DCBOOKS
Malayalam News Literature Website

ഒരു ഭയങ്കര കാമുകന്‍

പുതുതലമുറയിലെ മൗലീക കഥാശബ്ദമാണ് തിരക്കഥാകൃത്തും ചെറുകഥാകൃത്തുമായ ഉണ്ണി ആറിന്റേത്. ലീല അടക്കമുള്ള അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാര്‍ക്ക് ഏറെ പ്രിയവുമാണ്. എഴുത്തിന്റെയും ഭാഷയുടെയും വ്യത്യസ്തമായ ശൈലിയാണ് ഉണ്ണിയുടെ കഥകളെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഈ വ്യത്യസ്തത അദ്ദേഹത്തിന്റെ ഒരു ഭയങ്കര കാമുകന്‍ എന്ന കഥാസമാഹാരത്തിലും കാണാം. ഭൂതം, ഡിവൈന്‍ കോമഡി, ഒറ്റപ്പെട്ടവന്‍, ജലം തുടങ്ങി ഒന്‍പതു കഥകളുടെ സമാഹാരമാണ് ഒരു ഭയങ്കര കാമുകന്‍. ഇതില്‍ ഏറ്റവും വലുത് കഥാസമാഹരത്തിന്റെ പേരു കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്ന ഒരു ഭയങ്കര കാമുകന്‍ എന്ന കഥതന്നെയാണ്.

പേരുപോലെതന്നെ സംഭ്രമിപ്പിക്കുന്ന ഒരു കാമുകത്വം വഹിക്കുന്ന രചനാരീതിയും കഥാപാത്രസൃഷ്ടിയും തന്നെയാണ് ഈ കഥയെ വ്യത്യസ്തമാക്കുന്നത്. രതിയെ വിഭ്രാമാത്മകമാക്കുകയാണ് ഈ ചെറുകഥയില്‍ ചെയ്യുന്നത്. ചെറുകഥകള്‍ എന്നാല്‍ ചെറു കഥകള്‍ മാത്രമല്ലെന്നും അതിനു നീളം നിശ്ചയിക്കേണ്ടത് എഴുത്തുകാരന്‍ മാത്രമാണെന്നും ഉണ്ണി ആര്‍ വിശദീകരിക്കുന്നുണ്ട്. ലീല പോലെയുള്ള, ഒരു ഭയങ്കര കാമുകന്‍ പോലെയുള്ള കഥകളുടെ നീളം എഴുത്തിന്റെ ഭ്രാമാത്മകതയില്‍ വന്നു പോയതാണെന്നും വായനക്കാര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല.

സാത്താന്റെ വചനങ്ങള്‍ എന്ന കഥതികച്ചും മനസ്സിനെ നിശബ്ദമാക്കുന്ന കുറച്ചു ഏടുകളാണ്. വായിക്കാനും എഴുതാനും അറിയാത്ത  കുഞ്ഞിക്കണ്ണിന്റെ ഊണും ഉറക്കവും പുസ്തകങ്ങള്‍ക്കൊപ്പമാകുമ്പോള്‍ അതിനെ അയാള്‍ ശ്വസിക്കുന്നു, അതിലയാള്‍ ജീവിക്കുന്നു എന്നത് വൈരുദ്ധ്യമാണ്. പുസ്തകത്തിലെ ‘ജലം’ എന്ന കഥയില്‍ വിഭ്രമാത്മകമായ ചില വൈകാരിക നിമിഷങ്ങളിലൂടെ വായനക്കാരന്‍ കടന്നു പോകുന്നു. ‘ഒരു ഭയങ്കര കാമുകന്‍ ‘ ലെ ഓരോ കഥകളും വ്യത്യസ്തമായ തലത്തില്‍ വായനക്കാരെ വിഭ്രാമിപ്പിക്കുന്നത് തന്നെയാണ്. ഡി സി ബു്ക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആറാമത് പതിപ്പ് പുറത്തിറങ്ങി.

ഉണ്ണി ആറിന്റെ ഒരു ഭയങ്കര കാമുകന്‍ ലാല്‍ ജോസ് സിനിമിയുമാക്കുന്നുണ്ട്. ഉണ്ണി തന്നയാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.

 

Comments are closed.