DCBOOKS
Malayalam News Literature Website

മനോഹരന്‍ വി. പേരകത്തിന്റെ ചാത്തച്ചന്‍

മനോഹരന്‍ വി. പേരകത്തിന്റെ ഏറ്റവും പുതിയ നോവലാണ് ചാത്തച്ചന്‍. അച്ഛന്‍ പറഞ്ഞ കഥകള്‍ മറ്റുകഥകളായി പെരുക്കുമ്പോള്‍ ജീവിതം, ജീവിതം എന്ന് ആര്‍ത്തനാകുന്ന മകന്റെ കാഴ്ചയില്‍ തലങ്ങും വിലങ്ങും പായുന്ന ജീവിതദര്‍ശനങ്ങളുടെ മിന്നായങ്ങള്‍ ഈ ഗ്രാമത്തിന്റെ കഥയ്ക്ക് പ്രത്യേക പരിവേഷം നല്‍കുന്നു. എഴുത്തും പറച്ചിലും ജീവിതവും തമ്മില്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ മട്ടവും തോതും തെറ്റി ഉരുവപ്പെടുന്ന വിചിത്ര നിര്‍മ്മിതിയുടെ മാന്ത്രികരൂപമാണ് ഈ നോവല്‍.

മനോഹരന്‍ വി. പേരകം എഴുതിയ മൂന്നാമത് നോവലാണ് ചാത്തച്ചന്‍. ആധികളുടെ പുസ്തകം, കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍ എന്നീ നോവലുകളും മനോഹരന്‍ വി. പേരകത്തിന്റേതായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമായ ജലജന്മം, ഇ.പി. സുഷമ അവാര്‍ഡ്, ഗായത്രി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ആദ്യ നോവലായ ആധികളുടെ പുസ്തകം ഡി സി ബുക്‌സിന്റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നു. കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍ എന്ന നോവലിന് രാജലക്ഷ്മി നോവല്‍ പുരസ്‌കാരവും വി.പി. മുഹമ്മദാലി നോവല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

നോവലിന് മനോഹരന്‍ വി. പേരകം എഴുതിയ ആമുഖക്കുറിപ്പ്

‘ഞാന്‍ പണ്ടൊരു കഥയെഴുതുകയുണ്ടായി.പാലംകടവിനപ്പുറത്തുള്ള കുഴിക്കാട്ടുകോണത്തെ ധ്രുവതാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ കഥാമത്സരത്തിലേക്ക് അക്കഥ അയച്ചുകൊടുക്കുകയും ഒന്നാം സമ്മാനം നേടുകയും ചെയ്തു. ഒരു ട്രോഫിയും പ്രശസ്തിപത്രവുമായിരുന്നു സമ്മാനം. ധ്രുവതാരയുടെ വാര്‍ഷികത്തിന് കുഴിക്കാട്ടുകോണത്തെ പത്രോസച്ചന്റെ പള്ളിസ്‌കൂളില്‍ വെച്ചായിരുന്നു സമ്മാനദാനം.

പത്രോസച്ചന്റെ കൂട്ടുകാരനും സിനിമാനടനുമായ വി.കെ. ശ്രീരാമനാണ് വമ്പിച്ചൊരാള്‍ക്കൂട്ടത്തിനു മുന്നില്‍ വെച്ച് സമ്മാനം തന്നത്. അന്ന് സമ്മാനം വാങ്ങുമ്പോള്‍ സാക്ഷികളായി സ്‌റ്റേജില്‍ സിനിമാനടനെക്കൂടാതെ സിനിമാസംവിധായകനായ പി.ടി. കുഞ്ഞുമുഹമ്മദും ഇന്ന്, പുഴമലിനീകരണത്തിനെതിരേ പോരാടുന്ന ജോര്‍ജ്ജ്മാഷും പത്രോസച്ചനും പിന്നെയും ആരൊക്കെയോ ഉണ്ടായിരുന്നു. ഇക്കാര്യം പ്രത്യേകം എടുത്തുപറയുന്നത്, അവരൊക്കെയും കണ്ണിക്കാലോളം നീളത്തിലുള്ള ജുബ്ബ ധരിക്കുന്ന നല്ല ഘടാ ഘടിയന്മാരായിരുന്നു എന്നുള്ളതുകൊണ്ടാണ്.

