DCBOOKS
Malayalam News Literature Website

‘ചന്ദനമരങ്ങള്‍’ സ്‌ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വാഖ്യാനം

നിന്റെ ഉള്ളുചികഞ്ഞ്
നിന്റെ രഹസ്യങ്ങളെ അന്വേഷിച്ച്
കണ്ടെത്തുന്നതുകൊണ്ടാണോ
നിന്റെ കണ്ണില്‍ ഞാനൊരു ദുഷ്ടജീവിയായത്?
നീ-
ആരാണെന്ന് എനിക്കറിയാം.
എനിക്കറിയാമെന്ന്
നിനക്കറിയാം
എനിക്കറിയാമെന്ന് നിനക്കറിയാമെന്ന്
എനിക്കറിയാം.’

ഇതൊരു സ്ത്രീപുരുഷസ്‌നേഹത്തിന്റെ കഥയല്ല… മറിച്ച് സ്ത്രീയെ സ്‌നേഹിക്കുന്ന സ്ത്രീയുടെ ഒരപൂര്‍വ രാഗകഥ, മലയാളി ഇന്നുവരെയനുഭവിക്കാത്ത സ്‌ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍.

“കൂട്ടുകാരിയെ ആലിംഗനം ചെയ്ത് അവളുടെ ചുംബനത്തില്‍ നിര്‍വൃതി നേടുന്ന ഒരു പെണ്‍കിടാവു മാത്രമായി ഞാന്‍ രൂപാന്തരപ്പെട്ടു. മണിക്കൂറുകളോളം കുളത്തില്‍ നീന്തിക്കുളിച്ചതിനാല്‍ കുളച്ചണ്ടിയുടെയും പായലിന്റെയും വെള്ളിലയുടെയും ചിറ്റമൃതിന്റെയും ആമ്പലിന്റെയും മണവും സ്വാദുമുള്ള കാമുകിയുടെ കാമുകിയുടെ ശരീരസ്പര്‍ശത്തില്‍ സ്വര്‍ഗാനുഭൂതികള്‍ കണ്ടെത്തിയവള്‍.

‘ഓ… എന്റെ ഓമനേ…. ഞാനിനിയെങ്ങനെ ജീവിക്കും…?’ കാറില്‍ മെല്ലെ നിറയുന്ന ഇരുട്ടിനോട് ഞാന്‍ മന്ത്രിച്ചു.”

മാധവിക്കുട്ടിയുടെ ചന്ദനമരങ്ങള്‍ എന്ന നോവല്‍ സ്വവര്‍ഗ ലൈംഗികതയെയാണ് വിഷയമാക്കുന്നത്. കൗമാരത്തിലെ കളിക്കൂട്ടുകാരായിരുന്നു ഷീലയും കല്യാണിക്കുട്ടിയും. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ ആവിഷ്‌ക്കാരമാണ് ഈ നോവല്‍. ഈ വിഭാഗത്തില്‍ പിന്നീട് നിരവധി കഥകള്‍ മലയാളത്തില്‍ ഉണ്ടായെങ്കിലും ഇന്നും ഏറെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന കഥകളിലൊന്നാണിത്.

യാഥാര്‍ത്ഥ്യവും ഭാവനയും ഇടകലര്‍ന്ന കഥാലോകത്തില്‍ നിര്‍വ്വചനങ്ങളില്ലാത്ത സ്ത്രീയുടെ സ്വത്വം തുറന്നുകാട്ടിയ കഥാകാരിയാണ് മാധവിക്കുട്ടി. സ്‌നേഹത്തിന്റെ വ്യത്യസ്ത മുഖങ്ങളും സ്ത്രീപുരുഷ ബന്ധത്തിന്റെ പുനര്‍നിര്‍വ്വചനവുമാണ് മാധവിക്കുട്ടിയുടെ കഥകള്‍.

 

 

 

Comments are closed.