ശയ്യാനുകമ്പ: കാമത്തിന്റെ കാന്തിക ആകര്‍ഷണത്തില്‍ രണ്ട് ധ്രുവങ്ങള്‍
ഒരാള്‍ക്ക് ജീവിതം ശാന്തമായ് ഒഴുകുന്ന പുഴയാണെങ്കില്‍ അലയടിക്കുന്ന കടലാണെന്ന് മറ്റൊരാള്‍ക്ക്. ജീവിതത്തെക്കുറിച്ചുള്ള ഇത്തരം വര്‍ണ്ണനകള്‍ വ്യക്തിയുടെ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. പിന്നിട്ട വഴികളില്‍ നേരിട്ട പ്രതിസ ന്ധികള്‍, വെട്ടിപ്പിടിച്ച നേട്ടങ്ങള്‍, കൈവന്ന സുഖങ്ങള്‍, കൈവിട്ട സൌഭാഗ്യങ്ങള്‍ എല്ലാം വിലയിരുത്തി അയാള്‍ തന്റെ തന്നെ ജയപരാജയങ്ങളെ വിലയിരുത്തുന്നു. ഒപ്പം യാത്രതുടങ്ങിയ പലരും തന്നെക്കാള്‍ ഏറെ മുന്നേറിയപ്പോഴും ഒരിക്കലും ലക്ഷ്യത്തിലെത്താത്ത വിധം പിന്തള്ളപ്പെട്ടുപോയെന്ന തോന്നല്‍ അവരേ കടുത്ത മാനസ്സികപ്രതിസന്ധികളിലേക്ക് തള്ളിവിടുന്നു. മധ്യവയസ്സിലെ ഇത്തരം മനോ വിഹ്വലതകലൂടെ ഒരാള്‍ തന്നോട് തന്നെ കലഹിക്കുകയോ സന്ധിചെയ്യുകയോ ചെയ്തേക്കാം.
വ്യക്തികളിലെ ഈ സ്വഭാവ വ്യതിയാനത്തെക്കുറിച്ച് പാശ്ചാത്യലോകം വളെരെ മുന്‍പേ ചര്‍ച്ച ചെയ്തിട്ടുണ്ട്. ‘മിഡില്‍ ഏജ് ക്രൈസിസ്” എന്ന ജീവിതാവസ്ഥയെ അതിജീവിക്കാന്‍ ഒരു നാല്പത്തിരണ്ടുകാരന് നടത്തുന്ന പ്രയത്നങ്ങള്‍ അക്കാദമി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘അമേരിക്കന്‍ ബ്യൂട്ടി’ എന്ന വിഖ്യാത ചലച്ചിത്രത്തിന്റെ പ്രമേയമായിരുന്നു. വിരസമായ ജോലിയും മുഷിപ്പന്‍ കുടുംബാന്തരീക്ഷവും ഉപേക്ഷിച്ച് തനിക്ക് നഷ്ടമായ യൗവ്വനം വീണ്ടെടുക്കാന്‍ പ്രയത്നിക്കുന്ന മധ്യവയസ്കനെ അവതരിപ്പിച്ചത് കെവിന് സ്പൈസി എന്ന നടനാണ്.
തന്നോടു തന്നെ ചോദ്യങ്ങള്‍ ചോദിക്കുകയും അവയ്ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ആര്‍ക്കും വന്നുഭവിക്കാവുന്ന സ്ഥിതി വിശേഷമാണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ തകഴിയുടെ ‘തോട്ടിയുടെ മകനി’ലെ കഥാപാത്രം ചുടല മുത്തുവും ഇപ്രകാരം ചിന്തിച്ചിരുന്നു. നികൃഷ്ടമായ തന്റെ ജീവിതവൃത്തിയില്‍ നിന്നൊരു മോചനം വരും തലമുറയിലൂടെങ്കിലും സാധ്യമാകണമെന്ന്! ആത്മപരിശോധ നടത്തി. തന്റെ നില എന്തുകൊണ്ട് ഇങ്ങനെയാകുന്നു? മാറ്റമുണ്ടാകണം ഈ ജീവിതത്തിന്.
ശയ്യാനുകമ്പയിലെ കേന്ദ്രകഥാപാത്രമായ ആനന്ദ് വര്‍ഗ്ഗീസ് എന്ന വില്ലേജ് ഓഫീസര്‍ക്കും താന്‍ ആഗ്രഹിച്ച വഴിയിലൂടെയല്ല തന്റെ ജീവിതം നീങ്ങിയത് എന്ന തോന്നലുണ്ടായി. ജോലി, കുടുംബം, പ്രാരാബ്ധങ്ങള്‍…… പുഴയിലെ ഇലപോലെ ഒഴുകി വെറുതെ എവിടെങ്കിലും ചെന്നടിയാനുള്ളതല്ല തന്റെ ജീവിതമെന്ന് അയാള്‍ക്ക് വെളിപാടുണ്ടാകുന്നു. പൊടുന്നനെ വര്‍ത്തമാന കാലത്തെ മലയാളിയുടെ പ്രതിബിംബമായി ആനന്ദ് വര്‍ഗ്ഗീസ് മാറ്റപ്പെടുന്നു. കുടുംബമെന്ന കെട്ടുപാടില്‍ ബന്ധിതരായി ആ ചക്കിനു ചുറ്റും ഭ്രമണം ചെയ്യുന്നവരാണ് നമ്മളോരോരുത്തരും. വേലിക്കെട്ടുകള്‍ പൊളിക്കാന്‍ ആര്‍ക്കും സാധിക്കും. പക്ഷേ… ഭയം പിന്നോട്ടു വലിക്കുന്നു. സമൂഹത്തിന്റെ സദാചാര സങ്കല്‍പ്പങ്ങള്‍ക്ക് ഉടവ് തട്ടാത്ത വിധം വികാരങ്ങളെ അടിച്ചമര്‍ത്തി വെക്കാന്‍ നാം പാടുപെടുന്നു. ലൈംഗിക കാമനകള്‍ നുരഞ്ഞു പൊന്തുമ്പോഴും പങ്കാളിയില്‍ പരീക്ഷിക്കാനവാത്തത്തിലെ അതൃപ്തി. കുടുംബ ജീവിതവും ഓഫീസ് ജോലിപോലെ തന്നെ ഔപചാരികമായ ഒന്നായി തീരുമ്പോള്‍ ആ കെട്ടുപാടുകള്‍ ഭേദിച്ച് തനിക്കിഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കുവാന്‍ നോവലിലെ കഥാനായകന് തീരുമാനിക്കുന്നു.