അന്നു കിട്ടിയ കഥാസ്മാരകമിപ്പോഴും വീട്ടിലെ സ്റ്റാന്‍ഡില്‍ ഇരിപ്പുണ്ട്. തിളക്കം നഷ്ടപ്പെട്ട് അവിടവിടെ കറുപ്പ് ബാധിച്ച സമ്മാനത്തിലേക്ക് അറിയാതെ കണ്ണെത്തുമ്പോള്‍ നെഞ്ചില്‍നിന്നും ഒരു നെടുവീര്‍പ്പുതിരും: ഇങ്ങനെയൊക്കെയായിട്ടും തുടര്‍ന്നും കഥയെഴുതാനും സമൂഹത്തില്‍ ഒരെഴുത്തുകാരനെന്ന ഖ്യാതിനേടാനും എനിക്ക് തോന്നിയില്ലല്ലോ! അന്ന് ഞാന്‍ കുഴിക്കാട്ടുകോണത്തെ സെന്റ് ജോസഫ് ട്യൂട്ടോറിയലിലെ ഒരു പ്രീഡിഗ്രിക്കാരനായിരുന്നു. പത്രോസച്ചന്റെതന്നെ പള്ളിലൈബ്രറിയില്‍ നിന്നും നോവലുകളും കഥകളുമൊക്കെയെടുത്തുകൊണ്ടുവന്ന് വായി ക്കുന്ന കൂട്ടത്തിലുമായിരുന്നു. പോരാത്തതിന് അയല്‍വാസിയായ രാജേശ്വരിടീച്ചറില്‍നിന്നും അമ്മ വാങ്ങിക്കൊണ്ടുവരുന്ന മനോരമ
ആഴ്ചപ്പതിപ്പിലെ മുഴുവന്‍ നോവലുകളും ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കുകയും ചെയ്തിരുന്നു.

പുസ്തകത്തിലുള്ള നോവലുകളെക്കാള്‍ ശരിക്കും എനിക്കിഷ്ടം വാരികകളില്‍ വന്നിരുന്ന ആ തുടരന്‍ നോവലുകളായിരുന്നു. അന്നെഴുതിയ കഥയില്‍ അച്ഛന്‍ വാസുദേവനായിരുന്നു മുഖ്യകഥാപാത്രം. അമ്മ ഭാരതി നായികയും. ഉപകഥാപാത്രങ്ങളായി ഞാനും സുഹൃത്തായ ചന്ദ്രുവും മാത്രം. വാസ്തവത്തില്‍ അത് കഥയൊന്നുമായിരുന്നില്ല. തീര്‍ത്തും ഞങ്ങളുടെ ജീവിതമായിരുന്നു. അല്ലെങ്കില്‍ കഥയും ജീവിതവും തമ്മില്‍ എവിടെയാണ് വഴിപിരിയുന്നത്? ജീവിതത്തിന്റെ തന്ത്രികളെടുത്തുള്ള മീട്ടലാണ് കഥയെന്നും കഥയെക്കാള്‍ സങ്കീര്‍ണ്ണതകള്‍ ജീവിതത്തിന് അവകാശപ്പെടാനുണ്ടെന്നും എവിടെയോ വായിച്ചത് ഓര്‍മ്മവന്നപ്പോള്‍ ഒന്നും നോക്കിയില്ല. എഴുത്തോട് എഴുത്തു തന്നെ! ഏതാണ്ട് ഒരു കഥയായി വായിച്ചുപോകാന്‍ പറ്റുമെന്നു തോന്നിയപ്പോള്‍ അതങ്ങ് അയച്ചുകൊടുക്കുകയും ചെയ്തു.

