DCBOOKS
Malayalam News Literature Website

ആ കുട്ടിയുടെ ജീവന്‍ രക്ഷിച്ചില്ലായിരുന്നെങ്കില്‍ തീരാദുഃഖമായി ഇന്നും അവശേഷിച്ചേനെ; നിക്ക് ഉട്ട്

ലോകത്താകമാനമുള്ള ഫോട്ടാഗ്രാഫര്‍മാര്‍ക്ക് ആത്മവീര്യം നല്‍കിയ വിഖ്യാത ഫോട്ടോജേണലിസ്റ്റ് നിക്ക് ഉട്ട് വിയറ്റ്‌നാമിലെ യുദ്ധകെടുതികളെക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ ഒരിക്കല്‍കൂടി പങ്കുവച്ചു. കോട്ടയം ഡി സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ ഓര്‍മകള്‍ ഒരിക്കല്‍ക്കൂടി പങ്കുവെച്ചത്.

ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്ക് ചിത്രം പകര്‍ത്തുക മാത്രമല്ല, ആ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കുകകൂടിയാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മരണത്തെ നേരില്‍ക്കണ്ട് പുകമറയില്‍നിന്ന് നിലവിളിച്ചോടിവരുന്ന പെണ്‍കുട്ടിയെയും ബോംബേറില്‍ തന്റെ മുന്നില്‍ മരിച്ചുവീണ കൊച്ചുകുട്ടിയെയും അദ്ദേഹം ഓര്‍മിച്ചു. ചിത്രം പകര്‍ത്തിയ ഉടന്‍തന്നെ ബോംബ് സ്‌ഫോടനത്തില്‍ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ പോലും കത്തിപ്പോയ പെണ്‍കുട്ടിയെ അദ്ദേഹം കോരിയെടുത്ത് ആശുപത്രിയിലെത്തിച്ചു. അവളുടെ ശരീരത്തിലെ തൊലി മുഴുവന്‍ പൊള്ളിയടര്‍ന്നനിലയിലായിരുന്നു. ആശുപത്രിയിലെ തിരക്കില്‍ അവളെ ശ്രദ്ധിക്കാതിരുന്ന അധികൃതരെ, തന്റെ മീഡിയാപാസ് കാട്ടി ഗൗരവം ബോധ്യപ്പെടുത്തി അവളിലേക്ക് ശ്രദ്ധതിരിതക്കുകയായിരുന്നു. ഇന്ന് ആ പെണ്‍കുട്ടി എന്നെ അങ്കിള്‍ എന്നാണ് വിളിക്കുന്നത്. എനിക്ക് മകളെപ്പോലെയാണവള്‍, അദ്ദേഹം പറഞ്ഞു.’അന്ന് ആ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ പോയിരുന്നെങ്കില്‍ തീരാദുഃഖമായി ഇന്നും അവശേഷിച്ചേനെ…’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോള്‍ റോ, സിനി കെ തോമസ്, കെ ആര്‍ മീര എന്നിവര്‍ സമീപം

ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ്, നിക്ക് ഉട്ടിന്റെ സുഹൃത്തുമായ ലോസ് ഏഞ്ചല്‍സ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോ, കെ ആര്‍ മീര, രവി ഡി സി എന്നിവര്‍ പങ്കെടുത്തു.

മാധ്യമപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ നിക്ക് ലോകത്താകമാനമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് സിനി കെ തോമസ് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. ഒപ്പം, യുദ്ധകെടുതിയില്‍ നിന്നും നിക്ക് ഉട്ട് ജീവിതത്തിലേക്ക് രക്ഷപെടുത്തിയ കിംഫുക്കിനെ അടുത്തവര്‍ഷം കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് സിനി കെ തോമസ് പറഞ്ഞു. നിക്കിനെ അനുഗമിക്കുന്ന റോള്‍ റോ നിക്കിന്റെ കടുത്ത ആരാധകനാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നിക്ക് ഉട്ട് ഡി സി മ്യൂസിയം സന്ദര്‍ശിക്കുന്നു

മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പുതിയൊരനുഭവമായിരുന്നു. ഡി സി ബുക്‌സ്, കേരളാ ഫോട്ടോഗ്രാഫ് അസോസിയേഷന്‍ ജില്ലാ ഘടകം എന്നിവര്‍ അദ്ദേഹത്തിന് മൊമന്റോയും നല്‍കി ആദരിച്ചു.

 

Comments are closed.