വി മുസഫര്‍ അഹമ്മദിന്റെ സൗദി സിനിമാ ഡയറീസ്
30 വര്‍ഷത്തിലധികമായി തുടര്‍ന്നിരുന്ന സിനിമാ നിരോധനം സൗദി അറേബ്യ നീക്കിയത് അടുത്തിടെയാണ്. ഇതോടെ ഇന്ത്യന്‍ സിനിമയും സൗദിയിലേക്ക് പ്രദര്‍ശനത്തിനെത്താനുള്ള വഴിയൊരുങ്ങിക്കഴിഞ്ഞു. 1980കളിലാണ് സൗദിയില്‍ മതപണ്ഡിതന്‍മാരുടെ അഭിപ്രായം കണക്കിലെടുത്ത് സിനിമാ പ്രദര്‍ശനം നിരോധിച്ചത്. എന്നാല്‍ നിരവധി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച നിലവിലെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ തീരുമാനം റദ്ദാക്കുകയായിരുന്നു.
സൗദി അറേബ്യ ഇതുവരെ പിന്തുടര്‍ന്നിരുന്ന എല്ലാ കാര്യങ്ങളില്‍ നിന്നു വഴിമാറി സഞ്ചരിക്കുകയാണ്. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ സിനിമകള്‍ക്കുള്ള വിലക്കും എടുത്തുകളഞ്ഞത് ഈ അടുത്ത ദിവസങ്ങളിലാണ്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് സിനിമാ വിലക്ക് ഒഴിവാക്കിയത്.
സിനിമാശാലകളില്ലാത്ത നാട്ടില്‍ സിനിമയോടുള്ള അടങ്ങാത്ത ആവേശവുമായി വര്‍ഷങ്ങളോളം ജീവിച്ച ഒരു മലയാളിയെ കുറിച്ചുള്ള ലേഖനം വി. മുസഫര്‍ അഹമ്മദ് തന്റെ മരിച്ചവരുടെ നോട്ടുപുസ്തകം എന്ന പുസ്തകത്തിലൂടെ പങ്കുവെക്കുന്നു….
സൗദി സിനിമാ ഡയറീസ്
2003 ആഗസ്റ്റ് 16 നാണ് തിരക്കഥ എഴുതുവാനായി പച്ചനിറത്തിലുള്ള ചട്ടയുള്ള ഹാര്‍ഡ് ബൗണ്ട് നോട്ട് ബുക്ക് ആ മലയാളി വാങ്ങിച്ചത്. അയാള്‍ നാലു വര്‍ഷമായി ജീവിക്കുന്ന സൗദി അറേബ്യയിലെ മക്കയിലേക്കുള്ള കവാടനഗരമായ ജിദ്ദയില്‍ ഉഗാണ്ടയിലെ മുന്‍ ഭരണധികാരി ഈദി അമീന്‍ മരിച്ച ദിവസമായിരുന്നു അന്ന്. 1971-79 കാലത്ത് ഉഗാണ്ട ഭരിക്കുകയും പിന്നീട് അട്ടിമറിയില്‍ അധികാര ഭ്രഷ്ടനാവുകയും തുടര്‍ന്ന് 23 വര്‍ഷത്തോളം ഈദി അമീന്‍ ജിദ്ദയില്‍ രാഷ്ട്രീയ വനവാസിയായി കഴിയുകയും ചെയ്തു. ആ മലയാളി തൊഴില്‍ തേടി ജിദ്ദയിലെത്തിയ കാലംമുതല്‍ ഈദി അമീനെ കാണാന്‍ കഴിയുമോ, അതിനെന്ത് വഴി എന്ന് ആലോചിക്കുന്നുണ്ടായിരുന്നു. ഈദി അമീന്റെ വിപ്രവാസകാല ജീവിതം ഒരു സിനിമയാക്കണമെന്ന ഭ്രാന്തമായ ആശയം അയാള്‍ക്കുണ്ടായിരുന്നു. അമീന്‍ ഏകാധിപതിയായിരുന്നു എന്ന കാര്യത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ലെങ്കിലും വെള്ളക്കാരോട് കണക്കുതീര്‍ക്കുംമട്ടില്‍ ഉഗാണ്ടയിലെ ഭരണകാലത്ത് എപ്പോഴും
പെരുമാറിക്കൊണ്ടിരുന്നതാണ് അമീന്റെ വീഴ്ചയുടെ യഥാര്‍ഥ ഹേതുവെന്ന തോന്നല്‍ അയാളില്‍ ശക്തമായി ഉണ്ടായിരുന്നു.
