കെ അജിത വൈക്കം മുഹമ്മദ് ബഷീറുമായി നടത്തിയ അഭിമുഖം
എഴുത്തുകാരി പത്രപ്രവര്‍ത്തക അതിലുപരി വിപ്ലവം തലയ്ക്കുപിടിച്ച നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകയും ആയ ഒരുവളും നര്‍മ്മത്തിന്റെയും ചിരിയുടെയും ചക്രവര്‍ത്തിയും ചിന്തകനും എഴുത്തുകാരനുമായ ഒരാളും തമ്മില്‍ ചേരുമ്പോഴുണ്ടാകുന്ന രസകരവും കാര്യഗൗരവുമായ സംഭാഷണങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എങ്കിലിതാ അത്തരമൊരു സംഭാഷണത്തിന്റെ ചുരുളഴിക്കുകയാണിവിടെ.
സ്ത്രീവിമോചന പ്രവര്‍ത്തകയും എഴുത്തുകാരിയും സ്ത്രീസംഘടനയായ ‘അന്വേഷി’യുടെ പ്രസിഡന്റും കേരളത്തിലെ ആദ്യകാല നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകയായിരുന്ന കെ അജിത സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍. (ഡോ അസീസ് തിരുവണ തയ്യാറാക്കിയ ബഷീര്‍ സംഭാഷണങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്);
പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഇന്ന് ഉയര്‍ന്നുവന്നിരിക്കുന്ന മതമൗലികവാദത്തോട് ഒരു വിഭാഗം മതവിശ്വാസികള്‍ കാട്ടുന്ന ആഭിമുഖ്യം മനുഷ്യപുരോഗതിയെ എങ്ങനെയാവും ബാധിക്കുക?
റഷ്യയിലും ചൈനയിലും ദൈവവുമില്ല മതവുമില്ല. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലൊന്നും ദൈവവും മതവുമില്ലല്ലോ. എങ്കിലും ഈ പറയുന്ന പ്രശ്നങ്ങളെല്ലാം അവിടെയുമുണ്ട്. ഇവിടെയും ഇപ്പം ദൈവവും മതവുമില്ലാത്ത പാര്‍ട്ടികളുണ്ടല്ലോ. അവയെല്ലാം എത്രയുണ്ടെന്ന് അന്വേഷിക്കുക. അതുപോലെ ഇവിടെ നക്സലൈറ്റുകളുമുണ്ട്. അവരില്‍ എത്ര പാര്‍ട്ടികളുണ്ടെന്ന് അന്വേഷിക്കുക. ഇവിടെ ഒരുപാട് മതങ്ങളുണ്ട്. ഒരുപാട് ആരാധനാലയങ്ങളുമുണ്ട്. ഇതുപോലെ ലോകത്തില്‍ എവിടെയും ഉണ്ട്. ഒരുവിഭാഗം മതവിശ്വാസികളും അല്ലാത്തവരുമായ എല്ലാവരുടെയും കൈയിലിതുണ്ട്-നേതൃത്വമോഹം. പിന്നെ മാരകായുധങ്ങള്‍. ആധിപത്യമോഹമാണല്ലോ എവിടെയും. ഈ ഭൂഗോളത്തിന്റെ മുഴുവന്‍ അധിപതിയാവാന് അമേരിക്ക ശ്രമിക്കുന്നു-ക്രിസ്തുമതത്തിലൂടെ. ഇതുപോലെ കമ്മ്യൂണിസ്റ്റ് റഷ്യയും ആഗ്രഹിക്കുന്നുണ്ട്- കമ്മ്യൂണിസത്തിലൂടെ, പൊതുവേ ഞാനാലോചിച്ചു നോക്കുമ്പോള്‍ മനുഷ്യന് കഴുവേറീടെ മോനാണ്. ഇവന് ഭൂമുഖത്തില്ലാതായാല് സമാധാനം കൈവന്നേക്കാം. അതും സംശയമാണ്. മൃഗങ്ങള്‍ തമ്മില്‍ തല്ലുകൂടുന്നില്ലേ? പാമ്പുകള്‍ തമ്മില്‍, പട്ടികള്‍ തമ്മില്‍, പക്ഷികള്‍ തമ്മില്‍, ഈച്ചകള്‍ തമ്മില്‍, ഇതൊക്കെ കേട്ടിട്ട് ഞാനൊരു പെസിമിസ്റ്റ് ആണെന്ന് തോന്നുന്നുണ്ടോ സുന്ദരി അജിതേ? എന്നാലും ഒരു കൊച്ചുപെണ്ണിനെ കെട്ടണമെന്ന് ഇപ്പോഴും ആഗ്രഹമുണ്ട്. മോഹം!