പാലംകടവിലെ ഹരിഹരന്‍മാഷും പത്രോസച്ചനും കവിയായ കൃഷ്ണങ്കുട്ടിയേട്ടനുമായിരുന്നു വിധികര്‍ത്താക്കള്‍. എന്റെ കഥയ്ക്ക് സമ്മാനം തരാന്‍ അവര്‍ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നുവത്രേ! പിന്നീട് വഴി യില്‍ കണ്ടുമുട്ടുമ്പോഴൊക്കെ ഹരിഹരന്‍മാഷ് ചോദിക്കും, ‘പുതിയ കഥയെന്തായി?’ ഞാന്‍ പറയും, ‘ഒന്നും ആയിട്ടില്ല.’ കഥയെഴുതുവാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെങ്കിലും ഒന്നും നടന്നില്ലെന്നതാണ് വാസ്തവം. ഇന്നതൊക്കെ ആലോചിക്കുമ്പോള്‍ ചിരിവരുന്നുണ്ട്. വേണ്ടാതീനപ്പണി ചെയ്ത കുറ്റബോധത്തില്‍ ആത്മനിന്ദയും തോന്നുന്നുണ്ട്. എഴുതിയത് ഞങ്ങളുടെ ശരിക്കുള്ള ജീവിതമായിരുന്നെങ്കിലും ആളുകള്‍ ചോദിച്ചപ്പോള്‍ ഞാനതൊക്കെ തള്ളിപ്പറഞ്ഞു. കഥയെങ്ങനെയോ അമ്മയുടെ ചെവിട്ടിലുമെത്തി. ‘പല്ലിടകുത്തി മണപ്പിക്കുന്നവനേയെന്നുപറഞ്ഞ്’ വീട്ടില്‍ അമ്മയും പുകിലുണ്ടാക്കി.

എല്ലാം കഴിഞ്ഞിട്ട് കൊല്ലം അഞ്ചെട്ടായി. ഇപ്പോള്‍ ധ്രുവതാര നടത്തുന്ന ഈ നോവല്‍മത്സരത്തില്‍ എനിക്കും പങ്കെടുക്കണമെന്നുണ്ട്. പഴയതുപോലെ സമ്മാനം വാങ്ങിക്കണമെന്ന അതിമോഹവുമുണ്ട്. പക്ഷേ, അതിനുവേണ്ടി ഞാനെന്താണെഴുതിക്കൊടുക്കുക? ഒന്നുകില്‍ ഭാവനയെ കൂട്ടുപിടിക്കണം. അല്ലെങ്കില്‍ നുണകള്‍ എഴുതിപ്പിടിപ്പിക്കണം. നിശ്ചയം, കഥാകാരന്മാര്‍ക്കുള്ള ഭാവനയൊന്നും എനിക്കില്ല. നുണകളെഴുതിപ്പിടിപ്പിച്ച് വായനക്കാരെ ബോധിപ്പിക്കാനുള്ള പ്രതിഭയുമില്ല. വീണ്ടുമെന്തെങ്കിലും എഴുതണമെങ്കില്‍ ജീവിതത്തെ കൂട്ടുപിടിക്കണം. അന്നെഴുതിയ ജീവിതത്തിനും ഇന്ന് ജീവിച്ചുതീര്‍ക്കുന്ന ജീവിതത്തിനുമിടയ്ക്ക് കൊല്ലം അഞ്ചെട്ട് കഴിഞ്ഞിട്ടുണ്ടെങ്കിലും അനുഭവങ്ങളില്‍ കാതലായ മാറ്റങ്ങളൊന്നുമില്ല. അല്ലെങ്കില്‍ ഒരൊഴുക്കില്‍ തുള്ളിപ്പോകുന്ന ഇക്കാല ജീവിതത്തില്‍നിന്നും എന്തെടുത്തെഴുതുവാനാണ്?

