അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത സ്ത്രീജീവിതത്തിന്റെ കഥ
‘അഗ്നിസാക്ഷി’ എന്ന ഈ നോവല്‍ വായനക്കാരുടെ മുമ്പില്‍ സമര്‍പ്പിക്കുമ്പോള്‍ അനുബന്ധമായി ലളിതാംബിക അന്തർജ്ജനം എഴുതിയ ലേഖനം;
ഈ കഥ തികച്ചും സാങ്കല്പികമല്ല എന്നു പറഞ്ഞുവല്ലോ. പക്ഷേ, ഇത് ഒരിക്കലും ആരുടെയെങ്കിലും ഫോട്ടോയോ ജീവചരിത്രക്കുറിപ്പോ അല്ലതാനും. തീര്‍ത്ഥഘട്ടത്തില്‍വെച്ചു കണ്ട സന്ന്യാസിനിയമ്മയുടെയോ മറ്റാരുടെയെങ്കിലുമോ ചരിത്രം കുറിക്കുവാനല്ല ഞാനിത് എഴുതിയത്. ഒരുപക്ഷേ, അവര്‍ എന്നിലുണര്‍ത്തിയ വികാരങ്ങള്‍ കാലഘട്ടത്തിന്റെ സ്വാധീനശക്തിയോടെ എന്നില്‍ ഉള്‍ക്കൊണ്ട്, സ്വയം മാറ്റൊരു രൂപം പൂണ്ടതാവാനുംമതി. ജീവിതത്തിന്റെ യഥാതഥമായ ആവിഷ്‌കാരം കലയാവുകയില്ലല്ലോ. അതു ഹൃദയത്തില്‍ ലയിച്ചുചേര്‍ന്നു മറ്റൊരു ജന്മമെടുക്കുന്നതാണ് കല. കഥാബീജത്തോടൊപ്പംതന്നെ അതു സ്വീകരിച്ചു ജീവന്‍ കൊടുത്തു വളര്‍ത്തിയെടുക്കുന്ന ഭാവനയുടെ രൂപവും സൃഷ്ടിയില്‍ പ്രതിഫലിക്കുന്നു.
പരിചയവും അനുഭവവുമുള്ള ചില കഥകള്‍ വെച്ചുകൊണ്ട് ഒരു നീണ്ട കാലഘട്ടത്തിലെ–ഏതാണ്ട് കഴിഞ്ഞ നാല്പതു കൊല്ലക്കാലത്തെ സാമൂഹ്യവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ–ഓര്‍മ്മക്കുറിപ്പുകൂടിയാക്കണം ഈ നോവല്‍ എന്നു ഞാന്‍ വിചാരിച്ചിരുന്നു. ഒരു പ്രത്യേക സമുദായത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയതാണെങ്കിലും അന്നത്തെ സാമൂഹ്യജീവിതത്തില്‍ പൊതുവേയുണ്ടായിരുന്ന പല പ്രശ്‌നങ്ങളെപ്പറ്റിയും ഇതില്‍ സൂചന കാണാം. തേതിയേടത്തി, ദേവകീമാനമ്പള്ളി, ദേവീബഹന്‍ എന്നീ മൂന്നു പേരുകളില്‍ പരിചയപ്പെടുന്ന സുമിത്രാനന്ദ കഴിഞ്ഞ തലമുറയിലെ സ്ത്രീ ജീവിതത്തിന്റെ മൂന്നു മുഖങ്ങളാണു വെളിവാക്കുന്നത്.
മറ്റൊരു മാര്‍ഗ്ഗത്തിലൂടെ നടന്ന് ആധുനികവനിതയുടെ മാതൃകയായി ഭവിച്ച തങ്കംനായര്‍ ഈ ചിത്രത്തിന്റെ വക്താവും സാക്ഷിയുമാണ്. മറ്റൊരുതരത്തില്‍ നോക്കിയാല്‍, എഴുത്തുകാരിയുടെ മനസാക്ഷി സൗകര്യത്തിനുവേണ്ടി ഇങ്ങനെ രൂപം മാറിയതാവാനും മതി. നമ്പൂതിരിമാരുടെ വിജാതീയഭാര്യമാരും സന്താനങ്ങളും മാനുഷികവികാരങ്ങളെച്ചൊല്ലി വളരെ ഖേദിച്ചിട്ടുള്ളത് എന്റെ ഉള്ളില്‍ത്തട്ടിയിരുന്നു. അവര്‍ക്കു പിതാവിന്റെയോ പിതൃബന്ധുക്കളുടെയോ അടുത്തു ചെന്നിരുന്ന് ഉണ്ണാനോ തൊടാനോ ശുശ്രൂഷിക്കാനോ കഴിഞ്ഞിരുന്നില്ലല്ലോ. അവരെ ഒരിക്കലും കുലസന്തതികളായി ഗണിച്ചിരുന്നില്ല.
ഉണ്ണിയേട്ടന്‍ എന്റെ സങ്കല്പത്തിന്റെ സ്വന്തം സൃഷ്ടിയാണ്. അങ്ങനെയൊരാളെ ഞാന്‍ കണ്ടിട്ടില്ല. തനി യാഥാസ്ഥിതികനും പിന്‍തിരിപ്പനുമാണെങ്കിലും അയാള്‍ പ്രതിനിധീഭവിക്കുന്ന ആദര്‍ശത്തിന്റെ സത്യസന്ധതയെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ, ഗാര്‍ഹസ്ഥ്യത്തിന് ‘ഔപാസനാഗ്നി’ പോലെതന്നെ ‘പ്രാജാപത്യ’വും ആവശ്യമാണെന്ന തത്ത്വം മറന്നതിനുള്ള ശിക്ഷ സ്വയം ഏല്ക്കണം.
