബുദ്ധന്റെ മൗനത്തെക്കാള്‍ ബുദ്ധന്റെ ശ്രുതി ആന്തരികമായി പരിണമിക്കുന്ന വിവക്ഷകള്‍ കാവ്യരചനയുടെ മൗലികതയില്‍ ഉണരുന്നു. ഇത് പാരമ്പര്യാധിഷ്ഠിതമായ ഭൂമിയുടെ ശൈലീകരണംകൂടിയാണ്. സങ്കല്പങ്ങളെക്കാള്‍ സ്മൃതികള്‍ക്ക് ആഴവും പരപ്പുമുണ്ടെന്ന് ‘നിലത്തെഴുത്ത്‘ തെളിയിക്കുന്നു. അനുസ്യൂതമായ ജീവിതകല്പനകളെ പുനസൃഷ്ടിക്കുവാന്‍ ഈ കവിതകള്‍ വായനക്കാരെ ഉപദേശിക്കുന്നു.
അ, ആനയും അന്ധനും മായയും, എവിടെ നിന്നോ വന്ന തെരുവു നായ്ക്കുട്ടി, അകലെ, ഇടക്കുതൊഴുത്ത്, നമുക്കും കിട്ടണം കണ്ണുകള്‍, ജീവിച്ചിരിക്കുന്നവരും മരിച്ചവരും, ഉഭയജീവിതം, പ്രണയശേഷം, കാണാതായ കവിത, ശിഥിലം, നിങ്ങളാഗ്രഹിക്കുന്ന നിശ്ശബ്ദത തുടങ്ങിയ നാല്‍പത്തിരണ്ട് കവിതകളാണ് ഈ കവിതാസമാഹാരത്തിലുള്ളത്. കെ.പി. ശങ്കരന്‍ എഴുതിയ ‘കണിമോള്‍ കവിത; വിവിധ വിതാനങ്ങള്‍’ എന്ന പ്രൗഢഗംഭീരമായ അവതാരികയും ഈ ഗ്രന്ഥത്തെ മനോഹരമാക്കുന്നു.
(കടപ്പാട്: ഗ്രന്ഥാലോകം)
Comments are closed.