DCBOOKS
Malayalam News Literature Website

ശ്രേഷ്ഠമലയാളം 2017ല്‍ ചര്‍ച്ച ചെയ്ത കവിതാ പുസ്തകങ്ങള്‍- രാജേന്ദ്രന്‍ എടത്തുംകര തയ്യാറാക്കിയ പഠനം

2017ല്‍ മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരുടെയും പുതിയ എഴുത്തുകാരുടെയും മികച്ച രചനകള്‍ പുറത്തിറങ്ങിയത് ഡി സി ബുക്‌സിലുടെയായിരുന്നു. മുന്‍വര്‍ഷങ്ങളിലേതുപോലെതന്നെ ഇക്കൊല്ലവും ഓരോ വിഭാഗത്തിനും അര്‍ഹമായ പ്രാധാന്യം നല്കുന്നതിനായി സാഹിത്യകൃതികള്‍ , വിവര്‍ത്തനകൃതികള്‍, ആത്മകഥ, ജീവചരിത്രം, നിരൂപണം, പഠനം, ചരിത്രം എന്നിവയ്ക്കായി ഡി സി ബുക്‌സ്, ജനപ്രിയനോവലുകള്‍, തിരക്കഥകള്‍, ഡിറ്റക്ടീവ് നോവലുകള്‍ , സെലിബ്രിറ്റികളുടെ ആത്മകഥകള്‍ എന്നിവയ്ക്കായി ലിറ്റ്മസ്, സെല്‍ഫ്‌ഹെല്പ്, ഓഹരി, പാചകം, കുടുംബശാസ്ത്രം, ആരോഗ്യം, തുടങ്ങിയവയ്ക്കായി ഡി സി ലൈഫ്, ഭക്തി, പുരാണം, വാസ്തു, എന്നിവയ്ക്കായി സാധന, മത്സരപരീക്ഷകള്‍ക്കുള്ള പുസ്തകങ്ങള്‍ക്കായി ഐ റാങ്ക്, ഡിക്ഷനറികള്‍ക്കും സ്‌കൂള്‍-കോളേജ് റഫറന്‍സുകളുമായി ഡി സി റഫറന്‍സ്, വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളുമായി മാമ്പഴം എന്നീ ഇംപ്രിന്റുകളില്‍ മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട ഗരിമയാര്‍ന്ന പുസ്തകങ്ങള്‍ കൈരളിക്കു സമര്‍പ്പിക്കുവാന്‍ ഡി സി ബുക്‌സിനു സാധിച്ചു.

കാമ്പുള്ള കവിതകളും 2017 വായനക്കാര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അതില്‍ മലയാളിയുടെ പ്രിയങ്കരനായകാവാലം നാരായണപ്പണിക്കര്‍,ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും സച്ചിദാനന്ദന്റെയും, കുരീപ്പുഴയുടെയും  ശ്രീകുമാരന്‍ തമ്പിയുടെയും വിജയലക്ഷ്മിയുടെയുമെല്ലാം കവിതാസമാഹരങ്ങള്‍ ഉള്‍പ്പെടെ 16 പുസ്തകങ്ങളാണ് പുറത്തിറങ്ങിയത്. പ്രമേയംകൊണ്ടും ആലാപന സൗകുമാര്യകണ്ടും വായനക്കാരുടെ മനസ്സുകീഴടക്കിയ കവിതാസമാഹാരങ്ങള്‍ പരിചയപ്പെടാം.

തയ്യാറാക്കിയത്; മടപ്പള്ളി ഗവ. കോളേജില്‍ മലയാളം അദ്ധ്യാപകനും എഴുത്തുകാരനുമായ രാജേന്ദ്രന്‍ എടത്തുംകര.

