DCBOOKS
Malayalam News Literature Website

ജപ്പാനില്‍ ശക്തമായ ഭൂചലനം; മൂന്ന് മരണം

ടോക്യോ: ജപ്പാനില്‍ ഇന്ന് രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒന്‍പത് വയസുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പശ്ചിമ ജപ്പാനിലെ ഒസാക്കയില്‍ രാവിലെ എട്ട് മണിയോടെ റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശക്തമായ ഭൂചലനമാണ് ഉണ്ടായതെങ്കിലും അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ആണവ നിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കൂള്‍ ഭിത്തി തകര്‍ന്നു വീണാണ് ഒന്‍പതു വയസുകാരി മരിച്ചത്. മരിച്ച മറ്റ് രണ്ട് പേര്‍ വയോധികരാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നടിഞ്ഞു. പ്രധാന റോഡുകള്‍ വിണ്ടു കീറിയ അവസ്ഥയിലാണ്. ഭൂചലനം ശക്തമായതിനാല്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രദേശത്തെ ഒന്നര ലക്ഷത്തിലേറെ വീടുകളിലേക്കുള്ള വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു. തുടര്‍ചലനങ്ങളെ തുടര്‍ന്ന് ഒസാക്കയില്‍ അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വീടുകള്‍ തകരാനും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഭൂചലനത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുന്നുണ്ടെന്നും എന്നാല്‍ ഗവണ്‍മെന്റ് ഇപ്പോള്‍ ജനങ്ങളുടെ സുരക്ഷക്കാണ് പരമപ്രാധാന്യം നല്‍കുന്നതെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മാധ്യമങ്ങളോട് പറഞ്ഞു.

Comments are closed.