അദ്ദേഹം നരഭോജിയാണെന്ന മിത്ത് വെള്ളക്കാര്‍ സൃഷ്ടിച്ചതാണെന്ന കാര്യത്തിന് നിരവധി തെളിവുകള്‍ പുറത്തുവരികയും ചെയ്തിരുന്നു. അരലക്ഷത്തോളം ഇന്ത്യക്കാരെയും പാക്കിസ്ഥാനികളെയും ഉഗാണ്ടയില്‍നിന്നും പുറത്താക്കിയതിനാല്‍ ഇന്ത്യാ-പാക് വിരുദ്ധന്‍ എന്ന പേരും അമീന്‍ സമ്പാദിച്ചു. ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഉഗാണ്ടയുടെ സ്വത്ത് കൊള്ളയടിക്കുന്നുവെന്നാരോപിച്ചായിരുന്നു ഈ നടപടി.
നിങ്ങള്‍ക്ക് കാഴ്ചയെന്തിന് എന്നു ചോദിച്ച് തന്റെ എതിരാളികളെ ഈദി അമീന്‍ അന്ധരാക്കിയതിന് നിരവധി സാക്ഷ്യങ്ങള്‍ ചരിത്രത്തില്‍ ഉണ്ടായി. സാധാരണ ജനങ്ങളുടെ ജീവിതത്തെ മുള്‍മരങ്ങളിലും കമ്പിവേലിപ്പഴുതിലും അദ്ദേഹം തളച്ചിടുകയും ചെയ്തു. പക്ഷേ, ജിദ്ദയില്‍ അമീന്‍ ഏകാധിപതിയുടെ നിരവധി വേനല്‍ക്കാലങ്ങള്‍ പിന്നിട്ട് എല്ലായ്‌പോഴും വിയര്‍ത്തു, എത്ര വെള്ളം കുടിച്ചിട്ടും ദാഹിച്ച് പൊരിഞ്ഞു.
ഈ മലയാളി കേരളത്തില്‍ ജീവിക്കുന്ന കാലത്ത് സിനിമകള്‍ക്കുള്ളില്‍ മുങ്ങിക്കുളിച്ചുകൊണ്ടേയിരുന്ന ഒരാളായിരുന്നു. ശരിക്കുമൊരു സിനിമ-അടിമ എന്നു വിളിക്കണം. സമാന്തര സിനിമകളും ആര്‍ട്ട് സിനിമകളും കാണുകയും സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം ചേര്‍ന്ന് നാട്ടുകാരെ കാണിക്കുകയും ചെയ്തിരുന്ന ഒരാള്‍. പക്ഷേ, സൗദി അറേബ്യയില്‍ സിനിമാശാലകളില്ലാത്തതിനാല്‍ സിനിമയില്ലാതെ എങ്ങനെ ജീവിക്കുമെന്നറിയാതെ 1999-2006 കാലത്ത് വിഷണ്ണനായി കഴിഞ്ഞ ഒരാള്‍. അയാളുടെ പച്ചനിറത്തിലുള്ള ചട്ടയുള്ള ഹാര്‍ഡ് ബൗണ്ട് നോട്ട് ബുക്കില്‍ ആ ഡോക്കു-ഫിക്ഷന്‍ തിരക്കഥയുടെ ഭാഗം ഇപ്പോള്‍ വായിക്കാന്‍ കഴിയുന്ന വിധത്തിലായിട്ടുണ്ട്. 2003-ല്‍ എഴുതിത്തുടങ്ങിയ തിരക്കഥാകുറിപ്പുകള്‍ 2014 നവംബറിലാണ് അയാള്‍ പൂര്‍ത്തിയാക്കിയത്. അവ ഇപ്പോഴും തിരക്കഥാകുറിപ്പുകളുടെ രൂപത്തില്‍തന്നെയാണ്, അതിനെ ഒരു പൂര്‍ണ്ണ തിരക്കഥയാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും സിനിമാശാലകളില്ലാത്ത നാട്ടില്‍ കഴിഞ്ഞ ഒരു സിനിമാകാണിയുടെ ആത്മകഥകൂടിയാണവ.