  1. ‘വയസ്സില്ലാ വായ്ത്താരി

കാവാലം നാരായണപ്പണിക്കരുടെ തെരഞ്ഞെടുത്ത അമ്പത്തിയഞ്ച് കവിതകളുടെ സമാഹാരമാണ് ‘വയസ്സില്ലാ വായ്ത്താരി.’ കുട്ടനാടന്‍ പ്രകൃതിയില്‍ നിന്നൂം ഉരുവംകൊണ്ട് ഏതു നാടിന്റെയും തനിമയിലേക്ക് ലയിക്കാവുന്ന വിധത്തില്‍ വളര്‍ന്ന കാവാലത്തിന്റെ കവിത, വായ്ത്താരിപുതഞ്ഞ താളവും ചിരിപുതഞ്ഞ ഭാവവുംകൊണ്ട് സമ്പന്നം. ‘ഉലകിനൂ മേലെന്‍ ചിരി രാവിലൂടെ/ പ്പുലരിയെ നിര്‍മ്മിപ്പൂ’എന്ന് ചിരിയുടെ തേജസ്സിനെ കാവാലം അസ്സലായി കണ്ടറിയുന്നു. ‘കത്തണ്ടേ കര്‍ത്തവ്യത്തിന്‍/പൊരൂളറിയും പെരൂമാളേ’എന്ന് ആകാശത്തേക്കു നോക്കിയും ‘കുറുമ്പെഴുമെറുമ്പുകൂട്ടത്തിന്/ ഭയഭക്തികളില്ല, വൈരാഗ്യവുമില്ല’എന്ന് മണ്ണിലേക്ക് നോക്കിയും കാവാലം നടക്കൂന്നൂ. കാവാലത്തിന്റെ കാവ്യക്ഷേത്രത്തില്‍ നദിയാണ് മുഖ്യപ്രതിഷ്ഠ. ദേശമാണ് ശ്രീകോവില്‍. ഋതുക്കളും തിണകളും പാട്ടുകളും കഥകളും നാട്ടുമൊഴികളും ആട്ടച്ചുവടുകളും അര്‍ച്ചനകള്‍. ദൂരത്തിലും കാലത്തിലും പ്രാചീനമായ ഏതോ ബിന്ദുവില്‍നിന്നൂം, പേരുചൊല്ലി വിളിക്കാനാവുന്ന പരിചയങ്ങള്‍ കാവാലത്തിന്റെ കവിതയിലേക്ക് സസ്യജന്തുചരതങ്ങളായും പുരാവൃത്തങ്ങളായും നാട്ടുകഥകളായും ഘോഷയാത്ര നടത്തുന്നു. അതിന്റെകൂടെ നടക്കൂമ്പോള്‍, ഏതോ ഒരൂ ആറാട്ടുമുറ്റത്ത്, പ്രിയപ്പെട്ട കണ്ണുകളുടെ അനൂയാത്രയ്ക്ക് വിധേയപ്പെട്ട് തുടിമുഴക്കത്തിന്റെ മദിപ്പിക്കുന്ന ലഹരിയില്‍ ഇപ്പോള്‍ ചുവടുവെച്ചുപോവുമെന്ന് ലയിച്ചുത്രസിച്ചുനടക്കൂന്നതുപോലുണ്ട്: ‘പൊട്ടന്‍ വരണണ്ടേ…ആര്‍പ്പോ/ പൊടുപൊട്ടന്‍ വരണണ്ടേ ഹീയ്യോ.’ കാവാലം എന്ന ആ അനൂഭവത്തിന്റെ മറ്റൊരൂ പേരാണ്, മലയാളിത്തം എന്ന് ഈ സമാഹാരം ഉറപ്പുപറയുന്നൂ.