താങ്കള്‍ മതവിശ്വാസിയാണോ? ആണെങ്കില്‍ മതം പറയുന്നത് മുഴുവനങ്ങ് വിശ്വസിക്കുകയാണോ, വീണ്ടുവിചാരത്തോടെ ചില കാര്യങ്ങള്‍ മാത്രം കൈക്കൊള്ളുകയാണോ?
സുന്ദരികളായ അജിതേ, ലൈലേ കേട്ടോ, ഞാനിരുന്നാലോചിക്കുമ്പോള് ഈ ഭൂഗോളത്തെപ്പറ്റി ചിന്തിക്കാറുണ്ട്. ഇതിലുള്ള ജീവജാലങ്ങളെപ്പറ്റി ചിന്തിക്കാറുണ്ട്. ഭൂമി കറങ്ങിക്കൊണ്ടിരിക്കയാണല്ലോ എന്നും ഓര്‍ക്കാറുണ്ട്. അപ്പോള്‍ രാപകലുകള്‍, സൂര്യചന്ദ്രന്മാര്, നക്ഷത്രകോടികള്‍, ക്ഷീരപഥങ്ങള്‍, സൗരയൂഥങ്ങള്‍, അണ്ഡകടാഹങ്ങള്‍, അനന്തകോടി പ്രപഞ്ചങ്ങള്‍…. ഇങ്ങനെയൊക്കെ പറയുകയല്ലാതെ, ചിന്തിക്കുകയല്ലാതെ ഇതൊന്നും നേരില്‍ കണ്ടതും അറിഞ്ഞതുമല്ലല്ലോ. എന്നാല്‍ ഈ പറയുന്നതിന്റെയെല്ലാം അന്തമില്ലാത്ത- അത്ഭുതഭീകര സുന്ദരഭാവം എന്റെ ബോധമണ്ഡലത്തിലുണ്ട്. ഇതൊക്കെ എങ്ങനെയുണ്ടായി എന്ന് ചിന്തിക്കുമ്പോഴാണ് ഒരു കാരണത്തെപ്പറ്റി ഓര്‍മ്മവരുന്നത്. പ്രപഞ്ചങ്ങളുടെ ചൈതന്യം, വെളിച്ചം-ഇതിനെയാണ് ഞാന്‍ ദൈവമെന്ന് പറയുന്നത്. ഇതാകുന്നു അല്ലാഹു. ഇതാകുന്നു ആദിബ്രഹ്മം. ഇതാകുന്നു സനാതന സത്യം. ഒരേയൊരു സത്യമേയുള്ളൂവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതാകുന്നു അനാദി. അനാദി ഓര്‍ക്കാന്‍ കഴിയുമോ സുന്ദരികളേ… അനാദി.