സിനിമശാലകള്‍ ഇല്ലെങ്കിലും അവിടെ നടന്നിരുന്ന സംഭവങ്ങള്‍ സിനിമകളെ തോല്‍പ്പിക്കും മട്ടിലായിരുന്നു. ക്യാമറയില്‍ പതിയാതെ പോയതാണ് ഈ കുറിപ്പുകളില്‍ ഞാന്‍ ശേഖരിച്ചുവെച്ചിരിക്കുന്നതെന്ന പ്രസ്താവന കുറിപ്പുകളുടെ തുടക്കത്തില്‍ ഒരു ചുമരെഴുത്തുപോലെ കൊത്തിവെച്ചിട്ടുണ്ട്. നോട്ട് ബുക്ക് വാങ്ങിയ ദിവസത്തിന്റെ ഓര്‍മ്മയ്ക്ക് എന്ന നിലയിലോ എന്തോ അത് തുടങ്ങുന്നത് ഈദി അമീനില്‍നിന്നാണ്. ആ മലയാളിയുടെ കുറിപ്പുകളാണ് താഴെ……………………………………………
മരീചികയാണ് ആ ലോങ് ഷോട്ട്
2007 ലെ ബലിപെരുന്നാള്‍ സമയത്ത് അബ്ദുല്ല അല്‍ ഇയ്യാഫിനെ അവിചാരിതമായി അയാള്‍ ഒരിടത്ത് കണ്ടുമുട്ടി. സൗദി അറേബ്യയില്‍ സിനിമ തിയേറ്ററില്ലാത്തതിനെ വിമര്‍ശിച്ച് 2006-ല്‍ ‘500 കിലോമീറ്റര്‍ സിനിമ’ എന്ന ചിത്രമെടുത്ത അബ്ദുള്ള അല്‍ ഇയ്യാഫായിരുന്നു അത്. സൗദിയില്‍ സിനിമാ തിയേറ്ററില്ലാത്തതിനാല്‍ തൊട്ടടുത്ത രാജ്യമായ ബഹ്‌റൈനിലേക്ക് 500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് സിനിമ കാണാന്‍ ഒരാള്‍ നടത്തുന്ന യാത്രയെക്കുറിച്ചുള്ള ഡോക്കുമെന്ററിയാണത്. സത്യത്തില്‍ സിനിമാ തിയേറ്ററുകള്‍ക്കുവേണ്ടിയുള്ള പോരാട്ടം എന്ന് ആ ചിത്രത്തെ വിളിക്കാം. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ വളരെ അടുപ്പത്തിലായി. കേരളത്തിലെ സിനിമാ കാണികളെ, നല്ല സിനിമകള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ–ഇങ്ങനെയുള്ളവരുമായി താങ്കളുടെ ഒരു മുഖാമുഖം നടത്തുക, അത് ഷൂട്ട് ചെയ്യുക–അത് സിനിമ എന്ന സങ്കല്പത്തെക്കുറിച്ചുള്ള ഒരു നല്ല സംവാദമായി മാറാന്‍ ഇടയുണ്ട്. പണമാണോ പ്രതിഭയാണോ സിനിമയെ നിര്‍ണ്ണയിക്കുന്നത് തുടങ്ങി, നിരവധി പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഒരു സംവാദം, താങ്കളതിനോട് സഹകരിക്കുമോ? അബ്ദുല്ല അല്‍ ഇയ്യാഫ് തലകുലുക്കി, ഇപ്പോഴല്ല, പിന്നീടൊരിക്കല്‍.