പാലംകടവിലെ അവലക്ഷണം പിടിച്ച ഈ പ്രകൃതി എനിക്കെന്തോ അത്ര ബോധിച്ചിട്ടില്ല. മലിനപ്പെട്ട ഒരു പുഴയുടെ അക്കരെയിക്കരെയുള്ള മനുഷ്യരുടെ ജലജീവിതത്തില്‍ പുതുമയുള്ളതൊന്നുമില്ല. എല്ലാ കാഴ്ചകള്‍ക്കും തിരശ്ശീല പിടിച്ചുകൊണ്ട് അനക്കമറ്റ കറുത്തുകൊഴുത്ത പുഴ ഒഴുക്കില്‍ യാതൊരു സന്നാഹങ്ങളുമില്ലാതെ കടല്‍ മാത്രം ലക്ഷ്യം വെച്ചു. എല്ലാ ദേഷ്യവും പുഴയിലേക്ക് വലിച്ചെറിഞ്ഞ് ഞങ്ങളതിനെ കളങ്കപ്പെടുത്തിയെന്നു പറയുന്നതാവും ശരി. കാനത്തിന്റെയും മുട്ടത്തുവര്‍ക്കിയുടെയും നോവലുകളില്‍ കാണുന്ന ഭൂപ്രകൃതി ഈ പാലംകടവിലുണ്ടെങ്കിലെന്ന് കൗമാരകാലത്ത് ആഗ്രഹിച്ചിരുന്നു. കുന്നിന്‍മുകളില്‍ കാമുകിയായ മോളിക്കുട്ടിയെ കാത്തിരിക്കുന്ന എന്നെ പലവട്ടം സങ്കല് പിച്ചിട്ടുണ്ട്. മുട്ടത്തുവര്‍ക്കിയുടെ കുഞ്ഞുമോളോടൊപ്പം കുന്നിന്‍ ചെരിവില്‍ സന്ധ്യയ്ക്ക് കുത്തിയിരിക്കുന്നത്, കാനത്തിന്റെ ലിസ്സിക്കുട്ടിയുമായി കുന്ന് കയറിയിറങ്ങി പള്ളിയില്‍ പോകുന്നത്, മാത്യു മറ്റത്തിന്റെ സിസിലി പുഴയില്‍ നീന്തുന്നത് ഒളിഞ്ഞുനോക്കുന്നത്, രാത്രിയില്‍ കുന്നിന്റെ പള്ളയിലിരുന്ന് കത്രീനയെ തൊടുന്നത്.

