സിതാര എസിന്റെ കഥകള്‍
സാഹിത്യലോകത്തെ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ചകളില്‍ ഒന്നായ പെണ്ണെഴുത്തിന്റെ മാറുന്ന മുഖങ്ങളാണ് സിതാര എസിന്റെ കഥകളുടെ സവിശേഷത. സ്ഥിരം സ്ത്രീ കഥാപാത്രങ്ങളില്‍ നിന്ന് മാറിച്ചിന്തിക്കുന്ന പെണ്‍കുട്ടികളും സ്ത്രീകളും സിതാരയുടെ കഥകളില്‍ കടന്നുവരുന്നു.പലരും വായനക്കാരെ അതിശയിപ്പിച്ച് കടന്നുപോകുകയും പിന്നീട് മനസ്സിനെ വേട്ടയാടാനെത്തുകയും ചെയ്യുന്നു. സിതാരയുടെ സമാഹരിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് കഥകള്‍: സിതാര എസ്.
അഗ്നി എന്ന കഥയില്‍ പ്രിയ മൂന്നു കാമഭ്രാന്തന്മാരാല് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നതാണ് ആദ്യം കാണുന്നത്. പിറ്റേന്ന് അവരില്‍ രണ്ടുപേരെ കണ്ടുമുട്ടുന്ന രംഗം ഇങ്ങനെയാണ്. ‘ഇന്നലെ എങ്ങനെയുണ്ടായിരുന്നു?’ അയാള്‍ പെട്ടന്നൊരാഭാസച്ചിരിയോടെ ചോദിച്ചു.
മൂന്നുനാലു സെക്കന്റ് അയാളുടെ കണ്ണുകളിലേക്കു വെറുതെനോക്കി പ്രിയ സാധാരണമട്ടില്‍ പുഞ്ചിരിച്ചു. ‘നിങ്ങള്‍ ഒട്ടും പോരായിരുന്നു…’ അയാളുടെ മുഖത്തെ ചിരിമാഞ്ഞ് അത് ഇരുളുന്നതു കണ്ടുകൊണ്ട് അവള് തുടര്‍ന്നു. ‘നിങ്ങള്‍ക്കു കരുത്തു കുറവാണ്. ഒരു പെണ്ണിനെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്കാവും എന്ന് തോന്നുന്നില്ല.’ അവള് പിന്നെ രവിയുടെ നേരേ തിരിഞ്ഞു. ‘പക്ഷെ നിന്നെ എനിക്കു നല്ലവണ്ണം ഇഷ്ടമായി. നീ ഒരു അസ്സല് പുരുഷനാണ്.’
ദൈവവിളി, നൃത്തശാല, പരകായം, ഉപജീവനം, കളി, വധു, ഇടം, സാക്ഷി, ചതി, ചതുപ്പ്, വിഷനിഴല്‍, സ്പര്‍ശം എന്നിങ്ങനെ 52 കഥകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. സാറാ ജോസഫ്, പി. പി. രവീന്ദ്രന് എന്നിവരെഴുതിയിരിക്കുന്ന പഠനങ്ങളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. 2013ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ നാലാമത് പതിപ്പ് പുറത്തിറങ്ങി.
കേന്ദ്രസാഹിത്യ അക്കാദമി ഗോള്‍ഡന്‍ ജൂബിലി യുവസാഹിത്യ പുരസ്കാരം, ഗീതാഹിരണ്യന്‍ എന്‍ ഡോവ്മെന്റ് അവാര്‍ഡ്, കേളി വി.പി.ശിവകുമാര്‍ സ്മാരക അവാര്‍ഡ്, ഡല്‍ഹി കഥാ അവാര്‍ഡ്, വനിത കഥാ അവാര്‍ഡ് എന്നിവ സിതാരയെ തേടിയെത്തിയിട്ടുണ്ട്. വേഷപ്പകര്‍ച്ച, ഇടം, നൃത്തശാല, കറുത്തകുപ്പായക്കാരി തുടങ്ങിയവയാണ് മറ്റു പ്രധാന കഥാസമാഹരങ്ങള്‍. ഇവയില്‍നിന്ന് തിരഞ്ഞെടുത്തതും പ്രസിദ്ധീകൃതമല്ലാത്തതും ആയ കഥകളാണ് കഥകള്‍: സിതാര എസ് എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Comments are closed.