DCBOOKS
Malayalam News Literature Website

രാജീവ് ശിവശങ്കരന്റെ ഏറ്റവും പുതിയ നോവല്‍ ”പെണ്ണരശ്”

ചിറകുള്ള ആനകളും പഴുതാരക്കാലുകളില്‍ പായുന്ന മരങ്ങളും വയലറ്റ് നിറമുള്ള പുഴകും സംസാരിക്കുന്ന മത്സ്യങ്ങളും നിറഞ്ഞ സ്വപ്‌നങ്ങള്‍ മാത്രം കാണുന്ന ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ രാജീവ് ശിവശങ്കരന്‍ എഴുതിയ നോവലാണ് പെണ്ണരശ്. സമകാലിക ഇന്ത്യന്‍ സ്ത്രീത്വം അനുഭവിക്കുന്ന വേദനകളുടെ നേര്‍ക്കാഴ്ചകളിലേക്ക് വിരല്‍ചൂണ്ടുകയാണ് രാജീവ് ഈ നോവലിലൂടെ.

അപര്‍ണനാരായണന്റെയും ഫ്രാന്‍സിസ് സേവ്യര്‍ അഥവാ പ്രാഞ്ചി എന്ന കലാകാരന്റെയും ഭ്രാന്തമായ പ്രണയത്തിന്റെ, കുറുമ്പുകളും കുസൃതികളും നിറഞ്ഞ ജീവിതത്തിന്റെ, വഴികളിലൂടെയുള്ള യാത്ര ആരെയും കൊതിപ്പിക്കുന്ന ഒന്നാണ്. മുതിര്‍ന്നവരുടെ മാത്രമല്ല, കുട്ടികളുടെയും പ്രകൃതിയുടെയും കാഴ്ചകളിലൂടെ കഥപറയുന്ന തന്ത്രം നോവലിനെ വേറിട്ട അനുഭവമാക്കുന്നു. അവരുടെ മക്കള്‍ അമ്മുവും കുഞ്ഞുണ്ണിയും വായനയുടെ തുടക്കത്തില്‍ത്തന്നെ നമ്മുടെയുള്ളില്‍ കുടിയേറുന്നു. അവരുടെ മുത്തശ്ശന്‍ ‘മണ്ണച്ഛ’നെയും ‘സൂചിയമ്മൂമ്മ’യെയും നമ്മളും വേറിട്ട കണ്ണുകളോടെ നോക്കുന്നു. അതുകൊണ്ടുതന്നെ, നോവലിന്റെ അവസാനം നടുക്കുന്നൊരു സ്വപ്നത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ കല്ലുപ്പുപോലെ വായനക്കാരന്റെ ഹൃദയം ഖനീഭവിക്കുന്നു.

ഭാഷയിലും അവതരണത്തിലുമെല്ലാം പുതിയ വഴികള്‍ സൃഷ്ടിക്കുന്ന പെണ്ണരശ്ശിനെ ഭാവിയില്‍ മലയാളം ശ്രദ്ധേയമായ മൈല്‍ക്കുറ്റിയായി അടയാളപ്പെടുത്തുമെന്നുറപ്പ്.

”വര്‍ത്തമാനകാലത്തില്‍ ഇന്ത്യന്‍ സ്ത്രീത്വം അനുഭവിക്കുന്ന പ്രതിസന്ധികളുടെ നേര്‍സഞ്ചാരമാണ് ഈ നോവല്‍. അതുകൊണ്ടുതന്നെ, സമകാലികമായ ചില ഞെട്ടിക്കുന്ന സംഭവങ്ങളുടെ പകര്‍പ്പ് ഇതിലുണ്ടാകുമെന്നതു സ്വാഭാവികം”- എന്ന് നോവലിസ്റ്റുതന്നെ സാക്ഷ്യപ്പെടുത്തുന്നു.

 

Comments are closed.