അപ്പോള്‍ ഈ ഭൂമിയിലുള്ള മനുഷ്യന്, സ്ത്രീപുരുഷന്മാര്ക്ക് കാമം, ക്രോധം, ലോഭം, മോഹം, മദമത്സരാദികള്‍ ഉണ്ടല്ലോ. ഇതൊക്കെ ഒന്നു മയപ്പെടുത്തി ഈ ഭൂഗോളത്തില്‍ ശാന്തിയും സമാധാനവും സൗഹാര്‍ദ്ദവും ഉണ്ടാകാന്‍വേണ്ടി നല്ല ഉദ്ദേശ്യത്തോടുകൂടി ഉണ്ടായ ആശയസംഹിതയാണ് മതം. നന്മതിന്മകളെപ്പറ്റിയുള്ള ബോധം നല്‍കുന്നതും മതമാണല്ലോ. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാകുന്നു’ എന്ന് കാറല്‍ മാര്‍ക്സ് പറഞ്ഞിട്ടുണ്ടല്ലോ. ഇതൊരു തൊണ്ണൂറ് ശതമാനവും സത്യമാണ്. ഞാന്‍ നന്മതിന്മകളിലും ആദിബ്രഹ്മത്തിലും അല്ലാഹുവിലും… അനാദിയിലും വിശ്വസിക്കുന്നു. മനുഷ്യന്റെ, ചരിക്കുന്നതും ചരിക്കാത്തതുമായ ജീവികളുടെ ശാന്തസുന്ദരമായ നിലനില്പ്പിലും വിശ്വസിക്കുന്നു, മാനുഷ പുരോഗതിയിലും.
മതം ഇല്ലാതെയും മതത്തെ തിരസ്കരിച്ചുകൊണ്ടും ഒരാള്‍ക്ക് നല്ല മനുഷ്യനാകാമോ? ഉന്നതനായ മനുഷ്യനാകാമോ? ആകാമെങ്കില്‍ പിന്നെന്തിന് മതം?
മതവും ദൈവവും ഒന്നുമില്ലാതെ ഒരു മനുഷ്യനിവിടെ ജീവിക്കാനും ഉന്നതനാകാനും സാധിക്കുന്നത് മതത്തിന്റെ പ്രബോധനങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ്. സുന്ദരികള്‍ക്കു മനസ്സിലായോ? നന്മതിന്മകളെപ്പറ്റിയുള്ള ബോധം അജിതയ്ക്കും ലൈലയ്ക്കും ഉണ്ടായതെവിടെനിന്ന്? ഇത് മതത്തിന്റെ ഉപദേശമാണ്–കക്കരുത്, പിടിച്ചുപറിക്കരുത്, ബലാല് സംഗം ചെയ്യരുത്, കൊല്ലരുത്, സഹാനുഭൂതി, കാരുണ്യം-ഇതൊക്കെ സ്വീകരിച്ചുകൊണ്ടാണ് എല്ലാ മതക്കാരും മതമില്ലാത്തവരും ജീവിക്കുന്നത്. ഇതെല്ലാം മതത്തിന്റെ ഉപദേശങ്ങളാണല്ലോ. തലകളില്‍ കയറുന്നുണ്ടോ?
കേരളത്തിലെ മതനേതാക്കളോട് നിര്ദ്ദേശംപോലെയോ അഭ്യര്‍ത്ഥന പോലെയോ എന്തെങ്കിലും പറയാനുണ്ടോ?
സഹിഷ്ണുതയും കാരുണ്യവുമൊക്കെ നിങ്ങളെ പഠിപ്പിച്ചിട്ടുള്ളത് മതമാണല്ലോ. അപ്പോള്‍ അതനുസരിച്ച് ജീവിച്ചാല്‍ പോരേ മാളോരേ?
സാമാന്യം ദീര്‍ഘമായ ഒരു കാലയളവ് പിന്നിട്ടുകഴിഞ്ഞ താങ്കള്‍ക്ക് ഇപ്പോള്‍ ജീവിതത്തെപ്പറ്റി എന്താണ് തോന്നുന്നത്? സുന്ദരം, അസുന്ദരം, ദുരൂഹം, വിചിത്രം എന്നിങ്ങനെ ഏതെങ്കിലും ഒറ്റവാക്കെടുത്ത് ജീവിതത്തെ താങ്കള്‍ വിളിച്ചാല്‍, ഏതാവും ആ വാക്ക്?
