DCBOOKS
Malayalam News Literature Website

പ്രണയത്തിന്റെയും രതിയുടെയും കാണാപ്പുറങ്ങള്‍ തേടുന്ന നോവല്‍

മലയാള വായനക്കാരെ സ്വാധീനിച്ച അന്യഭാഷ എഴുകാരില്‍ പ്രധാനിയാണ് പൗലോകൊയ്‌ലോ. അദ്ദേഹത്തിന്റെ അതിപ്രശസ്തമായ ഒരു നോവലാണ് ‘അഡല്‍റ്റ്‌റി’. 2014 ഏപ്രിലില്‍ പോര്‍ച്യുഗീസ് ഭാഷയിലാണ് അഡല്‍റ്റ്‌റി എന്ന ഈ നോവല്‍ ആദ്യമായി പ്രസിദ്ധീകൃതമാവുന്നത്. ഈ നോവലിന്റെ മലയാള പരിഭാഷയാണ് അഡല്‍റ്റ്‌റി. പ്രണയത്തിന്റെ രതിയുടെയും അപരിചിതഭൂമിലൂടെ സഞ്ചരിച്ച് തന്റെ വിരസജീവിതത്തില്‍ നിന്ന് മോചനം കണ്ടെത്തുന്ന ലിന്‍ഡ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് നോവല്‍.

ആകര്‍ഷണീയമായ വ്യക്തിത്വത്തിനും ആരും അസൂയപ്പെടുന്ന ജീവിതശൈലിക്കും ഉടമയാണ് ലിന്‍ഡ. സമ്പന്നനായ ഭര്‍ത്താവിനും സ്‌നേഹനിധികളായ രണ്ടു മക്കളുമായി ജീവിതം നയിക്കുന്ന ലിന്‍ഡ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകയാണ്. കുടുംബത്തിന്റെ പരിചരണത്തില്‍ മുഴുകി ജീവിക്കുന്ന അവള്‍ മറ്റുള്ളവരുടെ കണ്ണുകളില്‍ പൂര്‍ണ്ണത നിറഞ്ഞ ജീവിതത്തിനുടമയായിരുന്നെങ്കിവും ലിന്‍ഡ സന്തുഷ്ടയായിരുന്നില്ല. തന്റെ ജീവിതത്തിലെ തീഷ്ണ വികാരങ്ങളുടെ അഭാവം തിരിച്ചറിയുന്ന ലിന്‍ഡ അവളിതുവരെ സഞ്ചരിക്കാത്ത പാതയിലേക്ക് യാത്ര തുടങ്ങുന്നു.

വിരസജീവിതത്തില്‍നിന്ന് മോചനം നേടാനുള്ള ലിന്‍ഡയുടെ യാത്രയില്‍ അവളുടെ കൗമാരകാല പ്രണയിതാവും ഇപ്പോള്‍ പ്രശസ്തനായ രാഷ്ട്രീയ നേതാവുമായ ജേക്കബ് കോനിഗ് ആകസ്മികമായി കടന്നുവുന്നു. ഇതോടെ അവളുടെ ജീവിതം മാറിമറിയുന്നതായി ലിന്‍ഡ തിരിച്ചറിയുന്നു. തന്റെയുള്ളില്‍ അടക്കി വെച്ചിരുന്ന വികാരങ്ങളുടെ കെട്ടുകള്‍ പൊട്ടിച്ച് പ്രണയത്തിന്റെ തീവ്രതലങ്ങളിലേക്ക് അയാള്‍ക്കൊപ്പം അവള്‍ യാത്ര തിരിക്കുകയാണ്. ക്രൂരമായി മാറുന്ന ലൈംഗിക വിനോദങ്ങളിലും ആനന്ദം അനുഭവിച്ചുകൊണ്ട് ലിന്‍ഡ തന്റെ ജീവിതത്തിന്റെ താളം കണ്ടെത്തുന്നു.

വായനക്കാരെ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രണയത്തിന്റെയും രതിയുടെയും മേച്ചില്‍പ്പുറങ്ങളിലേക്ക് കൊണ്ടുപോവുന്നു ഈ നോവല്‍. ഒരു കുടുംബജീവിതം എത്രതന്നെ തൃപ്തികരമെങ്കില്‍ക്കൂടി അത് ഒരു സ്ത്രീയെ തൃപ്തിപ്പെടുത്തുന്നുവോ എന്നതിന്റെ നേരന്വേഷണമാണ് അഡല്‍റ്ററി.നഷ്ടമുള്ളതിനെ തേടിപ്പോകുന്ന മനുഷ്യന്റെ സ്വത്വബോധത്തിന്റെ ഉള്‍ക്കാഴ്ചയാണ് അഡല്‍റ്ററിയുടെ പ്രധാന ആകര്‍ഷണം.  പ്രസിദ്ധീകരിച്ച നാള്‍ തൊട്ട് ലോകമെമ്പാടുമുള്ള പുസ്തകപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റാന്‍ അഡല്‍റ്റ്‌റിക്കു കഴിഞ്ഞു. ബെസ്റ്റ്‌സെല്ലറുകളായ പുസ്തകങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു അഡല്‍റ്റ്‌റിയും.

വി. രാധാമണിക്കുഞ്ഞമ്മയാണ്  അഡല്‍റ്റ്‌റി  മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

 

Comments are closed.