DCBOOKS
Malayalam News Literature Website

എന്‍.വി. കൃഷ്ണവാരിയറുടെ ജന്മവാര്‍ഷിക ദിനം

മലയാളത്തിലെ പത്രപ്രവര്‍ത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഒരു വ്യക്തിത്വമായിരുന്നു എന്‍.വി. കൃഷ്ണവാരിയര്‍ (1916-1989). ബഹുഭാഷാപണ്ഡിതന്‍, കവി, സാഹിത്യചിന്തകന്‍ എന്നീ നിലകളിലും എന്‍.വി. കൃഷ്ണവാരിയര്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാളസാഹിത്യവിമര്‍ശന രംഗത്തെ പുരോഗമനവാദികളില്‍ ഒരാളായിരുന്നു ഇദ്ദേഹം.

1916 മെയ് 13 ന് തൃശൂരിലെ ചേര്‍പ്പില്‍ ഞെരുക്കാവില്‍ വാരിയത്താണ് എന്‍.വി.കൃഷ്ണവാരിയരുടെ ജനനം. അച്ഛന്‍: അച്യുത വാരിയര്‍. അമ്മ: മാധവി വാരസ്യാര്‍. വല്ലച്ചിറ െ്രെപമറി സ്‌കൂള്‍,പെരുവനം സംസ്‌കൃത സ്‌കൂള്‍,തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മദ്രാസ് സര്‍വകലാശാലയില്‍ ഗവേഷണം. വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എല്‍,എം.ലിറ്റ്,ജര്‍മ്മന്‍ ഭഷയില്‍ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങള്‍ കരസ്ഥമാക്കി. വിവിധ ഹൈസ്‌കൂളുകളില്‍ അദ്ധ്യാപകനായിരുന്ന വാരിയര്‍ 1942 ല്‍ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു.

ഒളിവില്‍ പോകുകയും ‘സ്വതന്ത്ര ഭാരതം’ എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും തൃശൂര്‍ കേരളവര്‍മ്മ കോളേജിലും ലക്ചററായി. 196875 കാലത്ത് കേരള ഭാഷാഇന്‍സ്റ്റിറ്റൂട്ടിന്റെ സ്ഥാപക ഡയറക്ടറായി പ്രവര്‍ത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു. വിജ്ഞാന കൈരളി പത്രാധിപര്‍,മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയര്‍ ഫെലോ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ആദ്യ കവിതാസമാഹാരമായ ‘നീണ്ടകവിതകള്‍’ 1948 ല്‍ പ്രസിദ്ധീകരിച്ചു. ‘ഗാന്ധിയും ഗോഡ്‌സേയും’ എന്ന കവിതാസമാഹാരത്തിനും ‘വള്ളത്തോളിന്റെ കാവ്യശില്പം’ എന്ന നിരൂപണഗ്രന്ഥത്തിനും ‘വെല്ലുവിളികള്‍ പ്രതികരണങ്ങള്‍’ എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1989 ഒക്ടോബര്‍ 12 ന് കൃഷ്ണവാരിയര്‍ അന്തരിച്ചു.

Comments are closed.