2.  അയ്യപ്പപ്പണിക്കരുടെ തിരഞ്ഞെടുത്ത കവിതകള്‍

മലയാളകവിതയിലെ ഏറ്റവും വലിയ ‘പരിഷ്‌കാരഭ്രമി’യുടെ പേര് അയ്യപ്പപ്പണിക്കര്‍ എന്നുതന്നെയായിരിക്കൂം. കവിതയുടെ രൂപഭാവങ്ങളെ നിരന്തരം പരിഷ്‌കരിക്കൂന്നതില്‍ അദ്ദേഹം സദാ ശ്രദ്ധപുലര്‍ത്തിപ്പോന്നു. ‘പൂക്കാതിരിക്കാനെനിക്കാവതില്ലേ’ എന്ന് അദ്ദേഹം എന്നൂം വസന്തര്‍ത്തു മാത്രമായി. നമ്മുടെ ഒന്നാം ആധുനികതയിലും രണ്ടാം ആധൂനികതയിലും ആധുനികോത്തരതയിലും അദ്ദേഹം തരംപോലെ ഇടപെട്ടു. ജീവിതത്തിന്റെ സാധാരണവും അസാധാരണവുമായ ഉടലൊരുക്കങ്ങളെ മയത്തില്‍ തലോടിയും കരൂത്തില്‍ തല്ലിയും ആ കവിതകള്‍ വളര്‍ന്നു. അലിവും അനൂകമ്പയും പരിഹാസവും വിമര്‍ശവും പാരഡിയുമായി അത് തെഴുത്തു. അയ്യപ്പപ്പണിക്കരുടെ കാവ്യലോകത്തിന്റെ കാലിഡോസ്‌കോപ്പ് കാഴ്ചയാണ് കല്‍പറ്റ നാരായണന്‍ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ ‘അയ്യപ്പപ്പണിക്കരുടെ തിരഞ്ഞെടുത്ത കവിതകള്‍.’ തന്നെ എത്രതന്നെ പരിഷ്‌കരിച്ചാലും തൃപ്തിയാകാത്ത താന്‍പോരിമയാണ് അയ്യപ്പപ്പണിക്കര്‍. പണിക്കരിസം ഉപയോഗിച്ചാല്‍, പണിക്കര്‍ എന്നല്ല പണിക്കാര്‍ എന്നാണു പറയേണ്ടത്, അത്രയേറെ സര്‍ഗശേഷിപ്പെരുക്കമുണ്ട് ആ കവിതകളില്‍. ഒരു സര്‍റിയലിസ്റ്റ് പ്രേമഗാനവും അഗ്നിപൂജയും കുരുക്ഷേത്രവും കുടുംബപുരാണവും പകലുകള്‍ രാത്രികളും പോലെ ഭാവുകത്വത്തില്‍ നിര്‍ദ്ദയമായ അഴിച്ചുപണി നടത്തിയ കവിതകളും ഇണ്ടന്‍, വിദ്യയെന്ന അഭ്യാസം, അഖിലേന്ത്യാ ബന്ദുകളി, വീഡിയോ മരണം എന്നിവപോലെ പാസ്റ്റിഷിനെയും പാരഡിയെയും രൂപമാറ്റംചെയ്ത കവിതകളും ഗോത്രയാനം, മരണത്തിനപ്പുറം, ഹവാന തുടങ്ങിയ ശില്‍പത്തികവിന്റെ ക്ലാസ്സിക്കല്‍ ഉദാഹരണങ്ങളും ഒരൂ സമ്പുടത്തില്‍ നിരന്നിരിക്കുമ്പോള്‍ അയ്യപ്പണിക്കര്‍ എന്ന മരത്തിന്റെ ചില്ലകള്‍ തമ്മില്‍ത്തമ്മില്‍ എത്ര വ്യത്യസ്തം എന്ന് അമ്പരന്നുപോകും. വൈറ്റ് ഹൗസിലെ പുല്ലുവെട്ടുകാരന്‍ ഒരൂ രാഷ്ട്രത്തെ രക്ഷിക്കുന്നു എന്ന് ചിരിക്കുന്ന മമത, ‘എത്ര ബുദ്ധന്മാര്‍ വെറൂം പ്രതിമാപ്രശസ്തരായ്’ എന്നു ചിരിക്കൂന്ന കരൂണ, ”വിളക്കൊക്കെയൂതി/ക്കഴിഞ്ഞിട്ടുവീണ്ടൂം/’വെളിച്ചം വെളിച്ചം!’/വിളിക്കുന്ന മര്‍ത്യനെ” നോക്കിച്ചിരിക്കുന്ന സഹാനുഭൂതി, ‘അറിയുന്നു ഗോപികേ നിന്നെ’ എന്നു പറയാനാവുന്ന സഹവര്‍ത്തിത്വം, ‘പൂവായ് കായായ് ഭവിക്കിലും/ ഓര്‍മിക്കാന്‍ ഓര്‍ത്തുലാളിക്കാന്‍/ ഈ സ്‌നിഗ്ധത സഹായമാം’ എന്നൂ ഭാവിക്കുന്ന ലാളിത്യം- അയ്യപ്പപ്പണിക്കരെ വായിക്കുമ്പോള്‍ പ്രതിനവരസങ്ങളായ് പരിണമിക്കുന്ന ഭാവങ്ങളുടെ പട്ടികയിലൂടെ വായനക്കാര്‍ കടന്നൂപോകുന്നു. ‘ഇവിടെ വെളിച്ചം, ചൂട്, സ്‌നേഹം/ ഇവിടെ ജീവിതം!’ എന്ന വരി ഈ സമാഹാരത്തിന്റെ തലക്കുറിയായി വിന്യസിക്കാവുന്നതാണ്.

3. സമുദ്രങ്ങള്‍ക്കു മാത്രമല്ല’

ഒറ്റ ശ്രുതിയില്‍ പെയ്യാത്ത മഴ എന്നോ പല ശ്രുതികളില്‍ ഒഴുകൂന്ന പുഴ എന്നോ

സമുദ്രങ്ങക്കു മാത്രമല്ല

സച്ചിദാനന്ദനെ രൂപകപ്പെടുത്താം. നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഉന്മിഷത്തായ ആ കാവ്യജാഗ്രതയുടെ നവപ്രകാശമാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ‘സമുദ്രങ്ങള്‍ക്കു മാത്രമല്ല’ എന്ന സമാഹാരം. മനുഷ്യന്‍ പിന്നിട്ട എല്ലാറ്റിനെയും വിചാരണചെയ്യുന്ന നാല്‍പതു കവിതകളാണ് ഉള്ളടക്കം. ഈ സമാഹാരത്തിലും സച്ചിദാനന്ദന്റെ കവിത, തീവ്രമായ ഒരൂ രാഷ്ട്രീയാന്വേഷണമായി, ഭൂമിയില്‍നിന്നും മാഞ്ഞുപോയ നിറങ്ങളുടെയും ഭാഷകളുടെയും പാട്ടിനെ പിന്തുടരുന്നു. ഭാഷയേക്കാള്‍ രൂക്ഷമായ മൗനത്തില്‍ പ്രതിഷേധംനിറച്ച്, ഇനിയുമേറെ ഗൗതമന്മാരെ ബുദ്ധരാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന കരൂതലുകളുടെ വലിയ മനൂഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. മരിച്ചവരൂടെ അതിജീവനങ്ങളെ ഓര്‍ത്ത് അഭിമാനംകൊള്ളുന്നു. ഇരുട്ടിന്റെ ഗുഹയിലൂടെയും ദുസ്സ്വപ്നത്തിന്റെ ആഴത്തിലൂടെയും നടന്നൂപോകുന്നവരെ കരൂണയോടെ പിന്തുടരുന്നു. ഓര്‍മയിലൂടെ ഭൂതത്തെയും പ്രതീക്ഷയിലൂടെ ഭാവിയെയും കരൂതലുകളിലൂടെ വര്‍ത്തമാനത്തെയും കവിതയുടെ നിത്യസന്ദര്‍ശകരാക്കുന്ന സച്ചിദാനന്ദന്‍ പ്രഭാവം ഈ സമാഹാരത്തിലും സുശക്തം. ‘വെളിച്ചത്തെക്കൂറിച്ച്/ വാതോരാതെ സംസാരിക്കൂന്ന ഗുരൂക്കന്മാരെ/ അതെത്ര മുകളിലാണ്?/ വിപ്ലവത്തെക്കൂറിച്ച്/ എനിക്ക് പഠിപ്പിച്ചുതന്ന പ്രവാചകരേ/അതെത്ര അകലെയാണ്’ എന്ന് കവിതയില്‍ അവിശ്വാസത്തിന്റെയും അന്വേഷണത്തിന്റെയും പ്രകടനപത്രിക. അതിന്റെ ബലത്തില്‍, മലകള്‍ക്കും പുഴകള്‍ക്കും ആകാശത്തിനും വേണ്ടി, നാടുകള്‍ക്കൂം നഗരങ്ങള്‍ക്കും നാദമില്ലാത്ത മനൂഷ്യര്‍ക്കുംവേണ്ടി, സച്ചിദാനന്ദന്‍ വിരാമചിഹ്നമില്ലാത്ത നിത്യപ്രതിപക്ഷം. ‘ഇവിടെ മരണത്തിന്റെ നൃത്തത്തിനെതിരെ/ നാം ആദ്യത്തെ കൂട്ടിച്ചുവടുകള്‍ വയ്ക്കുന്നു/ പാടാതിരുന്ന പാട്ടുകള്‍ പേടികൂടാതെ പാടുന്നു.’

