DCBOOKS
Malayalam News Literature Website

പകര്‍പ്പവകാശം സ്വതന്ത്രമാകുമെന്ന നിബന്ധനക്കെതിരെ ആഞ്ഞടിച്ച് അമിതാഭ് ബച്ചന്‍

തന്റെ പിതാവും കവിയുമായ ഹരിവംശിറായ് ബച്ചന്റെ സൃഷ്ടികള്‍ക്കുമേല്‍ തനിക്ക് മാത്രമാണ് അവകാശമെന്ന് അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമത്തിലെ എഴുത്തുകാരന്‍ മരിച്ച് അറുപത് വര്‍ഷം കഴിയുമ്പോള്‍ പകര്‍പ്പവകാശം സ്വതന്ത്രമാകുമെന്ന നിബന്ധനക്കെതിരെയാണ് അമിതാഭ് ബച്ചന്റെ പ്രതികരണം.

2003ലാണ് പ്രമുഖ ഹിന്ദി കവിയായ ഹരിവംശിറായ് ബച്ചന്‍ അന്തരിച്ചത്. നിലവിലെ പകര്‍പ്പവകാശ നിയമപ്രകാരം 2063 ല്‍ മാത്രമേ ഹരിവംശിറായ് ബച്ചന്റെ കൃതികള്‍ പകര്‍പ്പവകാശം സ്വതന്ത്രമാകുകയുള്ളൂ. 1957ലെ പകര്‍പ്പവകാശ നിയമം(ഇത് 2012ല്‍ ഭേദഗതി ചെയ്യപ്പെട്ടു) അനുസരിച്ച് എല്ലാ കലാസാഹിത്യ സൃഷ്ടികളുടെയും പകര്‍പ്പവകാശം സൃഷ്ടാവിന്റെ മരണത്തിന് ശേഷം അറുപതു വര്‍ഷം കഴിയുമ്പോള്‍ സ്വതന്ത്രമാകും. ഈ നിയമത്തിനെതിരെയാണ് അമിതാഭ് ബച്ചന്‍ തന്റെ ബ്ലോഗിലൂടെ ആഞ്ഞടിച്ചത്.

ആരാണ് അറുപതു വര്‍ഷം എന്ന കാലാവധി നിര്‍ണയിച്ചത്? അതെന്തുകൊണ്ട് അറുപത്തിയൊന്നോ എന്നെന്നേക്കുമോ അല്ല? എന്റെ പാരമ്പര്യസ്വത്ത് എന്റേതുമാത്രമായിരിക്കട്ടെ. അറുപതു വര്‍ഷം എന്ന നിശ്ചിത കാലയളവിനുശേഷം അതു മറ്റൊരാളുടേതാകാന്‍ പാടില്ല. ഞാന്‍ എന്റെ അച്ഛന്റെ മകനാണ്. അദ്ദേഹം എനിക്കാണ് അദ്ദേഹത്തിന്റെ എല്ലാ സ്വത്തിന്‍മേലും അവകാശം നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ എന്റേതുമാത്രമായിരിക്കട്ടെ… എന്റേതുമാത്രം! അവ പൊതുസ്വത്താക്കാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല. അമിതാഭ് ബച്ചന്‍ തന്റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

അതേസമയം, സൃഷ്ടാവിന്റെ ജീവിതകാലത്തും അതു കഴിഞ്ഞ് കുറഞ്ഞത് 50 വര്‍ഷം വരെയെങ്കിലും പകര്‍പ്പവകാശം ഉറപ്പുവരുത്തണം എന്നാണ് കണ്‍വെന്‍ഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ലിറ്റററി ആന്‍ഡ് ആര്‍ട്ടിസ്റ്റിക് വര്‍ക്‌സിലെ കരാര്‍ പറയുന്നത്. ബേണില്‍ നടന്ന കണ്‍വെന്‍ഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ലിറ്റററി ആന്‍ഡ് ആര്‍ട്ടിസ്റ്റിക് വര്‍ക്‌സിലെ കരാറില്‍ ഒപ്പുവച്ച രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇന്ത്യയും.

എന്നാല്‍ പല എഴുത്തുകാരും ജീവിതകാലത്തു തന്നെ സ്വമേധയാ പകര്‍പ്പവകാശം സ്വതന്ത്രമായി പ്രഖ്യാപിക്കാറുണ്ട്. അറിവും കലയുമെല്ലാം സാമൂഹികമായ ഉല്‍പ്പന്നം കൂടിയാണെന്നിരിക്കേ അവയെ സ്വകാര്യ സ്വത്തായി നിലനിര്‍ത്തുന്നതിനു തുല്യമായ നീണ്ട പകര്‍പ്പവകാശ കാലാവധി ആവശ്യമില്ലെന്ന വാദവും ശക്തമാണ്.

Comments are closed.