മാല്‍ഗുഡി പങ്കുവയ്ക്കുന്ന കഥകള്‍
സാങ്കല്പികമായ ഒരു ഗ്രാമമാണ് എന്ന് എഴുത്തുകാരന് തന്നെ പറയുമ്പോഴും നമുക്ക് ചിരപരിചിതമാണെന്ന തോന്നലുളവാക്കുന്ന സ്ഥലമാണ് മാല്‍ഗുഡി. ഈ ഗ്രാമത്തെയും അവിടുത്തെ ജനങ്ങളേയും വായനക്കാര്‍ യാഥാര്‍ത്ഥ്യമെന്ന് കരുതി സ്നേഹിച്ചു. ഈ അപൂര്‍വ്വമായ ഭാഗ്യം സിദ്ധിച്ച ലഭിച്ച സാഹിത്യകാരനാണ് ആര്.കെ. നാരായണ്‍. മാല്‍ഗുഡിയെ പശ്ചാത്തലമാക്കി അദ്ദേഗം എഴുതിയ കഥകളുടെ സമാഹാരമാണ് മാല്‍ഗുഡി ഡേയ്സ്.
1943ന്റെ തുടക്കത്തില്‍ പുറത്തുവന്ന മാല്‍ഗുഡി ഡേയ്സിന്റെ തുടര്‍ച്ചയായി ആര്.കെ.നാരായണ്‍ എഴുതിയ പല രചനകളിലും മാല്‍ഗുഡി കടന്നുവന്നു. പ്രസിദ്ധീകരിച്ച് 70 വര്ങ്ങളിലധികം പിന്നിട്ടിട്ടും ഈ കഥകള്‍ മനുഷ്യ മനസ്സുകളില്‍ നിന്ന് മായാതെ നില്‍ക്കുന്നത് നമ്മുടെയൊക്ക ജീവിതങ്ങളില്‍ വന്നേക്കാവുന്ന അസാധാരണങ്ങളായ സംഭവങ്ങള്‍ പ്രമേയങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു മാത്രമാണ്. ജീവിതത്തില്‍ നമ്മള് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും വിഷമതകളും നര്‍മ്മത്തില്‍ ചാലിച്ച ഭാഷയിലാണ് ഈ കഥകളില്‍ ആര്. കെ നാരായണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
വിവിധ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ട മാല്‍ഗുഡിയുടെ കഥകള്‍ 2009ല്‍ മാല്‍ഗുഡി ദിനങ്ങള്‍ എന്നപേരില്‍ മലയാളത്തിലേയ്ക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. സാധാരണക്കാരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങളെ കേന്ദ്രമാക്കി ജീവിതത്തിന്റെ അനിശ്ചിതത്ത്വങ്ങള്‍ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന 32 കഥകളാണ് മാല്‍ഗുഡി ദിനങ്ങള്‍ എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഗൃഹാതുരത്വത്തിന്റെ സുഖമുള്ള നോവുമായി വായനക്കാരനെ അലട്ടുന്ന ഈ കഥകള്‍ വിവര്‍ത്തനമെന്ന് തോന്നിക്കാത്ത വിധത്തില്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് റോയ് കുരുവിളയാണ്. പുസ്തകത്തിന്റെ ഒമ്പതാമത് പതിപ്പ് പുറത്തിറങ്ങി.
ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാരനായ ആര്.കെ.നാരായണന്റെ ആദ്യനോവല്‍ 1935ല്‍ പ്രസിദ്ധീകരിച്ച സ്വാമി ആന്‍ഡ് ഹിസ് ഫ്രണ്ട്സ് ആണ്. നോവല്‍, ചെറുകഥ, സ്മരണ, യാത്രാവിവരണം, ഇതിഹാസ പുരാണ കഥകളുടെ പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി ഇരുപത്തഞ്ചിലധികം കൃതികള്‍ പ്രസിദ്ധീകരിച്ചു. ദി ഗൈഡിന് 1960ലെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഇത് വഴികാട്ടി എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1964ല്‍ പത്മഭൂഷണ്‍, 2000ല്‍ പത്മവിഭൂഷണ്‍ എന്നിവ നേടി.
Comments are closed.