4. ‘അവശേഷിപ്പുകള്‍’

അവശേഷിപ്പുകള്‍

മുപ്പത്തിയെട്ട് കവിതകള്‍ ചേര്‍ത്തുവെച്ചിരിക്കൂന്നൂ ശ്രീകുമാരന്‍ തമ്പിയുടെ ‘അവശേഷിപ്പുകള്‍’ എന്ന സമാഹാരത്തില്‍. എത്രപാടിയാലും തീരാത്ത ഗീതത്തെയാണ് ശ്രീകുമാരന്‍ തമ്പി ജീവിതം എന്നൂ വിളിക്കൂന്നത്. അതിനാല്‍ ‘ഇനിയെന്തു പാടുവാന്‍’ എന്ന ചോദ്യത്തിന് ഇടമില്ലാത്ത ഭൂമിയില്‍ അദ്ദേഹത്തിന്റെ കവിതകള്‍ പിറക്കുന്നു. എല്ലാം പറഞ്ഞുതീര്‍ന്നൂ എന്നൂ തോന്നിയാലും എന്തെങ്കിലുമൊരൂ വാക്ക് ഇനിയും പറയാനുണ്ടാകുമെന്നും എല്ലാം പകര്‍ന്നുകഴിഞ്ഞു എന്നു കരുതിയാലും ഒരൂ ചുംബനമെങ്കിലും ഇനിയും സമര്‍പ്പിക്കാനുണ്ടാവുമെന്നുമുള്ള നിതാന്തമായ പ്രതീക്ഷയുടെ ബലം ഈ സമാഹാരത്തിനുണ്ട്. ഗാര്‍ഹസ്ഥ്യത്തിന്റെ സ്വസ്ഥമായ തണലിടങ്ങളെ വല്ലാത്തൊരു ഉള്‍പ്രേമത്തോടെ ആശ്ലേഷിയ്ക്കുന്നു ഈ കവിതകള്‍. ആരൂമില്ലെങ്കിലൂം ‘നീയൊരാളെങ്കിലൂം’ കാത്തിരിക്കാനൂണ്ടാകുമെന്നു ദൃഢമായി സങ്കല്‍പിക്കുന്ന; ഗാര്‍ഹസ്ഥ്യത്തിന്റെ പരിമിതിയില്‍ നിന്നും വികസിപ്പിച്ചാല്‍, മനൂഷ്യനില്‍ പുലര്‍ത്തുന്ന പ്രബലമായ വിശ്വാസത്തെയാണ് തമ്പിയുടെ കവിതകള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്. നിരാലംബമായ നിമിഷങ്ങളുടെ ഉത്തരമായി സ്‌നേഹത്തെ പരിഗണിക്കുന്ന കവിമാര്‍ഗം ഈ സമാഹാരത്തിലും ദൃശ്യമാണ്. അതിനാല്‍, കവിതയിലെ പൂര്‍വ ഋതുക്കളെ അത് സൗകൂമാര്യത്തോടെ ഓര്‍മിപ്പിക്കുന്നു. ‘വായുവില്‍പ്പോലും വിഷം നിറച്ചു/ ഭൂമിയില്‍ ഞങ്ങള്‍ നിണം നിറച്ചു’ എന്നൂം ‘പുന്നെല്ലിന്നരികിട്ടും ഷോപ്പേതെന്നറിയുവാന്‍/ഗൂഗിളില്‍ കയറിനോക്കാം’ എന്നൂം സമകാലികതയുടെ വിമര്‍ശം അവിടവിടെ വന്നൂപോകുന്നുവെങ്കിലും, അടിസ്ഥാനപരമായി ജീവിതത്തിന്റെ മധുരതരമായ ചിരന്തനശ്രുതിയ്ക്ക് ചെവിയോര്‍ത്തുനില്‍ക്കുന്ന ഒരു പഥികന്റെ ഗാനങ്ങളാണ് ഈ കവിതകള്‍; കൊടിയ ദു:ഖവും നിടിയ മധുരമെന്നു നിനയ്ക്കൂന്ന ഗാനങ്ങള്‍.