പാലംകടവിലെ ഒരു കുന്നില്ലായ്മയില്‍ പ്രണയങ്ങള്‍ തരിശിടുന്ന കാഴ്ചയില്‍ എന്റെ കൗമാരം കലങ്ങിമറിഞ്ഞിരുന്നു. എനിക്ക് ഓര്‍മ്മവെക്കുന്ന കാലം മുതല്‍ ഈ പുഴയും പുഴ കടക്കാനായി കല്ലില്‍ തീര്‍ത്ത ഒരു കമാനപ്പാലവും പുഴയുടെ ഇരുകരകളിലുമായി ജീവിച്ചുപോരുന്ന കുറെ കുടുംബങ്ങളുമുണ്ട്. അതില്‍ കുറെ കുടുംബങ്ങളെ ആട്ടിപ്പായിച്ചാണ് ഇരുകരകളെയും ബന്ധിപ്പിക്കുന്ന പുതിയ പാലം വന്നത്. പണ്ട് നിലനിന്നിരുന്ന പല വീടുകളുടെയും നെറുകയിലൂടെയാണ് ഇന്ന് വാഹനങ്ങള്‍ പാഞ്ഞുപോകുന്നത്. അവശേഷിച്ച ചില വീടുകളെപ്പോലെ കൊത്തിയരിയപ്പെട്ട മനസ്സുമായി ആളുകള്‍ ഒന്നടങ്കം, കുഴിക്കാട്ടുകോണത്തേക്കും മറ്റുപല ദേശങ്ങളിലേക്കുമായി പലായനം ചെയ്തു. വീട് നഷ്ടപ്പെടാത്തവര്‍ ഘോരവിപിനമായി കാണപ്പെട്ട കോണ്‍ക്രീറ്റ് തൂണുകളെനോക്കി നെടുവീര്‍പ്പിട്ടു. തകര്‍ന്നുവീണ കമാനപ്പാലത്തെ പുതിയ കാലത്തെ റ്റെറാഡെക്റ്റലായ ജേസീബി മൂടോടെ പറിച്ചെടുത്ത് ലോറികളില്‍ കയറ്റി ദൂരെയുള്ള കുണ്ടുകളില്‍ കൊണ്ടുപോയിട്ടു. പൊത്തോംന്നുവീണ ആ കല്ലുകള്‍ കുണ്ടുകളില്‍ കിടന്ന് തങ്ങളുടെ മേലേക്കൂടി ആരൊക്കെയോ ചവിട്ടിനടക്കുന്നത് സ്വപ്നം കണ്ടു.

പറിച്ചുപോയ പാലത്തെക്കുറിച്ചോര്‍ത്ത് പുഴ നിര്‍ത്താതെ കരഞ്ഞൊഴുകി. രണ്ടുമൂന്നു തവണ പാലത്തെ തപ്പുന്നതുപോലെ കരകവിയുകയും ചെയ്തു. ഒരു പാലത്തിന്റെ പതനവും മറ്റൊരു പാലത്തിന്റെ ഉയര്‍ച്ചയും അങ്ങനെ പാലംകടവ് അനുഭവിച്ചു. എല്ലാ പുഴകളെയുംപോലെ ഞങ്ങളുടെ പുഴയും കറുത്തു. തൊട്ടടുത്തുള്ള ക്ഷേത്രനഗരിയിലെ ലോഡ്ജുകളിലെ മലിനക്കുഴലുകളൊക്കെയും പുഴയിലേക്ക് തുറന്നുവെച്ചതുമൂലം പാലംകടവിലൂടെ തുള്ളിക്കളിച്ചുപോകുന്ന കാറ്റ് ഓരോ പാലംകടവുകാരനെയും മൂക്ക് പൊത്തി വര്‍ത്തമാനംപറയാന്‍ പഠിപ്പിച്ചു. പാലം കയറിപ്പോകുക, പുഴയില്‍ മുങ്ങിക്കുളിക്കുക, കടവ് കടക്കുക. ഈശ്വരാ, എന്തൊരനുഭവമാണത്? ഈയനുഭവങ്ങളൊന്നുമില്ലാത്ത ഈ പാലംകടവിലാണ് എന്റെ ശിഷ്ടജീവിതം തള്ളിനീക്കേണ്ടത്. ഒരു നിലവിളിപോലെ ആകാശത്തേക്കുയര്‍ന്നുപോയ തെങ്ങുകള്‍ക്കിടയ്ക്കാണ് എന്റെ ചെറിയ വീടുള്ളത്. പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയ എല്ലാ നാട്ടുവഴികളും പാലം മണ്ണിട്ടുമൂടി. കമാനപ്പാലം ആരുടെയും ഓര്‍മ്മകളിലില്ലാതായി.

