DCBOOKS
Malayalam News Literature Website

ഡാനിയല്‍ ഡിഫൊയുടെ വിഖ്യാതകൃതി റോബിന്‍സണ്‍ ക്രൂസോ

ലോകത്തിലെ ഏറ്റവും മഹത്തായ കൃതികളില്‍ ഒന്നായി വിശേഷിക്കപ്പെടുന്ന ഒരു സഞ്ചാര നോവലാണ് ഡാനിയല്‍ ഡിഫൊയുടെ റോബിന്‍സണ്‍ ക്രൂസോ. ഒരു സാങ്കല്പിക കഥയാണ് റോബിന്‍സണ്‍ ക്രൂസോ. എങ്കിലും ഇതെഴുതാന്‍ ശരിക്കുള്ള ഒരു സംഭവം ഡിഫോയ്ക്ക് പ്രചോദനമായിട്ടുണ്ട്. റോബിന്‍സണ്‍ ക്രൂസോ എഴുതുന്ന ഒരു ഡയറിയായിട്ടാണ് ഈ കഥ പറയുന്നത്. ഇതൊരു ബാലസാഹിത്യ കൃതിയല്ലെങ്കിലും മുതിര്‍ന്നവരേക്കാള്‍ ഏറെ താത്പര്യത്തോടെ വായിക്കുന്നതും ആസ്വദിക്കുന്നതും കുട്ടികളാണ്.

യുവത്വത്തിന്റെ ചോരത്തിളപ്പില്‍ ലോകം ചുറ്റിക്കറങ്ങാനിറങ്ങിയ റോബിന്‍സണ്‍ ക്രൂസോയ്ക്ക് തന്റെ കപ്പല്‍യാത്രയില്‍ നേരിടേണ്ടി വന്നത് കൊടുങ്കാറ്റും ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളുമാണ്. കരീബിയന്‍ കടലിലെ കപ്പലപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ക്രൂസോ എത്തിയതാവട്ടെ, മനുഷ്യവാസമില്ലാത്ത ഒരു ദ്വീപില്‍ സാഹസികനായ ക്രൂസോ അവിടെ ഒറ്റയ്ക്ക് ജീവിതമാരംഭിച്ചു. തന്നത്താന്‍ പാര്‍പ്പിടമുണ്ടാക്കി. പക്ഷിമൃഗാദികളെ ഇണക്കി വളര്‍ത്തി. കൃഷി ചെയ്തും വേട്ടയാടിയും ആഹാരം സമ്പാദിച്ച് തനിക്കുതാന്‍ മാത്രമായി ഒരു ജീവിതം. പിന്നീട് അവിടെ നേരിടേണ്ടി വന്ന നരഭോജികളില്‍ നിന്ന് രക്ഷപ്പെടുത്തിയ ഒരു മനുഷ്യനെ ഫ്രൈഡേ എന്ന് പേരിട്ട് സുഹൃത്തും പരിചാരകനുമൊക്കെയായി കൂടെക്കൂട്ടി. വര്‍ഷങ്ങള്‍ നീണ്ട സാഹസിക ജീവിതത്തിനൊടുവില്‍ ക്രൂസോയ്ക്കും കൂട്ടുകാരനും നാട്ടിലേയ്ക്ക് മടങ്ങാനാവുന്നു.

ഇത്രയും വ്യാപകമായി വായിക്കപ്പെടുകയും സാര്‍വ്വത്രികമായി ആദരിക്കപ്പെടുകയും ചെയ്ത മറ്റൊരു കൃതി ഇംഗ്ലീഷ് സാഹിത്യത്തില്‍ വേറെയില്ല എന്നായിരുന്നു വിഖ്യാത ഇംഗ്ലീഷ് സാഹിത്യകാരന്‍ സര്‍ വാള്‍ട്ടര്‍ സ്‌കോട്ട് റോബിന്‍സണ്‍ ക്രൂസോയെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന റോബിന്‍സണ്‍ ക്രൂസോ പ്രശസ്ത മലയാള സാഹിത്യകാരനായ കെ. തായാട്ടാണ് പുനരാഖ്യാനം ചെയ്തിരിക്കുന്നത്.

Comments are closed.