സാമാന്യം ദീര്‍ഘമായ കാലമൊന്നും ഞാന്‍ ജീവിച്ചിട്ടില്ല, അനന്തം, അനന്തമായ കാലങ്ങള്‍ എന്റെ മുമ്പിലുണ്ടല്ലോ. ഞാന്‍ മരിക്കാനാഗ്രഹിക്കുന്നില്ല. പിന്നെ മരിക്കണമെങ്കില്‍ മരിക്കാം. അദ്ഭുത മധുരസുന്ദരസുരഭിലമാണ് ജീവിതം.
വര്‍ഷങ്ങള്‍ പിന്നിടവേ ജീവിതത്തിന്റെ മുഖം താങ്കളുടെ മുന്നില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണോ അതോ ലളിതമാവുകയാണോ ചെയ്തത്?
ജീവിതത്തെപ്പറ്റി അങ്ങനെയൊരു definition സാദ്ധ്യമല്ല. സങ്കീര്‍ണ്ണതയും ലാളിത്യവുമൊക്കെ പണ്ടേ ഉണ്ടായിരുന്നു. പതിനായിരം കൊല്ലങ്ങള്‍ കഴിഞ്ഞാലും ഇതുപോലൊക്കെത്തന്നെയായിരിക്കും. ആറ്റംബോംബൊക്കെ ഉണ്ടാക്കിയത് പിന്നെ എന്തിനാ, വിഴുങ്ങാനോ? ചുമ്മാ പോ!
തെറ്റായാലും ശരിയായാലും, ഞാന്‍കൂടി കഥാപാത്രമായ ഒരു വിപ്ലവപ്രസ്ഥാനം കേരളത്തില്‍ ഉണ്ടായല്ലോ. താങ്കള്‍ ആ പ്രസ്ഥാനത്തെപ്പറ്റി എന്താണ് വിചാരിച്ചത്? ഇപ്പോള്‍ വിചാരിക്കുന്നത്?
സുന്ദരി അജിതകുമാരികൂടി ഉള്‍പ്പെട്ടിരുന്ന പ്രസ്ഥാനത്തെപ്പറ്റിയാണല്ലോ ചോദിച്ചത്. എനിക്കവരെപ്പറ്റി വലിയ ബഹുമാനമാണ്; പൊടി മണ്ടന്മാരും മണ്ടികളും ആണെങ്കിലും. ഒരുപാട് നക്സലൈറ്റ് പിള്ളരെ എനിക്കറിയാം. ഇവര്‍ ഒളിച്ചുനടക്കുമ്പോഴൊക്കെ ഇവിടെ വരാറുണ്ട്. കഞ്ഞിയും കൊടുക്കും. ചില്ലറ കാശും കൊടുക്കും. ഇതുപോലെ എല്ലാവര്ക്കും കൊടുക്കും, പൊലീസിനും കൊടുക്കും. ഈ പിള്ളര് മരശേ്ല ആയി ഉള്ളതുതന്നെയാണ് നല്ലതെന്നാണെന്റെ അഭിപ്രായം. പണ്ട് ഞാനും ഇതുപോലെക്കെ നടന്ന മണ്ടനും ബുദ്ധിഹീനനുമാണ്. കുറെ നാള് മുമ്പ് ഞാനും എന്റെ ഏകപത്നീവ്രതവും കൂടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ പോയി. അവിടെ ചെന്നപ്പോള്‍ വലിയ ബഹളം. പൊലീസും വിസിലടിയും ഓട്ടവും ചാട്ടവും. എന്നെയും ഭാര്യയെയും ഒരു സുഹൃത്ത് ഒരു മുറിയില്‍ കയറ്റിയിരുത്തി. കുറച്ചുകൂടി കഴിഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്. ഒരു ഡോക്ടറെ ”ഞാന്‍ കള്ളനാണേ, മനുഷ്യദ്രോഹിയാണേ” എന്ന ബോര്ഡെഴുതിത്തൂക്കി നടത്തുകയായിരുന്നു അവര്‍. സംഗതി ചോദിച്ചപ്പോള്‍ ഈ ഡോക്ടര്‍ക്ക് എട്ടൊമ്പതുലക്ഷം രൂപയുടെ സ്വത്തുണ്ട്. മാളികവീടുണ്ട്, രണ്ടുമൂന്നു ബാങ്കുകളില്‍ നിക്ഷേപമുണ്ട്, രണ്ടുമൂന്ന് കാര്‍. ഭാര്യയ്ക്കും മക്കള്‍ക്കും ദേഹംനിറയെ പൊന്നുണ്ട്. വിലകൂടിയ സാരിയുണ്ട്. തലേദിവസം ഒരു പാവപ്പെട്ടവന് ഡോക്ടറുടെ വീട്ടില്‍ കാണിക്കാന്‍ ചെന്നപ്പോള്‍ 50 രൂപ ഫീസ് കൊടുത്തു. ഇതെന്തിനാണ് പഞ്ചാര വാങ്ങാനാണോ എന്ന് ഡോക്ടര്‍ ചോദിച്ചു. അയാളുടെ ഫീസ് 100 രൂപയാണ്. ഈ ഡോക്ടറായിരുന്നു മുകളില്‍ പറഞ്ഞ കക്ഷി. അന്ന് വീട്ടില്‍ വന്ന രണ്ട് ശിങ്കിടികളോട് ഞാന്‍ ചോദിച്ചു: ‘എടോ, മണ്ടന്മാരേ, നിങ്ങള്‍ക്ക് ഇതിനുപകരം അവന്റെ കഴുത്തറുത്ത് മുടിയില്‍ തൂക്കിപ്പിടിച്ച് നടന്നാല്‍ പോരായിരുന്നോ?’ ഇതുപോലത്തെ ഡോക്ടര്‍മാരും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരുമാണ് ഇപ്പോള്‍ ഈ രാജ്യം ഭരിക്കുന്നത്. ഇവരെ കുറേ അധികം പേരുടെ തല അറുത്തെടുത്താല്‍ നന്നായിരുന്നു എന്നാണെന്റെ വിനീതമായ അഭിപ്രായം. ഇത് കഴിഞ്ഞ കൊല്ലത്തെ അഭിപ്രായമായിരുന്നു. ഇപ്പോള്‍ ഞാന്‍ തനി അഹിംസാവാദിയാണ്. ഓം ശാന്തി! ശാന്തി!
പൗരന് എന്നനിലയില്‍ ഒരു ജീഹശശേരമഹ ശറലീഹീഴ്യ താങ്കള്‍ക്ക് എന്നെങ്കിലും ഉണ്ടായിരുന്നോ, ഏതൊരാള്‍ക്കും അത്തരമൊരു ശറലീഹീഴ്യ ഉണ്ടാവേണ്ടതല്ലേ?
ഞാനിപ്പോള്‍ Politics നെയുമൊക്കെ ഒരുമാതിരി ബ്ലേഡ് കമ്പനിയായിട്ടാണ് കാണുന്നത്. എല്ലാം ബ്ലേഡുമയമാണിവിടെ. ഞാന്‍ അധിക സമയവും ഈ മരച്ചോട്ടില്‍ തനിച്ചാണ്. അതുകൊണ്ട് ശറലമ ഒന്നുമില്ല. ആയതുകൊണ്ട് politics അജിത-ലൈല മോഡല്‍ സുന്ദരികള്‍ ദിവസവും വന്നാല്‍ പൊളിറ്റിക്സ് ഷുവര്‍!
