ഷാര്‍ജയില്‍ കുട്ടികളുടെ വായനോല്‍സവം ഏപ്രില്‍ 18 മുതല്‍
പത്താമത് ഷാര്‍ജാ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്ലിന് ഏപ്രില്‍ 18ന് തുടക്കമാകും. കുട്ടികളുടെ ഭാവനാവിലാസത്തിന് ചിറകുകള്‍ നല്‍കി അക്ഷരങ്ങളിലൂടെ അവയെ കരുത്താര്‍ജിപ്പിക്കുന്നതിനാണ് ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. 11 ദിവസം നീളുന്ന സാംസ്‌കാരിക പരിപാടികളോടൊപ്പം അന്താരാഷ്ട്ര, പ്രാദേശിക പ്രസാധകരുടെ നിറ സാന്നിധ്യവുംമേളയില്‍ ഉണ്ടാകും. കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും പ്രത്യേകമായ പുസ്തകങ്ങളുടെ നിര തന്നെയാകും ഇവിടെഒരുക്കുക. ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് ഏപ്രില്‍ 28 വരെ നീണ്ടു നില്‍ക്കുന്ന മേള. ലോകോത്തരമായ സാംസ്‌കാരിക വേദികള്‍, കലാപ്രകടനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തന പരിപാടികള്‍, കായിക പ്രാധാന്യമുള്ള പരിപാടികള്‍ എന്നിവ കുട്ടികള്‍ക്കായി പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവലില്‍ വര്‍ധിച്ചു വരുന്ന സാംസ്‌കാരിക പരിപാടികളുടെ പ്രാമുഖ്യം സന്ദര്‍ശകരുടെ വരവിനെയും സ്വാധീനിച്ചിട്ടുണ്ടെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് അല്‍ ആമിരി പറഞ്ഞു. 286 എഴുത്തുകാരും 121 രാജ്യങ്ങളില്‍നിന്നുള്ള അതിഥികളും മേളയുടെ ഭാഗമാവുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ അമീരി ഷാര്‍ജയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘നിങ്ങളുടെ ഭാവി, ഒരു പുസ്തകം അകലെ’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവെലില്‍ സിനിമ ടെലിവിഷന്‍ രംഗത്തുള്ള നിരവധി അറബ് പ്രമുഖരും പങ്കെടുക്കും.അന്താരാഷ്ട്ര തലത്തില്‍ പ്രമുഖരായ പ്രസാധകരും എഴുത്തുകാരും എത്തുന്ന ഫെസ്റ്റിവല്ലില്‍ വിനോദത്തോടൊപ്പം വിദ്യഭ്യാസ അധിഷ്ഠിതമായ പരിപാടികള്‍ കൊണ്ടും കുരുന്നുകളെ ആകര്‍ഷിക്കും. എഴുത്തുകാര്‍ തങ്ങളുടെ രചനകളെ കുരുന്നുകള്‍ക്ക് മുന്നില്‍ സര്‍ഗാത്മകമായി വായിച്ചവതരിപ്പിക്കുന്ന വേദിയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ പരിപാടികള്‍ക്കൊപ്പം അത്യാധുനിക സാങ്കേതിക വിദ്യയെ സമന്വയിപ്പിച്ചുള്ള പ്രത്യേക കാഴ്ചാധിഷ്ഠിത രചനാവതരണ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായൊരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാവി തലമുറയെ ശരിയായ രീതിയില്‍ വാര്‍ത്തെടുക്കണമെന്ന ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിനു മുഹമ്മദ് അല; ഖാസിമിയുടെ ദര്‍ശനമാണ് മേളയുടെ പ്രചോദനമെന്ന് അഹമ്മദ് അല്‍അമീരി പറഞ്ഞു. പ്രവേശനം സൗജന്യമാണ്.
ഏറെ പുതുമകളുള്ള മേളയില്‍ ഇക്കുറി ആദ്യമായി ത്രിമാന പുസ്തകങ്ങളുടെ പ്രദര്‍ശനവും ,ഫ്യൂച്ചര്‍ മെഷീന്‍ പ്രദര്‍ശനവും നടക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റീലിജന്‌സ്, റോബോട്ടിക്‌സ് എന്നിവയുടെ അടിസ്ഥാന തത്വങ്ങളും, ശാസ്ത്ര സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ അറിവുകളും ഫ്യൂച്ചര്‍ മെഷീന്‍ പ്രദര്‍ശനത്തില്‍ കുട്ടികള്‍ക്ക് മുന്നിലെത്തും. എട്ട് കാലഘട്ടങ്ങളിലെ പുസ്തകങ്ങളാണ് ത്രിമാന പ്രദര്‍ശനത്തില്‍ നിരത്തുക.
വായനോത്സവത്തില്‍ സമൂഹമാധ്യമങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. നിരവധി സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സേഷ്‌സ് പങ്കെടുക്കും. സാമൂഹികമാധ്യമങ്ങളിലെ അപകടങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും ഇതോടൊപ്പം നടക്കും.
Comments are closed.