അപ്ഫന്‍നമ്പൂതിരി, ഏട്ടന്റമ്മ, ജലപിശാചുമുത്തശ്ശി, ഭ്രാന്തിച്ചെറിയമ്മ–എല്ലാം നിത്യജീവിതത്തില്‍ എന്നോടുകൂടി ഉണ്ടായിരുന്നവരാണ്. ഭ്രാന്തിച്ചെറിയമ്മമാരെ മുത്തപ്ഫന്മാര്‍ കിണ്ടി വലിച്ചെറിഞ്ഞു മുറിവേല്പിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ഒരു കൈയില്‍ കുടയും മറുകൈയില്‍ പുതമുണ്ടിന്റെ തുമ്പുമായി ഭര്‍ത്താവിന്റെ ഭാര്യവീട്ടില്‍ ചെന്നു രാത്രിയില്‍ അവര്‍ ബഹളം കൂട്ടുന്നതു കണ്ടിട്ടുണ്ട്. കാമഭ്രാന്തി എന്നു വിളിച്ചു കൂളിപ്പിള്ളേര്‍ കല്ലെറിയുന്നതും കണ്ടിട്ടുണ്ട്.
അയിത്തശങ്കകൊണ്ട് ഒത്തിച്ചാടി നടക്കുകയും ആയിരത്തെട്ടു മുങ്ങിയിട്ടും താണുവോ എന്നു സംശയം തീരാതെ വീണ്ടും മുങ്ങുകയും ചെയ്യുന്ന ജലപിശാചുമുത്തശ്ശിമാരെയും കണ്ടിട്ടുണ്ട്. കോപാവേശം വരുമ്പോള്‍ സര്‍വ്വവും മറന്ന് നീചമായ ഭാഷയില്‍ ശകാരിക്കയും പ്രാകുകയും ചെയ്യുന്ന ബ്രാഹ്മണോത്തമരെയും അറിയാം. അവരാരും ഇപ്പോളില്ല. പക്ഷേ, മറ്റു വിധത്തില്‍ അവരെ അനുകരിക്കുന്ന പുതിയ തരങ്ങള്‍ ഉണ്ടല്ലോ.
ജീവിതം ഗംഗയും ഹിമവാനുമാണ്. അവിടേക്കുള്ള ഈ തീര്‍ത്ഥാടനം ആദ്യത്തില്‍ ക്ലേശകരവും വിരസവുമായി തോന്നുമെങ്കിലും അവസാനം നിര്‍വൃതിദായകമാവാതെ വയ്യ. രണ്ടു ഭാഗങ്ങളും മുപ്പതദ്ധ്യായങ്ങളുമായി എഴുതാനാഗ്രഹിച്ചിരുന്ന ഒരു കഥയെ വെറും പതിനെട്ടദ്ധ്യായങ്ങളില്‍ ഒതുക്കിയപ്പോള്‍ കുറെ കുറവുകള്‍ വന്നിരിക്കാം. അതു ക്ഷമിച്ചേ പറ്റൂ. പുതിയ തലമുറയില്‍പ്പെട്ട സ്ത്രീകള്‍ക്ക് തങ്ങളുടെ അമ്മമാരെയും അമ്മൂമ്മമാരെയും മനസിലാക്കാനും, പഴയ തലമുറയില്‍പ്പെട്ടവര്‍ക്ക് ആത്മപരിശോധന ചെയ്യാനും, മറ്റുള്ളവര്‍ക്കു കഴിഞ്ഞുപോയ കാലത്തിന്റെ കണ്ണീരും കിനാവുകളും ചേര്‍ത്തെടുത്തു പരിശോധിക്കാനും ഇത് ഉപകരിച്ചാല്‍ മതി.
വേദനയനുഭവിക്കുന്ന മനുഷ്യാത്മാക്കളോടുള്ള സഹാനുഭൂതിയാണ് എന്നും എന്നെ കലാസൃഷ്ടിക്കു പ്രേരിപ്പിച്ചിട്ടുള്ളത്. ഭാവനയിലിരുന്നു ചൂടുപിടിച്ച ഓര്‍മ്മകള്‍ക്കു ക്രമേണ ജ്വാലയും ചലനവും ചൈതന്യവും ലഭിക്കുന്നു. അവ മറ്റൊരു ജന്മം സ്വീകരിക്കുന്നു. രക്തത്തെ മുലപ്പാലാക്കി മാറ്റുന്ന പ്രകൃതിയുടെ രാസപ്രക്രിയയാണ് സത്യത്തെ കലയാക്കി മാറ്റുന്ന ഭാവനയിലും നിരന്തരം നടക്കുന്നതെന്നു തോന്നുന്നു… ഇത് എഴുതിക്കൊണ്ടിരുന്നപ്പോള്‍ ഞാനനുഭവിച്ചിരുന്ന വികാരങ്ങളുടെ ഒരംശം വായനക്കാരിലും പകരാന്‍ കഴിഞ്ഞാല്‍ ഞാന്‍ ധന്യയായി.
വിശ്വസ്തതയോടെ
ലളിതാംബിക അന്തര്‍ജ്ജനം
Comments are closed.