പി എന്‍ ഗോപീകൃഷ്ണന്റെ കവിതകള്‍
മലയാളത്തിലെ ഉത്തരാധുനിക കവികളിലൊരാണ് പി.എന്‍. ഗോപീകൃഷ്ണന്. കാലികപ്രസക്തിയുള്ള കവിതകളാണ് അദ്ദേഹത്തിന്റേത്. ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും നിരന്തസാന്നിദ്ധ്യം എല്ലാ കവിതകളിലും കാണാം. ബിരിയാണി/ ഒരു സസ്യേതര രാഷ്ടീയ കവിത, ഒരു കാസര്‍കോടന്‍ കഥ തുടങ്ങി അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട കവിതകള്‍ ഇതിനുദാഹരണമാണ്. ഭക്ഷണത്തിന്റെ പേരില്‍ വേലിതീര്‍ത്ത് ജനതയെവേര്തിരിക്കുന്ന പുതിയ രാഷട്രീയ പരിസരത്തില്‍ രസനകൊണ്ട് നോക്കിക്കാണുന്ന ഗോപീകൃഷ്ണന് എന്ന കവിക്ക് വെറുതേ നോക്കിനില്‍ക്കാനാവില്ല. അദ്ദേഹത്തില്‍ ഏറ്റവും സജീവമായി പ്രവര്ത്തിന്ന ഇന്ദ്രീയം നാവാണ്. ഇവിടെ, നാവ് രുചിയുടെ അടയാളം മാത്രമല്ല, മനുഷ്യനില്‍ പിന്നീട് വികസിച്ച ഭാഷയുടെയും അടിസ്ഥാനമാണ്. രുചിയുടെ വലുനാക്കും ഭാഷയുടെ ചെറുനാക്കുമാണ് ഗോപീകൃഷ്ണന്റെ കവിതയുടെ കേന്ദ്രങ്ങള്‍.
‘നരകത്തീയില്‍ വെന്ത്
രുചി സ്വര്‍ഗം രചിച്ച
ആ അപൂര്‍വ്വ നെയ്ത്തിനെ? ‘
എന്ന വിശേഷണം ബിരിയാണിയെകുറിച്ചാണെങ്കിലും സന്ദര്‍ഭത്തില്‍നിന്ന് വിഭജനത്തിന്റെ ഭയാനകമായ മുറിവുകള്‍ വെച്ചുകെട്ടി ഭിന്നതകളെ ഇണക്കിച്ചേര്‍ത്ത ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ നെയ്തെടുക്കല്‍ തന്നെയാണ് ലക്ഷ്യംവയ്ക്കുന്നത്. ഇങ്ങനെ തീറ്റ, കുടി, മാംസം, പഴം, തട്ടുകട, വിശപ്പ്, ദാഹം, വയറ് തുടങ്ങിയ പദങ്ങളുടെ ധാരാളിത്തം അദ്ദേഹത്തിന്റെ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
ഡി സി ബുകസ് പുറത്തിറക്കിയ പി എന്‍ ഗോപീകൃഷ്ണന്റെ ഏറ്റവും പുതിയ കവിതാസമാഹരത്തിലും ഈ വാക്കുകളുടെ ധാരാളിത്തമുണ്ട്. ബിരിയാണിയും മറ്റുകവിതകളും എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തില്‍ ‘ഏറിയാട്ടെ സിദ്ദിക്ക്’, ‘പ്രേതം’,’ലൂസിയുടെ കോഴി’, ‘രണ്ട്’, ‘ബിരിയാണി/ ഒരു സസ്യേതര രാഷ്ടീയ കവിത’, ‘ഒരു കാസര്‍കോടന്‍ കഥ’ തുടങ്ങി പതിമൂന്നുകവിതകളാണ് സമാഹരിച്ചിരിക്കുന്നത്.
അല്പം നീണ്ട കവിതകളാണ് എല്ലാം. സാമൂഹികരാഷട്രീയപശ്ചാത്തലത്തലേക്ക് വിരല്ചൂണ്ടുന്നവയാണ് ഈ കവിതകളെല്ലാം. ഉമ്മര്‍ ടി കെ രചിച്ച പഠനത്തോടൊപ്പമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് കാവ്യാസ്വാദനത്തിന് ഏറെ സഹായകമാണ്.
Comments are closed.