5.  ‘നില്‍പുമരങ്ങള്

‘നില്പുമരങ്ങള്‍’.

കെ.ജയകൂമാറിന്റെ ‘നില്‍പുമരങ്ങള്‍’ എന്ന സമാഹാരത്തില്‍ സമകാലികതയെ ക്രൂരമായി നിര്‍വചിക്കുന്ന നാല്‍പ്പത്തിയഞ്ചു കവിതകളുണ്ട്. മരങ്ങളെ മനൂഷ്യരായി വിലമതിക്കുന്ന, കാടിനെ ലോകമായി വിലയിരുത്തുന്ന ‘നില്‍പുമരങ്ങള്‍‘ എന്ന കവിത വിപരീതബോധത്തിന്റെ നിര്‍മിതിയിലൂടെ സംസ്‌കാരം എന്ന പരികല്‍പനയെ അടുത്തുകാണുന്നു. ഭീകരയന്ത്രജന്തു നിര്‍ത്താതെ കരയുന്ന കാട്ടില്‍നിന്നും ‘വേരൂകളില്‍ മിന്നല്‍പ്പിണറിന്റെ ബീജകോശങ്ങളുമായി’ മരങ്ങള്‍, ജ്വരബാധിതരായ കൂഞ്ഞുങ്ങളെയോര്‍ത്ത് ഒരേനില്‍പു നില്‍ക്കൂന്നൂ. ചില്ലകളിലിരിക്കാതെ വട്ടമിട്ടുപറക്കുന്ന കാട്ടുപക്ഷികള്‍, തലതകര്‍ന്ന പുള്ളിപ്പുലി, പുഴയുടെ പിടഞ്ഞുമരിച്ച ഗോത്രബന്ധു, പക്ഷാഘാതമേറ്റ ഇലവുമരം- നില്‍പുമരങ്ങളുടെ കാഴ്ചകള്‍ മുഴുവന്‍ നാഗരികത സൂക്ഷിച്ച സൗന്ദര്യപ്രേമത്തിന്റെ വിപര്യയങ്ങളാണ്. ആദിമമായ ഒരു സാര്‍ഥകപാരമ്പര്യത്തിന്റെ, ഇപ്പോള്‍ ബഹിഷ്‌കൃതമായ ഒരു കണ്ണി അനൂഭവിക്കുന്ന ആ കാഴ്ചകളുടെ പൊരുളാണ് കവിത അവശേഷിപ്പിക്കുന്ന ജീവിതവിമര്‍ശം. ‘വിദ്വേഷച്ചെന്നായ്ക്കളെയും/ നോവണലികളെയും/ പ്രതിരോധിക്കാന്‍/ എന്താണുപായം?’ എന്ന് മറ്റൊരൂ കവിതയില്‍ ജയകൂമാര്‍ ചോദിക്കൂന്നൂണ്ട്. എല്ലാം മാറിപ്പോയോ എന്ന സങ്കടവും എന്താണന്വേഷിയ്‌ക്കേണ്ടത് എന്ന സന്ദേഹവും എന്താണ് ഓര്‍ക്കേണ്ടത് എന്ന സമാലോചനയും എങ്ങോട്ടാണ് നടക്കേണ്ടത് എന്ന സമസ്യയും ഈ സമാഹാരത്തില്‍ കെട്ടുപിണഞ്ഞുകിടക്കൂന്നു; പുതിയകാലത്തിന്റെ ദുഷ്‌കരപ്രശ്‌നങ്ങള്‍ എന്ന നിലയില്‍. ജലവചനങ്ങള്‍ ‘ഗൂഢലിപിയിലെഴുതിയ ദുരന്തസൂചനകള്‍’ വായിക്കാന്‍ കഴിയുന്ന നിമിഷത്തിലേ മനൂഷ്യന്‍, മനൂഷ്യനായിത്തീരൂ എന്ന് മര്‍ത്യതയുടെ അജ്ഞാനത്തെ അപാരതയുടെ ജ്ഞാനവുമായി അടുപ്പിക്കാന്‍ ജയകൂമാറിന്റെ കവിത പരിശ്രമിക്കുന്നു. ഇരവുപകല്‍ വ്യത്യാസമില്ലാത്ത ദുരന്തദു:ഖങ്ങള്‍ കണ്ടറിയുമ്പോഴും, തീവ്രമൂര്‍ച്ഛ വരിക്കാതെ ‘ഹൃദ്രോഗിയൊന്നൂമല്ല/എന്റെ കവിത’ എന്ന് അത് പ്രഖ്യാപിക്കുന്നു; മൂര്‍ച്ഛകളേക്കാള്‍ കര്‍മബദ്ധമായ ഇച്ഛകളെ ഇഷ്ടപ്പെടുന്നതിനാല്‍.

