ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ ചരമവാര്‍ഷിക ദിനം
മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂര്‍ എസ്സ്. പരമേശ്വരയ്യര്‍ (1877 ജൂണ്‍ 06-1949 ജൂണ്‍ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യര്‍ ചങ്ങനാശ്ശേരിയില്‍ സ്കൂള്‍ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയില്‍ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടര്‍ന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി.
ഉള്ളൂര്‍, കുമാരനാശാന്, വള്ളത്തോള്‍ എന്നീ കവികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാളകവിതയില്‍ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തില്‍ ഇവര്‍ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരന്‍, ഭാഷാഗവേഷകന്‍, ഉദ്യോഗസ്ഥന് എന്നീ നിലകളില്‍ ഉള്ളൂര്‍ പേരെടുത്തിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചങ്ങനാശ്ശേരിയില്‍ പെരുന്നയില്‍ പാലൂര് നമ്പൂതിരിമാരുടെ പരമ്പരയില്‍പ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യര്‍ ജനിച്ചത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യര്‍ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മയുടെ നാടായ പെരുന്നയില്‍ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടര്‍ന്ന് അമ്മയോടൊപ്പം അച്ഛന്റെ സ്ഥലമായ ഉള്ളൂരിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസ മോഹങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമര്‍പ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജില്‍ ചേര്‍ന്ന അദ്ദേഹം 1897ല്‍ തത്ത്വശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദം നേടി.
ബിരുദം നേടിയ ശേഷം തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തില്‍ ബിരുദവും, മലയാളത്തിലും, തമിഴിലും ബിരുദാനന്തര ബിരുദവും നേടി.തിരുവനന്തപുരം ടൗണ്‍ സ്കൂള്‍ അദ്ധ്യാപകന്, ജനസംഖ്യാ വകുപ്പില്‍ ഗുമസ്തന്, തഹസീല്‍ദാര്‍, മുന്‍സിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇന്‍കം ടാക്സ് കമ്മീഷണറായി ഉയര്‍ന്നു. ചീഫ് സെക്രട്ടറി പദവിയുടെ താല്‍ക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതല്ക്കേ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂര്‍ ആധുനിക മലയാളസാഹിത്യത്തിലെ പ്രാതസ്മരണീയരായ ആധുനിക കവിത്രയത്തിലൊരാളായി വിശേഷിക്കപ്പെടുന്നു.കഠിന സംസ്കൃതപദങ്ങള്‍ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് അനുവാചകര്‍ക്ക് പഥ്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ‘ഉജ്ജ്വല ശബ്ദാഢ്യന്‍’ എന്ന പേരിലും അറിയപ്പെടുന്നു. എങ്കിലും ഇക്കാലത്ത് കേരള സാഹിത്യചരിത്രത്തിന്റെ കര്‍ത്താവ് എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്.1937ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് ‘കവിതിലകന്‍’ പട്ടവും കാശിവിദ്യാപീഠം ‘സാഹിത്യഭൂഷണ്‍’ ബിരുദവും സമ്മാനിച്ചു.പൗരാണിക മുഹൂര്‍ത്തങ്ങള്‍ കാല്പനിക ഭംഗിയോടെ അവതരിപ്പിക്കുമ്പോള്‍ ഭാരതീയ ധര്‍മ്മ നീതികള്‍ കവിതയില്‍ വ്യവഹരിക്കപ്പെടുന്നു.ചരിത്രമുഹൂര്‍ത്തങ്ങള്‍ കാവ്യഭാവനയ്ക് ഉത്തേജനം നല്കി.
Comments are closed.