അദ്ദേഹം തുടര്‍ന്നു. ഞാന്‍ ഒരു ലോങ്ഷൂട്ട് ക്യാമറയിലാക്കാന്‍ കിണഞ്ഞു ശ്രമിക്കുകയും നിരന്തരമായി പരാജയപ്പെടുകയുമാണ്. മരുഭൂമിയിലെ മരീചികയെ പകര്‍ത്തണം. ലോകത്ത് ഇതിനു മുമ്പാരും പകര്‍ത്തിയിട്ടില്ലാത്ത ഒരു ലോങ്‌ഷോട്ട്. മരീചിക ഒരു മനുഷ്യനെ ആകര്‍
ഷിച്ച് കൊണ്ടുപോവുകയും ഒടുവില്‍ അത് മായക്കാഴ്ചയാണെന്ന് തിരിച്ചറിയാന്‍ എത്രയോ കാലംതന്നെ എടുക്കുകയും ചെയ്യുന്ന ആ പ്രതിഭാസം, അതിന്റെ ദൈര്‍ഘ്യം, അല്ല അനന്തത അത് പകര്‍ത്താനുള്ള ശ്രമത്തിലാണ് ഞാന്‍. അത് കഴിഞ്ഞാല്‍ തീര്‍ച്ചയായും നമുക്ക് താങ്കള്‍ പറഞ്ഞ ആശയത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാം. 2012-ല്‍ സൗദി അറേബ്യയില്‍ ആദ്യമായി ഒരു ഫീച്ചര്‍ സിനിമ ജനിച്ചപ്പോള്‍ (സംവിധായിക ഹൈഫ അല്‍ മന്‍സൂറിന്റെ വജ്ദ എന്ന ചിത്രം) ആ സിനിമയുടെ ലഭ്യതയ്ക്കുവേണ്ടി അബ്ദുല്ല അല്‍ ഇയ്യാഫിനെ ടെലഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആ നമ്പര്‍ സ്വിച്ച്‌ഡോഫ് ആയിരുന്നു. ഹൈഫയ്ക്ക് സിനിമയെടുക്കാന്‍ പിന്തുണയും പ്രചോദനവും നല്‍കിയവരില്‍ പ്രധാനി അബ്ദുല്ലയായിരുന്നു. പക്ഷേ, മരീചികയെക്കുറിച്ച് പറഞ്ഞ് പിരിഞ്ഞതിനുശേഷം അദ്ദേഹത്തെ പിന്നീടൊരിക്കലും കാണാനോ ബന്ധപ്പെടാനോ കഴിഞ്ഞില്ല.
സിനിമാജീവിതം തിരിച്ചുകിട്ടി
2006ല്‍ തനിക്ക് സിനിമാകാണി എന്ന ജീവിതം തിരിച്ചുകിട്ടിയതായി അതിന് മുമ്പുള്ള പേജില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജ സി.ഡികളും ഇന്റര്‍നെറ്റില്‍ പൈറ്റേറ്റ് ബേയും ടൊറന്റും സജീവമായപ്പോഴാണ് അയാള്‍ക്ക് തന്റെ സിനിമാജീവിതം തിരിച്ചുകിട്ടിയത്. അക്കാലത്ത് ഒരു യാത്രപോയതും പിന്നീട് കണ്ട ഒരു സിനിമയില്‍ വിശ്വാസം ചിലപ്പോഴെല്ലാം ജീവിക്കാനല്ല മരിക്കാനാണ് സഹായിക്കുക എന്ന് തിരിച്ചറിഞ്ഞതിനെക്കുറിച്ചും എഴുതിയിട്ടുണ്ട്. അതിങ്ങനെയാണ്……………………………………….
Comments are closed.