6. ‘ഇഷ്ടപദി.’

സുഗേയമായ കാവ്യപാരമ്പര്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കൂന്ന മുപ്പത്തിനാല് കവിതളുടെ സമാഹാരമാണ് എസ്. രമേശന്‍ നായരുടെ ‘ഇഷ്ടപദി.’ അശാന്തിയാണ് അസുഖം എന്ന് ഈ കവിതകള്‍ നിരന്തരം ഉരുക്കഴിക്കുന്നൂ. സുഖസ്വരൂപമായ ശാന്തിയെ ആത്മധ്യാനത്തില്‍ അന്വേഷിക്കുന്നു. അതിന്റെ പ്രകീര്‍ത്തനമാണ് അദ്ദേഹത്തെ സംബന്ധിച്ച് കവിത. മനോരാജ്യത്തിലെ ആദര്‍ശലോകവും യാഥാര്‍ഥ്യത്തിലെ ഭൗതികലോകവും തമ്മിലുള്ള അന്തരം കവികളുടെ ഇഷ്ടവിഷയമാണ്. രമേശന്‍ നായരുടെ പ്രതിപത്തിയും ആ വഴിയ്ക്കുതന്നെ. ലോകാന്ധതയെ ഈശ്വരച്ഛായകൊണ്ട് ഇല്ലാതാക്കാമെന്നൂ വിശ്വസിക്കൂന്ന ആത്മീയതയുടെ നടവഴികള്‍ എന്ന് ഈ സമാഹാരത്തെ സാമാന്യമായി പരിചയപ്പെടുത്താം; ആദിവാസിപ്പാട്ട്, പശ്ചിമഘട്ടം തുടങ്ങിയ ചില കവിതകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍. ജയദേവന്റെ കാവ്യനിര്‍മാണശാലയിലെ ഒരു നിമിഷമാണ് ഇഷ്ടപദി എന്ന കവിത. ജയദേവകവിയും ഗീതഗോവിന്ദകവിതയും പശ്ചാത്തലത്തില്‍ നിറയുന്ന പൗരാണികസന്ദര്‍ഭത്തില്‍, മനുഷ്യന്‍ വെട്ടിമാറ്റാന്‍ ആഗ്രഹിക്കുന്നത് ഈശ്വരേച്ഛയെയോ എന്നൊരു ദാര്‍ശനികനിഗമനം വേരൂപൊട്ടിവരുന്നു ആ കവിതയില്‍. ‘പാട്ടിന്‍ പരമാധികാരിയാമീശ്വരന്‍/ മീട്ടുന്ന തമ്പുരൂവാണു ഭൂമി’ എന്ന് ചിന്തിതവും കഥിതവുമായ എല്ലാറ്റിനൂം രമേശന്‍ നായര്‍ ഈശ്വരഭരിതമായ പശ്ചാത്തലം സങ്കല്‍പിക്കുന്നു. പുരാണങ്ങളുടെയും ഗരീയസ്സായ പൂര്‍വജീവിതങ്ങളുടെയും വീണ്ടെടുപ്പാണ് രമേശന്‍ നായരൂടെ സങ്കല്‍പത്തിലെ മഹിതവൃത്തി. ആര്‍ഷം എന്നു പേരിട്ടുവിളിച്ചുപോന്ന പൗരാണികക്രമത്തോട് അദ്ദേഹത്തിന് അടക്കിയാലടങ്ങാത്ത അഭിനിവേശമുണ്ട്. അതിന്റെ വഴിവിളക്ക് എല്ലാറ്റിനും വെളിച്ചം പകരുമെന്ന് അദ്ദേഹത്തിന്റെ വിശ്വാസം. ‘നിലവിളക്കില്ല, മണിവീണയില്ലില്ലില്ല/ വിലപെറും താളിയോലഗ്രന്ഥശേഖരം/ ഒക്കെ വര്‍ഗ്ഗീയമാണന്ധവിശ്വാസങ്ങള്‍/ വിജ്ഞാനമോ? വിദേശീയദാനങ്ങളും/ ആകെച്ചെളിപൂണ്ട തോര്‍ത്തുമുണ്ടാണിനി/ യാര്‍ക്കൂം മലയാളഭാഷയെന്നോര്‍ക്കൂവിന്‍’ എന്ന് അദ്ദേഹം മലയാളത്തിന്റെ ദുസ്ഥിതി വരയുന്നിടത്ത് ആ വിളക്കിന്‍മിഴികള്‍ ഒന്നു തെളിയുന്നുണ്ട്.

