എം.എം ജേക്കബിന് ആദരാഞ്ജലികള്‍
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഗവര്‍ണ്ണറുമായിരുന്ന എം.എം ജേക്കബിന് വിട. ഞായറാഴ്ച രാവിലെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.
കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ എം.എം ജേക്കബ് ദേശീയതലത്തിലും ശ്രദ്ധ നേടിയ രാഷ്ട്രീയ നേതാവായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ മലയാളി കൂടിയാണ് എം.എം. ജേക്കബ്. കേന്ദ്രമന്ത്രിയായിരിക്കേ പാര്‍ലമെന്ററി കാര്യം, ജലവിഭവം, ആഭ്യന്തരം, എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു. 1982-ലും 88-ലും രാജ്യസഭാംഗമായി. 1986-ല്‍ രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
1985-ലും 1993-ലും യു.എന്‍ ജനറല്‍ അസംബ്ലിയില്‍ എം.എം ജേക്കബ് ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തിരുന്നു. 1995-ലും 2000-ലുമായി രണ്ടു തവണ മേഘാലയ ഗവര്‍ണ്ണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അധ്യാപകന്‍, അഭിഭാഷകന്‍, സംഘാടകന്‍, പരിശീലകന്‍, കായികതാരം തുടങ്ങി വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള എം എം ജേക്കബ് വീക്ഷണം ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ കൂടിയായിരുന്നു.
1928 ഓഗസ്റ്റ് 9-ന് രാമപുരത്ത് ഉലഹന്നാന്‍ മാത്യുവിന്റെയും റോസമ്മ മുണ്ടക്കലിന്റെയും മകനായാണ് എംഎം ജേക്കബിന്റെ ജനനം. ഭാര്യ പരേതയായ തിരുവല്ല കുന്നുതറ സ്വദേശി അച്ചാമ്മ, മക്കള്‍-ജയ, ജെസ്സി, എലിസബത്ത്, ടിറ്റു.
Comments are closed.