DCBOOKS
Malayalam News Literature Website

ചരിത്രസംഭവങ്ങളുടെ നേര്‍ക്കാഴ്ചയുമായി ‘ദല്‍ഹി ഗാഥകള്‍’

ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച് കേരളത്തിലെ വായനാസമൂഹത്തെ സ്വാധീനിച്ച എഴുത്തുകാരില്‍ പ്രമുഖനാണ് എം മുകുന്ദന്‍. റിയലിസത്തിന്റെ ആഖ്യാനത്തെ പൊളിച്ചടുക്കി ആധുനികത മലയാളത്തിലേക്ക് എത്തിച്ചവരില്‍ മുകുന്ദന്റെ സ്ഥാനം അനിഷേധ്യമാണ്. യാഥാര്‍ത്ഥ്യവും ഫിക്ഷനും കെട്ടുപിണഞ്ഞു കിടക്കുന്ന മുകുന്ദന്റെ ശ്രദ്ധേയമായൊരു നോവലാണ് ദല്‍ഹി ഗാഥകള്‍. ഇന്ത്യന്‍ ജീവിതത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്ന അധികാരസിരാകേന്ദ്രമായ ദല്‍ഹിയെയും 1960-കള്‍ മുതല്‍ ഇന്നേ വരെ അവിടെയുണ്ടായ സംഭവപരമ്പരകളേയും പശ്ചാത്തലമാക്കി രചിച്ച നോവലാണ് ദല്‍ഹി ഗാഥകള്‍

ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയൊന്നുകളിലാണ് കഥ ആരംഭിക്കുന്നത്. മുകുന്ദന്‍ തന്റെ നാല്‍പതുവര്‍ഷത്തെ ദല്‍ഹി വാസത്തില്‍ കണ്ട എല്ലാത്തരം കാഴ്ചകളും ഒരു സാധാരണക്കാരന്റെ ദൃഷ്ടിയില്‍ ഈ കൃതിയില്‍ അവതരിപ്പിക്കുന്നുണ്ട്. ചരിത്രത്താളുകളില്‍ നായകരും പ്രതിനായകരുമായി പ്രത്യക്ഷപ്പെടുന്ന വ്യക്തികളല്ല, ദല്‍ഹിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട സാധാരണക്കാരാണ് ഇതിലെ കഥാപാത്രങ്ങള്‍. അവരുടെ ജീവിതത്തില്‍ ചരിത്രവും ചരിത്രസംഭവങ്ങളും എങ്ങനെയെല്ലാം ഇടപെടുന്നു എന്നും അവരുടെ വൈയക്തിക- സാമൂഹികജീവിതം എങ്ങനെയെല്ലാം മാറ്റിമറിക്കപ്പെടുന്നുവെന്നും നമുക്ക് അനുഭവവേദ്യമാകുന്നു.

അടിയന്തരാവസ്ഥ, യുദ്ധങ്ങള്‍, സിഖ് കൂട്ടക്കൊല, രാജീവ് ഗാന്ധി വധം, സ്‌ഫോടനപരമ്പരകള്‍ എന്നിവ ദല്‍ഹിയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ നോവല്‍. ഇന്ത്യന്‍ അവസ്ഥയുടെ സങ്കീര്‍ണ്ണതകള്‍ മുഴുവന്‍ നോവലിലൂടെ ഇഴപിരിക്കാനുള്ള വിജയകരമായ ഒരു ശ്രമമാണ് ഈ രചനയില്‍ തെളിയുന്നത്.  2011-ലാണ് ഡിസി ബുക്‌സ് ദല്‍ഹി ഗാഥകള്‍  പ്രസിദ്ധീകരിക്കുന്നത്.

Comments are closed.