DCBOOKS
Malayalam News Literature Website

ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പിന്തുണയുമായി സുഭാഷ് ചന്ദ്രന്‍..

പാഠ്യപദ്ധതിയിലും ഗവേഷണത്തിനും തന്റെ കവികതകള്‍ ഇനിമേലാല്‍ ഉള്‍പ്പെടുത്തരുത് എന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആവശ്യം വിവിധ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. കവി സച്ചിദാനന്‍, എം ടി വാസുദേവന്‍ നായര്‍, സംവിധായകന്‍ കെ ബി വേണു തുടങ്ങി സാഹിത്യ സാംസ്‌കാരിക രംഗത്തുള്ള പലരും ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ കെട്ടസീരിയലുകളില്‍ അഭിനയിക്കുന്നത് ആദ്യം നിര്‍ത്തു എന്നാണ് ഒരുകൂട്ടം ആളുകള്‍ വിമര്‍ശിച്ചത്.

ഇപ്പോള്‍ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനും ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഇവിടെ ആള്‍ക്കൂട്ടം നിങ്ങളേയും പിടികൂടിയിരിക്കുന്നു. ചീത്തക്കവിതകളുടെ പേരില്‍ നിങ്ങളെ കൊല്ലാന്‍ അവര്‍ക്കു സാധിക്കായ്കയാല്‍ ചീത്ത സീരിയലുകള്‍ എന്നവര്‍ മാറ്റിപ്പറയുന്നു. ഇനി നിങ്ങള്‍ നല്ല സീരിയലില്‍ മാത്രം അഭിനയിക്കുന്ന ഒരാളാണെന്നു വന്നാല്‍ അവര്‍ നിങ്ങളുടെ കക്കൂസ് മാന്താന്‍ വരും. നിങ്ങള്‍ മേധത്തിനുകൊള്ളാത്ത മാലിന്യം വിസര്‍ജ്ജിച്ചു ടാങ്കില്‍ സംരക്ഷിക്കുന്നയാളാണെന്നു വിധിയെഴുതുമെന്നും സുഭാഷ് ചന്ദ്രന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് മുന്നറിയിപ്പ് നല്‍കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബാലചന്ദ്രനൊപ്പം എന്ന ഹാഷ് ടാഗോടെയാണ് സുഭാഷ് ചന്ദ്രന്റെ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിലേക്ക്;

ബാലചന്ദ്രനൊപ്പം

ജൂലിയസ് സീസര്‍ കൊല്ലപ്പെട്ടപ്പോള്‍ ആള്‍ക്കൂട്ടം ചെയ്തതും ഇതുതന്നെ. ബ്രൂട്ടസ്സെന്നും കാസ്‌കയെന്നും സിന്നയെന്നും പേരുള്ള ചിലരാണ് വധത്തിനുപിന്നില്‍ എന്നുമാത്രമേ ആള്‍ക്കൂട്ടത്തിനു തിരിഞ്ഞുള്ളൂ. ആ പേരുകളുള്ള സകലരേയും തിരഞ്ഞുപിടിച്ച് വധിക്കാന്‍ ഒരുമ്പെട്ടു ഹാലിളകിയ ആള്‍ക്കൂട്ടം. അങ്ങനെയവരുടെ കയ്യില്‍ സിന്ന എന്നു പേരുള്ള ഒരു പാവം വന്നുപെട്ടു. ‘ഞാന്‍ നിങ്ങളന്വേഷിക്കുന്ന ഗൂഢാലോചകനല്ല; ഒരു പാവം കവി മാത്രം!’ അടികൊണ്ട് അയാള്‍ നിലവിളിച്ചു.

‘എങ്കില്‍ അവന്റെ പൊട്ടക്കവിതകളുടെ പേരില്‍ അവനെ കൊന്നേക്കുക!’, ആള്‍ക്കൂട്ടത്തിന്റെ മൂപ്പന്‍ജീവിതത്തില്‍ നല്ലതോ ചീത്തയോ ആയ ഒരൊറ്റക്കവിതപോലും വായിച്ചിട്ടില്ലാത്ത ആ ഭ്രാന്തന്‍ നായ കല്‍പ്പിച്ചു.  ആള്‍ക്കൂട്ടം സിന്നയെ അടിച്ചുകൊന്നു.

പ്രിയ ബാലചന്ദ്രന്‍! ഇവിടെ ആള്‍ക്കൂട്ടം നിങ്ങളേയും പിടികൂടിയിരിക്കുന്നു. ചീത്തക്കവിതകളുടെ പേരില്‍ നിങ്ങളെ കൊല്ലാന്‍ അവര്‍ക്കു സാധിക്കായ്കയാല്‍ ചീത്ത സീരിയലുകള്‍ എന്നവര്‍ മാറ്റിപ്പറയുന്നു. ഇനി നിങ്ങള്‍ നല്ല സീരിയലില്‍ മാത്രം അഭിനയിക്കുന്ന ഒരാളാണെന്നു വന്നാല്‍ അവര്‍ നിങ്ങളുടെ കക്കൂസ് മാന്താന്‍ വരും. നിങ്ങള്‍ മേധത്തിനുകൊള്ളാത്ത മാലിന്യം വിസര്‍ജ്ജിച്ചു ടാങ്കില്‍ സംരക്ഷിക്കുന്നയാളാണെന്നു വിധിയെഴുതും.

അതുകൊണ്ട് ആള്‍ക്കൂട്ടത്തെ നോക്കി ദൈവത്തെപ്പോലെ മന്ദഹസിക്കൂ. അവരുടെ വോട്ട് വേണ്ടെന്നു പറയൂ. അവരത് ഉമ്മന്‍ ചാണ്ടിക്കോ പിണറായിക്കോ നരേന്ദ്രമോഡിക്കോ ചെയ്ത് രസിച്ചോട്ടെ. താങ്കള്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന കാലത്ത് എന്നെപ്പോലെ ചിലര്‍ താങ്കളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടെന്നു മനസ്സിലാക്കി ഓരോ ദിവസവും ഉറങ്ങാന്‍ കിടക്കൂ!
സ്വന്തം
സുഭാഷ് ചന്ദ്രന്‍

Comments are closed.