2017 ല്‍ ശ്രദ്ധിക്കപ്പെട്ട നോവലുകള്‍
നോവല്‍ ആവിഷ്‌കരിക്കുന്ന ദേശപ്പലമയും ജീവിതപ്പലമയുമാണ് മറ്റുചില പുതുനോവലുകളെ ശ്രദ്ധേയമാക്കുന്നത്. 2017 ല്‍ ചില പുതിയ താരോദയങ്ങളും ഉണ്ടായി. പുതുതലമുറയിലെ എഴുത്തുകാരുടെ നോവലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതില്‍ ഒസ്സാത്തി, അശരണരുടെ സുവിശേഷം, ചെപ്പും പന്തും, ബഹുരൂപികള്‍, മഞ്ഞനദികളുടെ സൂര്യന്‍, പൊനോന്‍ ഗോംബെ എന്നീ നോവലുകളാണുള്ളത്.
ബീനയുടെ ഒസ്സാത്തി പ്രവാസത്തിന്റെയും മുസ്ലിം സമുദായത്തിന്റെയും ക്ഷുരകവിഭാഗത്തിന്റെയും കഥ പറയുന്നു.
നോവലിസ്റ്റായ നിരുപമയുടെയും രഞ്ജന്റെയും നക്‌സലിസത്തിന്റെയും കഥയാണ് ഷീബ ഇ.കെ.യുടെ മഞ്ഞനദികളുടെ സൂര്യനില്‍ പ്രമേയമാകുന്നത്.
ഫ്രാന്‍സിസ് നൊറോണ തന്റെ ആദ്യനോവലായ അശരണരുടെ സുവിശേഷത്തില്‍ കടലോരജീവിതങ്ങളെ ആഖ്യാനവല്‍ക്കരിച്ചുകൊണ്ട് മലയാളനോവലില്‍ ഒരു പുതിയ തുറയും തുറസ്സും തുറന്നിടന്നു. നിശിതവും ഊര്‍ജ്ജസ്വലവുമായ കഥനം. ചെറുകഥകളിലൂടെ ഫ്രാന്‍സിസ് നൊറോണ സൃഷ്ടിച്ച ആഖ്യാനവാഗ്ദാനങ്ങളുടെ പടര്‍ന്നുപൂവിടല്‍.
ജാലവിദ്യയിലെ ഒരിനമാണ് ചെപ്പും പന്തും. ഈ കണ്‍കെട്ടുവിദ്യയെ ഉബൈദിന്റെയും മുകുന്ദന്റെയും ജീവിതങ്ങളുമായി കണ്ണിചേര്‍ത്ത് ആഖ്യാനമാന്ത്രികത സൃഷ്ടിക്കുകയാണ് വി എം ദേവദാസ്, അതേ പേരുള്ള നോവലില്‍. രണ്ടുഭാഗങ്ങളായെഴുതപ്പെട്ട മികച്ച ആഖ്യാനം.
ആഫ്രിക്കന്‍ പശ്ചാത്തലമാണുള്ളത് ജൂനൈദ് അബൂബക്കറിന്റെ
പൊനോന്‍ ഗോംബെ എന്ന നോവലിന്. ദേശാഖ്യാനമാണ് തമ്പി ആന്റണിയുടെ ഭൂതത്താന്‍ കുന്ന് എന്ന നോവലിലും നമ്മള്‍ കാണുന്നത്.
ഒരു ദേശത്തിന്റെ കഥയാണ് പി. കണ്ണന്‍കുട്ടിയും എഴുതുന്നത്, ബഹുരൂപികള്‍ എന്ന നോവലില്‍. പരുത്തിപ്പുള്ളിയാണാ ദേശം. ടെലിവിഷനും ഇന്റര്‍നെറ്റിനും ഐ.ടി.ക്കും ആഗോളവല്‍ക്കരണത്തിനും മുന്‍പുള്ള ആഖ്യാനകാലം. സമകാലിക മലയാളനോവല്‍ ആവിഷ്‌കരിക്കുന്ന ദേശപ്പലമയില്‍ ഈ നോവലിനും സ്ഥാനമുണ്ട്.
ഈ പുതുനോവലുകളുടെ വായന, മനുഷ്യാനുഭവങ്ങളിലൂടെയുള്ള ദേശാന്തരയാത്രകളുടെ സമൃദ്ധാനുഭവം പകരും. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ നോവലാണ് സമകാലീന മലയാളസാഹിത്യത്തിലെ ഏറ്റവും സജീവമായ സാഹിത്യജനുസ്സ് എന്ന ധാരണയെ ഉറപ്പിക്കാന്‍ പോന്ന കൃതിസഞ്ചയം. വൈവിധ്യത്തിന്റെ നോവല്‍ വസന്തം.
Comments are closed.