DCBOOKS
Malayalam News Literature Website

അയ്യന്‍കാളിയുടെ അറിയപ്പെടാത്ത ചരിത്രം

കാലത്തെ വെല്ലുവിളിച്ച മഹാത്മാ അയ്യന്‍കാളി.നിരക്ഷരനായ അദ്ദേഹം കാലത്തിന് വിസ്മരിക്കാനാകാത്ത വ്യക്തിത്വമാണ്. ഇന്ത്യയുടെ മഹാനായ പുത്രനെന്നാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇങ്ങനെ നാടിനും നാട്ടാര്‍ക്കും വേണ്ടി പ്രയത്‌നിച്ച അയ്യങ്കാളിയുടെ അറിയപ്പെടാത്ത ജീവിതചരിത്രമാണ്മഹാത്മാ അയ്യന്‍കാളി എന്ന പുസ്തകം പറയുന്നത്. കുന്നുകുഴി എസ് മണി, പി എസ് അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മുമ്പ് പുറത്തിറങ്ങിയ അയ്യന്‍കാളിയുടെ ജീവചരിത്രങ്ങളിലെ ചരിത്രപരമായ വൈകല്യങ്ങളാണ് ഇങ്ങനെയൊരു പുസ്തകം രചിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.

മൊത്തം പതിനാറ് അദ്ധ്യായങ്ങളിലായി അയ്യന്‍കാളിയുടെ ജീവിതം അനാവരണം ചെയ്യുന്നു. നൂറ്റാണ്ടുകളില്‍ ഇവിടെ സംഭവിച്ചതു മുതല്‍ യുഗപുരുഷന്റെ അന്ത്യംവരെയാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പതിനെട്ടും പന്തൊന്‍പതും നൂറ്റാണ്ടുകളില്‍ കേരളത്തില്‍ കീഴാള ജനത അനുഭവിച്ച ദുരന്തപൂര്‍ണ്ണമായ ജീവിതം, അതേക്കുറിച്ച് വിദേശമിഷനറിമാര്‍ നല്‍കിയ വിവരണങ്ങള്‍ എന്നിവയാണ് ഈ ഗ്രന്ഥത്തിന്റെ ആദ്യ അദ്ധ്യായങ്ങളിലായി ചേര്‍ത്തിട്ടുള്ളത്. അയ്യന്‍കാളിയുടെ ജനനത്തിനു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വന്തം ജനത അനുഭവിച്ച ദുരന്ത ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ വരും തലമുറയിലെത്തിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.

തിരുവനന്തപുരത്തെ വേങ്ങാനൂരില്‍ നിന്നും പ്രജാസഭയിലേക്കുള്ള അയ്യന്‍കാളിയുടെ പടയോട്ടത്തിനു മുന്നില്‍ ഒരു കാലഘട്ടം നമിച്ചതിന്റെ സത്യസന്ധമായ ആവിഷ്‌കാരമാണ് മഹാത്മാ അയ്യന്‍കാളി എന്ന പുസ്തകം.

Comments are closed.