നോവലിലെ അക്ഷര മേനോന് എന്ന കൗമാരക്കാരി ഒന്നിനോടും കമിറ്റ്മെന്റ് ഇല്ലാത്ത പുതുതലമുറയുടെ പ്രതീകമാണ്. തങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള ഒരു ബന്ധത്തിനും താത്പര്യമില്ലാതെ ലോകസുഖങ്ങളില്‍ അഭിരമിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. ആനന്ദും അക്ഷരയും രണ്ടു വ്യത്യസ്ത ധ്രുവങ്ങളാണ്. ചുംബന സമരത്തില്‍ വെച്ച് അവര്‍ കണ്ടുമുട്ടുന്നു. കേരളീയര്‍ക്ക് കണ്ടു പരിചയമില്ലാത്ത സമര കോലാഹലങ്ങള്‍ വിസ്മൃതിയിലായതും ഇത്തരം കപട താത്പര്യങ്ങള്‍ തെളിഞ്ഞു വന്നതുകൊണ്ടാണ്. അല്ലെങ്കില്‍ നമ്മുടെ സമൂഹത്തിന്റെ ചിന്താഗതിയില്‍ വന്ന മാറ്റത്തിന്റെ അടയാളമായി അത് ചരിത്രത്തില്‍ എവിടെങ്കിലും കുറിച്ച് വെയ്പ്പെട്ടേനെ.
മലയാളിയുടെ മാറുന്ന സാമൂഹിക കാഴ്ചപ്പാടുകളെ ഒരു പത്രപ്രവര്‍ത്തകന്റെ സൂഷമദൃഷ്ടി കണ്ടെടുത്തതാണ് ‘ശയ്യാനുകമ്പയുടെ’ സൃഷ്ടിക്ക് നിദാനമെന്നു കരുതാം. വര്‍ത്തമാനകാലത്ത് നാം കണ്ടതും കേട്ടതുമായ സംഭവങ്ങളിലേക്ക് വായനക്കാരെ കൊണ്ടെത്തിക്കാന്‍ ഈ പുസ്തകത്തിന് കഴിയുന്നുണ്ട്. നമുക്ക് പരിചിതങ്ങളായ കഥാപാത്രങ്ങളെ തികച്ചും റിയലസ്റ്റിക്കായ പശ്ചാത്തലത്തില്‍ പ്രതിഷ്ടിച്ചാണ് കഥ മുന്നേറുന്നത്. ലളിതവും സുന്ദരവുമായ ഭാഷയാണ് നോവലിന്റെത്. കഥ വളച്ചുകെട്ടില്ലാതെ പറയുന്നതുകൊണ്ടു തന്നെ മികച്ച പാരായണക്ഷമത അവസാനംവരെ നിലനിര്‍ത്തുവാന്‍ നോവലിസ്റ്റിനു കഴിയുന്നുണ്ട്.
ഏറെ പുതുമയുള്ളതും പ്രസക്തവുമായ വിഷയം കൈകാര്യം ചെയ്യുമ്പോഴും കുടുംബബന്ധങ്ങളുടെ പവിത്രതയും ഈശ്വര വിശ്വാസത്തില്‍ അധിഷ്ടിതമായ ആത്മീയതയും നിഷേധിക്കുവാന്‍ കഥാകൃത്ത് ശ്രമികുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഓരോ വ്യക്തിയും അസംതൃപ്തിയിയുടെ വിതാനത്തില്‍ ചിതറിക്കിടക്കുന്ന തുരുത്തുകളാകുമ്പോള് കുടുംബമെന്ന മനോഹര സങ്കല്‍പ്പവും അതിനെ ജീവിതത്തോടു ചേര്‍ത്തു നിര്‍ത്തുന്ന സ്നേഹത്തിന്റെ പാലങ്ങളും ഇല്ലാതാകുന്നു. ഒരുവന് സകല ലോകസുഖങ്ങളും സൗഭാഗ്യവും നേടുമ്പോഴും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തരുതെന്ന വേദവാക്യത്തിന്റെ സാരാംശത്തിലേക്ക് ഒടുവില്‍ നാമെത്തപ്പെട്ടേക്കാം.
Comments are closed.