DCBOOKS
Malayalam News Literature Website

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും അറസ്റ്റില്‍

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. നാഷണല്‍ അക്കൗണ്ടബിലിറ്റി ഉദ്യോഗസ്ഥരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇരുവര്‍ക്കും പാകിസ്താന്‍ കോടതി കഴിഞ്ഞയാഴ്ച തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷാവിധിയുടെ സമയത്ത് ഇരുവരും വിദേശത്തായിരുന്നു. പാകിസ്താനിലേക്ക് തിരികെ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വെച്ചു തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അബുദാബിയില്‍ നിന്ന് എത്തിഹാദ് എയര്‍വെയ്‌സിന്റൈ വിമാനത്തിലാണ് ഇരുവരും ഇന്നലെ രാത്രി പത്ത് മണിയോടെ എത്തിയത്. ഷെരീഫിന്റെയും മറിയത്തിന്റെയും പാസ്‌പോര്‍ട്ടുകളും കണ്ടുകെട്ടി. പാകിസ്താനില്‍ ജൂലൈ 25-ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഷെരീഫിന്റെ അറസ്റ്റ്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഷെരീഫിന് പത്തു വര്‍ഷവും മകള്‍ മറിയത്തിന് എട്ട് വര്‍ഷവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ലണ്ടനില്‍ ഷെരീഫിന്റെ കുടുംബം നാല് ഫ്‌ലാറ്റുകള്‍ വാങ്ങിയിരുന്നു. ഇതിന് ആവശ്യമായി വന്ന പണത്തിന്റെ ഉറവിടം രേഖപ്പെടുത്താന്‍ ഷെരീഫിന് കഴിഞ്ഞിരുന്നില്ല. പാനമ പേപ്പര്‍ വെളിപ്പെടുത്തില്‍ രണ്ട് കേസുകള്‍ കൂടി ഷെരീഫിന്റെ പേരിലുണ്ട്. പാനമ രേഖകളുടെ അടിസ്ഥാനത്തില്‍ പാക് സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് 2017 ജൂലൈയിലാണ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഷെരീഫിന് ആജീവനാന്ത വിലക്കുണ്ട്.

Comments are closed.