7. ‘രക്തകിന്നരം

സുഗതകുമാരിക്ക് പ്രിയപ്പെട്ട അറുപത് കവിതകളാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘രക്തകിന്നര’ത്തിലുള്ളത്. ഭൂരിപ്രയോഗങ്ങളല്ല, കടുകപ്രയോഗങ്ങളാണ് വാക്കിലും വരിയിലും അദ്ദേഹത്തിന്റെ ലക്ഷ്യം.

രക്തകിന്നരം

ജീവിതത്തിലെ വിശേഷാനൂഭവങ്ങളെ അസാധാരണമായ പരകോടിയില്‍ മാത്രം ആവിഷ്‌കരിക്കുക എന്നത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ രചനാതന്ത്രമാണ്. അവിടെ, പാപശാപങ്ങള്‍ കടുമഞ്ഞള്‍ക്കളം വരയ്ക്കൂന്നു, കഴയ്ക്കും കണ്ണൂകള്‍ വെളിച്ചത്തിന്‍ വിഷംകൂടിച്ചു വേവുന്നു, ഓരോ വിരലിലും കാലചക്രം പാഞ്ഞുകേറിച്ചതയുന്നു, കുരിശേറുന്ന മര്‍ത്യന്റെ കത്തിപ്പടരൂന്നരക്തം ദൃശ്യമാകുന്നു, ഇടിമിന്നലില്‍ നിന്നും വിത്തുകള്‍ തെറിയ്ക്കൂന്നൂ, ദുര്‍ദ്ദേവതകള്‍ കവിതയുടെ രക്തകിന്നരം മീട്ടുന്നു, സമാനമായ അത്യര്‍ഥ്യങ്ങള്‍ വേറെയും വേറെയുമായി പ്രത്യക്ഷപ്പെടുന്നു. സാമാന്യത്തെ അസാമാന്യമായും സാധാരണത്വത്തെ അസാധാരണത്വമായും കൈയേല്‍ക്കുന്ന നാടകീയസന്ധിയുടെ സാന്നിധ്യമുള്ളതാണ് ഈ സവിശേഷരചനാതന്ത്രം. സ്വയം നിസ്സാരവത്കരിക്കൂന്ന ഒരൂ അഗതിയും സ്വയം മഹത്വവത്കരിക്കൂന്ന ഒരൂ അത്യാരൂഢവും ബാലചന്ദ്രന്റെ കവിതകളില്‍ ഒരേസമയം പ്രത്യക്ഷപ്പെടുന്നുണ്ട്. അവ തമ്മിലുള്ള സംഘര്‍ഷമാണ്, സാമാന്യമായി ആ കാവ്യലോകത്തിന്റെ പൊരുള്‍. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍; സമന്വയമോ സമാധാനമോ അല്ല, സമാഘാതവും സംഘര്‍ഷവുമാണ് ബാലചന്ദ്രന്റെ ഇഷ്ടവിഭവങ്ങള്‍. രക്തകിന്നരത്തിലെ കവിതകളില്‍ ആ വിഭവസമൃദ്ധിയാണുള്ളത്. എന്റെ ദു:ഖങ്ങള്‍ കേള്‍ക്കൂ എന്ന് ലോലമോഹനമായി സമാധാനമഭ്യര്‍ഥിക്കാനല്ല, ‘നിര്‍ത്തൂ ചിലക്കല്‍ നിനക്കെന്തുവേണമെന്‍/ ദു:ഖങ്ങളോ’ എന്ന് സംഘര്‍ഷം നിര്‍മിക്കാനാണ് അദ്ദേഹത്തിനിഷ്ടം. ബാലചന്ദ്രന്റെ കവിതയിലെ സംഘര്‍ഷബീജങ്ങളെ ബോധം, ഇടം, കാലം എന്ന് മൂന്നാക്കിത്തിരിക്കാം. യാത്രാമൊഴി, മാപ്പുസാക്ഷി, അമാവാസി, ഗസല്‍, എവിടെ ജോണ്‍, താതവാക്യം, ഡ്രാക്കൂള എന്നിങ്ങനെ ഏതു കവിതയെടുത്താലും ഈ മൂലകങ്ങളെ കേന്ദ്രീകരിച്ച് രൂപപ്പെടുന്ന സംഘര്‍ഷങ്ങള്‍ കാണാം. ‘നാടകാന്തംകവിത്വം’ എന്ന പഴയചൊല്ല് ബാലചന്ദ്രന്റെ കവിതയ്ക്ക് പാകമാകൂന്ന പുതിയമേല്‍വിലാസംതന്നെ. എഴുത്തച്ഛനിലേക്കോ ആശാനിലേക്കോ പി.യിലേക്കോ ചങ്ങമ്പുഴയിലേക്കോ സച്ചിദാനന്ദനിലേക്കോ ശൈലീപരമായ ഉപാദാനമന്വേഷിച്ച് പോകാന്‍ ബാലചന്ദ്രനൂ മടിയില്ല, ആ ഉപാദാനങ്ങളെ മറച്ചുവെയ്ക്കാനുള്ള സൂത്രപ്പണികളില്‍ കമ്പവുമില്ല. തനിക്കൂ മുമ്പേയൊഴുകിയ പുഴകളെല്ലാം തന്റെയും പുഴകള്‍. വാങ്മയംകൊണ്ടോ ആവിഷ്‌കാരരീതികൊണ്ടോ എളുപ്പം പ്രസ്ഥാനവത്കരിക്കാനാവാത്തതിനാല്‍ കാല്‍പനികനായും ആധുനികനായും ക്ലാസിസിസ്റ്റ് ആയും മിസ്റ്റിക്കായും ബാലചന്ദ്രന്‍ പലപാട് പ്രത്യക്ഷപ്പെടും. ഏതൂ കുടവുമായി വന്നാലും നിറയെ കോരിയെടുത്തു മടങ്ങാമെന്ന് രക്തകിന്നരം’ ഉറപ്പുതരൂന്നൂ.

