ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലാല ജന്‍മനാടായ പാക്കിസ്ഥാനില്‍ എത്തി
മലാല യുസഫ് സായ് ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ജന്‍മനാടായ പാക്കിസ്ഥാനില്‍ കാലുകുത്തി. പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിന്റെ പേരില്‍ താലിബാന്‍ ഭീകരര്‍ വെടിവച്ചു വീഴ്ത്തിയശേഷം ഇതാദ്യമായാണ് മലാല വീണ്ടും പാക്കിസ്ഥാനില്‍ കാലുകുത്തുന്നത്.മാതാപിതാക്കള്‍ക്കൊപ്പമാണ് മാലാല വീണ്ടും ജന്മനാട്ടില്‍ എത്തിയത്.
നാലു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മലാല പാകിസ്ഥാനില്‍ എത്തിയത്. അതേസമയം, സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. മലാലയുടെ സുരക്ഷാ കാരണങ്ങളാലാണ് ഇക്കാര്യം പുറത്തുവിടാത്തത്. നേരത്തെ മലാല പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ വധിക്കുമെന്ന് താലിബാന്‍ ഭീഷണിയുയര്‍ത്തിയിരുന്നു.
സന്ദര്‍ശനത്തിനിടെ മലാല പാക്ക് പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസി, സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തന്റെ കുടുംബവീട് സന്ദര്‍ശിക്കാന്‍ മലാല എത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
2012 ഒക്ടോബറിലാണ് സ്‌കൂളില്‍നിന്നുള്ള മടക്കയാത്രയ്ക്കിടെ സ്‌കൂള്‍ബസില്‍ വച്ച് മലാലയെ ഭീകരര്‍ ആക്രമിച്ചത്. അന്ന് 14 വയസ്സു മാത്രമായിരുന്നു മലാലയ്ക്കു പ്രായം. ശിരസ്സിനു ഗുരുതരമായി മുറിവേറ്റ മലാല പതിയേ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു.
ലണ്ടനിലെ ബര്‍മിങ്ങാമില്‍നിന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മലാലയ്ക്ക് 2014ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.
Comments are closed.