DCBOOKS
Malayalam News Literature Website

പെരുമാള്‍ മുരുകന്റെ പുതിയ നോവല്‍ ‘പൂനാച്ചി’

മതവര്‍ഗീയവാദികളുടെയും ജാതി സംഘടനകളുടെയും ഭീഷണിയില്‍ മനംനൊന്ത് എഴുത്ത് നിര്‍ത്തിയ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍പൂനാച്ചി’ (PoonachiorThe Story of a Black Goat) എന്ന നോവലിലൂടെ സാഹിത്യലോകത്തേക്ക് തിരിച്ചുവരികയാണ്. ‘കറുത്ത ആടിനെ’ കേന്ദ്ര കഥാപാത്രമാക്കി എഴുതിയ നോവലില്‍ തമിഴ്‌നാട്ടില്‍ 140 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട ഏറ്റവും വലിയ വരള്‍ച്ചയാണ് ചര്‍ച്ച ചെയ്യുന്നത്.

”എനിക്ക് മനുഷ്യരെക്കുറിച്ച് എഴുതാന്‍ ഭയമാണ്. ദൈവങ്ങളെക്കുറിച്ചെഴുതാന്‍ അതിലേറെ ഭയമാണ്. പശുവിനെയോ പന്നിയെക്കുറിച്ചോ പറയുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാലാണ് പ്രശ്‌നരഹിതമായ, നിരുപദ്രവികളായ ആടുകളെക്കുറിച്ച് എഴുതാന്‍ തീരുമാനിച്ചതെന്ന്” നോവലിന്റെ ആമുഖത്തില്‍ പെരുമാള്‍ മുരുകന്‍ പറയുന്നു.

എന്റെ കുട്ടിക്കാലത്ത് ദാരിദ്ര്യമുണ്ടായിരുന്നു. എന്നാല്‍ കൃഷി ഒരു ജോലിയായിരുന്നില്ല, ജീവിതമായിരുന്നു. എല്ലായ്‌പ്പോഴും ജീവിക്കുന്നതുപോലെ തോന്നിയിരുന്നു. എന്റെ ഗ്രാമത്തില്‍ എനിക്ക് ഒന്നും നഷ്ടപ്പെട്ടിരുന്നില്ലെന്നും പെരുമാള്‍ മുരുകന്‍ പറയുന്നു. പെരുമാള്‍ മുരുകന്റെ ഏറെ വിവാദം സൃഷ്ടിച്ച ‘മാതോരുഭാഗന്‍’ എന്ന നോവലിന് ശേഷം പുറത്തിറങ്ങുന്ന നോവലാണ് ‘പൂനാച്ചി’.

കൊച്ചിയില്‍ നടന്ന കൃതി അന്താരാഷ്ട്രപുസ്തകോത്സവത്തിന്റെ ഭാഗമായി ബോള്‍ഗാട്ടി പാലസിലെ എം പി പോള്‍ വേദിയിലാണ് തന്റെ പുതിയ നോവലിനെക്കുറിച്ചുള്ള സൂചനകള്‍ പെരുമാള്‍ മുരുകന്‍ നല്‍കിയത്.

Comments are closed.