8. ‘ഉപ്പ’

വലിപ്പത്തില്‍ വലുതും ചെറുതുമായി, ഒന്നുകുറഞ്ഞ് നൂറ്റമ്പത് കവിതകളാണ് കുരീപ്പുഴ ശ്രീകുമാറിന്റെഉപ്പ’ എന്ന സമാഹാരത്തിലുള്ളത്. അര്‍ഥമഗ്നമായ വാക്കിന്റെ മടതകര്‍ത്ത് മലയാളത്തിന്റെ താളം കുത്തിയൊലിക്കൂന്ന കാവ്യമഴപ്പെയ്ത്താണ് ശ്രീകുമാറിന്റെ രചനാലോകക്കാഴ്ചയിലെ നേരനൂഭവം. ആദ്യകാലത്തെ വിചിത്രപദസന്ധികളുടെ അമ്പരപ്പിക്കൂന്ന അതാര്യതയില്‍നിന്നും വിടുതല്‍പ്രാപിച്ച്, പോകെപ്പോകെ സുതാര്യവും അയത്‌നലളിതവുമായിത്തീര്‍ന്നു അദ്ദേഹത്തിന്റെ കവിത. ‘എന്റെ തെങ്ങെന്തിയേടീ/ എന്റെ തേറെന്തിയേടീ/എന്റെ ക്ടാവെന്തിയേടീ/എന്റെ ന്‌ലാവെന്തിയേടീ’ എന്ന് ആമുഖക്കവിതയില്‍ത്തന്നെ മലയാളത്തിന്റെ ഉന്മാദമുണ്ട്. അതിന്റെ ചിറകിലേറി, കവിത, മരബലി നടപ്പാക്കാന്‍ വരൂന്ന മനൂഷ്യരെയോര്‍ത്ത് പേടിക്കുന്നു. ഉന്മാദിയായ രാത്രിയെ കാമിച്ച് മരിക്കാതിരിക്കുന്നു. വാക്‌ബോംബെറിഞ്ഞ് മരവിപ്പിനെ ഇല്ലാതാക്കുന്നു. കണ്ടവരൂണ്ടോ നിലാവിനെ എന്നൂ ചുറ്റിനടക്കുന്നു. നരിബാങ്കുകളുടെ പ്രളയജപ്തികളെ വിളിച്ചുപറയുന്നു. ഒരൂ തുള്ളിയേയുള്ളൂ ജീവിതം എന്നു വിനീതമാകുന്നു. എനിക്കെന്റെ പുഴവെള്ളം തികച്ചും വേണം എന്നു വാശിപിടിക്കുന്നു. നഗ്നകവിതകള്‍ എന്ന പേരില്‍ യുക്തിവിചാരത്തിന്റെയും മാനവികതയുടെയും ശാസ്ത്രബോധത്തിന്റെയും പാലങ്ങള്‍ തീര്‍ക്കുന്നു. കേവലസൗന്ദര്യത്തിലേക്കോ അതീതസൗന്ദര്യത്തിലേക്കോ നിരുപാധികമായി രക്ഷപ്പെടാനല്ല; അവയെ അറിയുമ്പോള്‍ത്തന്നെ, ഭൗതികയാഥാര്‍ഥ്യത്തിലേക്ക് സോപാധികമായി ഇറങ്ങിച്ചെല്ലാനാണ് കവിതയില്‍ കുരീപ്പുഴയുടെ ഭാവം. ‘ഉപ്പ’യിലെ കവിതകള്‍ നാടുംനഗരവും ചുറ്റി തിരിച്ചെത്തി, മലയാളിയുടെ നിശ്ചലജീവിതത്തിനൂമുന്നില്‍ ചൂണ്ടുവിരലുയര്‍ത്തൂന്നൂ; തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയതിന് അര്‍ഥമെന്ത്? കാളിയമ്പലത്തിലെ ഭണ്ഡാരത്തില്‍ ബ്ലൗസും ബ്രായും വന്നതിന് അര്‍ഥമെന്ത്? പ്രാര്‍ഥനയില്‍ മാളികപ്പുറത്താന്റിയും പറശ്ശിനിക്കടവ് ഗ്രാന്‍ഡ്പപ്പായും വന്നതിന് അര്‍ഥമെന്ത്? ‘ഉപ്പ’വഴി, സമകാലികതയുടെ രാഷ്ട്രീയവായനയിലേക്ക്.

 

Comments are closed.