മലാലയെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയ താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു
കാബൂള്‍: കുപ്രസിദ്ധനായ പാക്-താലിബാന്‍ കമാന്‍ഡര്‍ മൗലാനാ ഫസ്‌ലുള്ള അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ സൈന്യത്തോടൊപ്പം യു.എസ് നടത്തിയ ഡ്രോണാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. പാക് അതിര്‍ത്തിയായ കുനാറില്‍ നടത്തിയ വെടിവെപ്പില്‍ ഫസ്‌ലുള്ള കൊല്ലപ്പെട്ടെന്ന് യു.എസ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയ മലാല യൂസഫ്‌സായിയെ വെടിവെച്ചു കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് ഫസ്‌ലുളളയായിരുന്നു. 2012 ഒക്ടോബറില്‍ നടന്ന ആക്രമണത്തില്‍ തലനാരിഴക്കാണ് മലാല രക്ഷപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ മലാല ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് പൂര്‍വ്വസ്ഥിതി പ്രാപിച്ചത്. സംഭവത്തില്‍ ഫസ്‌ലുള്ളയുടെ മൂന്ന് സഹോദരന്‍മാര്‍ പിടിയിലായിരുന്നു.
2014 ഡിസംബറില്‍ പാകിസ്ഥാനിലെ പെഷാവറില്‍ 130 സ്‌കൂള്‍ കുട്ടികളടക്കം 151 പേര്‍ കൊല്ലപ്പെട്ടതിന് പിന്നിലും ഇയാളായിരുന്നു. 44-കാരനായ ഫസ്‌ലുള്ളക്കായിരുന്നു നേരത്തെ സ്വാത് താഴ്‌വരയിലെ താലിബാന്‍ പ്രവര്‍ത്തന നേതൃത്വം. രാജ്യാന്തര തീവ്രവാദിയെന്ന് മുദ്രകുത്തിയിട്ടുള്ള ഫസ്‌ലുള്ളയെ പിടികൂടി നല്‍കുന്നവര്‍ക്ക് അമേരിക്ക അഞ്ച് ദശലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.
പാകിസ്ഥാനിലെ സ്വാത് താഴ്‌വര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഫസലുള്ള ‘റേഡിയോ മൗലാന’ എന്നും അറിയപ്പെട്ടിരുന്നു. സ്വാത് താഴ്‌വരയില്‍ 2006 മുതല്‍ നടത്തിയിരുന്ന റേഡിയോ പ്രഭാഷണങ്ങളുടെ പേരിലായിരുന്നു ഇത്. അതേസമയം ഫസ്‌ലുള്ളയുടെ മരണം അഫ്ഗാന്‍ പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ താലിബാന്‍ ഈ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
Comments are closed.