DCBOOKS
Malayalam News Literature Website

സാറാ തോമസിന്റെ നോവല്‍ ‘ഉണ്ണിമായയുടെ കഥ’

നാര്‍മടിപ്പുടവ, ദൈവമക്കള്‍, വലക്കാര്‍ തുടങ്ങിയ ജനപ്രിയനോവലുകളിലൂടെ വായനക്കാരുടെ മനസ്സില്‍ ഇടം നേടിയ എഴുത്തുകാരി സാറാ തോമസിന്റെ ഉണ്ണിമായയുടെ കഥ എന്ന നോവലിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. യാഥാസ്ഥിതികതയുടെ ഇരുള്‍മൂടിയ ഒരു ഇല്ലത്തിന്റെ അകത്തളത്തില്‍ ഹോമിക്കേണ്ടി വന്ന ഉണ്ണിമായ എന്ന പെണ്‍കുട്ടിയുടെ സ്‌തോഭജനകമായ ജീവിതാനുഭവങ്ങളും അന്തസംഘര്‍ഷങ്ങളുമാണ് ഈ നോവലില്‍ പറയുന്നത്.

ചെറുപ്പത്തില്‍ തന്നെ വിധവയായവളാണ് ഉണ്ണിമായ. അവള്‍ നേരിടുന്ന വിവിധ പ്രതിസന്ധിഘട്ടങ്ങളെയും അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടവും നോവലില്‍ തെളിയുന്നു. ശ്വാസം മുട്ടിക്കുന്ന നിസ്സഹായതയില്‍ ആത്മഹത്യയുടെ വക്കോളം എത്തിച്ചേരുന്ന അവളുടെ മനോവ്യാപാരങ്ങള്‍ തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ് ഈ നോവലില്‍ വിവരിക്കുന്നത്.

ജീവിതത്തിന്റെ നേരുകള്‍ നിറഞ്ഞുനില്‍ക്കുന്ന. അനുഭവങ്ങളുടെ മണം ഉള്‍ക്കൊള്ളുന്ന കഥകളാണ് സാറാ തോമസിന്റേത്. തമിഴ് ബ്രാഹ്മണരുടെ അവസ്ഥ ചിത്രീകരിച്ച ‘നാര്‍മടിപ്പുടവ‘യാണ് സാറാ തോമസിന് ഏറെ ജനപ്രീതി നേടിക്കൊടുത്ത കൃതി. ദലിതരുടെ കഥ ‘ദൈവമക്കളി‘ലൂടെ പറഞ്ഞ അവര്‍ മുക്കുവരുടെ ജീവിതം ‘വലക്കാരി’ലൂടെ ആവിഷ്‌ക്കരിച്ചു. സുഖദുഃഖസമ്മിശ്രമായ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് ഉണ്ണിമായയുടെ കഥ എന്ന ഈ നോവല്‍. വിഭിന്ന ജനവിഭാഗങ്ങളുടെ ജീവിതവും സംഘര്‍ഷങ്ങളും സമസ്യകളും അവയുടെ ആഴവും പരപ്പും ഉള്‍ക്കൊണ്ട് ചേതോഹരമായി അവതരിപ്പിക്കുന്ന നോവലാണ് ഇത്. ഡിസി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന ഈ നോവലിന്റെ പരിഷ്‌ക്കരിച്ച പുതിയ പതിപ്പാണ് ഇപ്പോള്‍ വില്പനക്കുള്ളത്.

Comments are closed.