പണ്ടുണ്ടായ എല്ലാ കഥകളിലും പുഴയും ചരല്‍പ്പാതയുമുണ്ട്. വഞ്ചിയിലോ ചരല്‍പ്പാതയിലൂടെ പൊടിപറപ്പിച്ചുവരുന്ന കാറിലോ പരിഷ്‌കാരിയായ കഥാനായകന്‍ കൈയിലൊരു ട്രങ്ക്‌പെട്ടിയുമായി വീട്ടിലേക്ക് തിരിച്ചുവരുന്നു. പിന്നെ ബാല്യം ചെലവിട്ട ഇടിഞ്ഞുപൊളിയാറായ വീട് വാങ്ങിക്കുന്നു, പൊളിക്കുന്നു, പുതിയത് പണിയുന്നു. അതിനിടയ്ക്ക് നാട്ടുമാവിന്റെ തണലില്‍ ഊഞ്ഞാലാടിയ കാലം ഓര്‍മ്മവരുന്നു. ബാല്യ കാലസഖിയെ കണ്ടുമുട്ടുന്നു. വിവാഹം കഴിക്കുന്നു. പിന്നെ സ്വസ്ഥം! അവിടന്നങ്ങോട്ടുള്ള ജീവിതം ക്ലീന്‍ ക്ലീന്‍! ഇതൊക്കെ പഴയ കഥാസങ്കേതങ്ങളായാണ് പരിഗണിക്കുക! പുതിയ നോവലുകളിലെ പരിസരങ്ങള്‍ എത്രമാത്രം മാറിപ്പോയിരിക്കുന്നു?

ഒരു നോവലില്‍ വെച്ചുവിളമ്പിനീട്ടുന്ന ജീവിതം എത്ര സംഘര്‍ഷഭരിതമാണ്? വാസ്തവത്തില്‍ ഒരു നോവലെന്നാലെന്താണ്?നീണ്ടുനില്‍ക്കുന്ന വായന! അനുഭവങ്ങളുടെ ആകാശപ്പരപ്പ്!കുറെയേറെ കഥാപാത്രങ്ങളെ ഒരുമിച്ച് ഉന്തിനീക്കുന്നതിലെ വലിയ അഭ്യാസം!കഥാപാത്രങ്ങളുടെ അവിചാരിത കണ്ടുമുട്ടലുകള്‍, മാനസിക സംഘട്ടനങ്ങള്‍ ചിത്രീകരിക്കുന്ന തീവ്രമുഹൂര്‍ത്തങ്ങള്‍! ഇതൊക്കെയും ഒരു കഥക്കൂടിനു പുറത്താണല്ലോ. അതുകൊണ്ട് അത്തരത്തിലുള്ള വികൃതികള്‍ കൂട്ടിയിണക്കിയ വലിയ കഥകളെ നമ്മള്‍ നോവലെന്നു വിളിക്കുന്നു. അതിസങ്കീര്‍ണ്ണമായ കഥാസന്ദര്‍ഭങ്ങളിലൂടെ എന്റെ കൗമാരജീവിതം കടന്നുപോയിട്ടുണ്ട്. അതിനു കാരണക്കാരന്‍ സ്വന്തം അച്ഛന്‍തന്നെയാണെന്ന ധാരണയും കലശലായിട്ടുണ്ട്. അച്ഛന്റെ ആ പ്രാന്ത് ജീവിതത്തെ ഓര്‍മ്മിച്ചെടുത്ത് ഒരു നോവലാക്കാമെന്നാണ് ഉദ്ദേശിക്കുന്നതെങ്കിലും എഴുതിക്കഴിഞ്ഞാല്‍, ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള ഒരു നോവലാവുമെന്ന യാതൊരുറപ്പുമില്ല. അനുഭവങ്ങളും ഓര്‍മ്മകളും കഷ്ടപ്പാടുകളും കണ്ണീരും പലായനവും സമംചേര്‍ന്ന ജീവിതചിത്രങ്ങള്‍ ഒരു നോവലിന് ചേരുമോയെന്നും വായനക്കാര്‍ സ്വീകരിക്കുമോയെന്നും എനിക്ക് സന്ദേഹമുണ്ട്.’

Comments are closed.