സമൂഹത്തില്‍, സാമൂഹ്യപരിവര്‍ത്തനത്തില്‍ സ്ത്രീയുടെ റോള്‍ എങ്ങനെയുണ്ടാവണമെന്നാണ് വിചാരിക്കുന്നത്?
സ്ത്രീയെന്നുപറഞ്ഞാല്‍, മൃദുല സുന്ദരസുരഭിലഭാവം. അമ്മയുടെ പാദങ്ങളിലാകുന്നു സ്വര്‍ഗ്ഗം സ്ഥിതിചെയ്യുന്നതെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാവരെയും അമ്മമാരായി കണക്കാക്കാറില്ല. ചിലതിനെ കെട്ടുകയും ചെയ്യും. അര്‍ജന്റായി, പോക്കറ്റെഡിഷന് ചിന്ന കശ്മല!
മകളും ഭാര്യയും അമ്മയുമൊക്കെയായ സ്ത്രീയുടെ ഏത് ഭാവമാണ് ബഷീറിനെ ഏറ്റവും ആകര്‍ഷിക്കുന്നത്?
മകളും അമ്മയുമൊക്കെയായ സ്ത്രീകളുടെ സ്നേഹഭാവമാണ് എനിക്കേറെ ഇഷ്ടം. എന്നാല്‍, ഒരു സ്ത്രീയും ഇതുവരെ എന്നോട് സ്നേഹമായി പെരുമാറിയിട്ടില്ല. വെറും കുശുമ്പികളാണ് എല്ലാ സ്ത്രീകളും. എങ്കിലും എനിക്ക് എല്ലാ സ്ത്രീകളെയും ഇഷ്ടമാണ്. എന്നെ ഒരു സ്ത്രീയും സ്നേഹിക്കുന്നില്ല. അതുകൊണ്ട് ഉറക്കത്തിനോ വിശപ്പിനോ ദഹനത്തിനോ യാതൊരു വിഷമവും വന്നിട്ടില്ല. എന്നാലും കശ്മലകള്‍ സ്നേഹിക്കണമെന്നാണെന്റെ അപേക്ഷ.
കാറല്‍ മാര്‍ക്സും മുഹമ്മദ് നബിയും ഒരുമിച്ച് പടി കടന്നുവന്നാല്‍ എങ്ങനെയായിരിക്കും താങ്കള്‍ അവരെ സ്വീകരിക്കുക? അവരോട് എന്തൊക്കെ ചോദിക്കും, പറയും?
അവരു വരുമ്പോള്‍ ഞാനെഴുന്നേല്‍ക്കും. ഇവിടെ കുറെ കസേരയുണ്ട്. രണ്ടു പേരെയും അവയില്‍ ബഹുമാനിച്ച് ഇരുത്തും. ചായയും ഊണുമൊക്കെ കൊടുക്കും. ഫാനുള്ള റൂമില്‍ കിടത്തും. അവരോട് ഒന്നും ചോദിക്കില്ല. കാരണം, അവര്‍ രണ്ടുപേരും പറഞ്ഞതൊക്കെ എനിക്കറിയാം. ഏതു മൊശടനോടും സ്നേഹത്തോട് പെരുമാറണമെന്നും ദൈവത്തിന്റെ പ്രവാചകന് എന്നെ ഉപദേശിച്ചിട്ടുമുണ്ടല്ലോ.
എല്ലാ കാര്യങ്ങളും തമാശയായിട്ടെടുക്കുന്ന ആളാണ് ബഷീര്‍ എന്ന മനുഷ്യന് എന്നൊരുimpression ഉണ്ട്. ശരിയാണോ?
ഞാന്‍ മുമ്പ് പറഞ്ഞ ദൈവത്തെ ഓര്‍മ്മയുണ്ടല്ലോ, അനാദി. ഈ ദൈവം പറഞ്ഞിട്ടുണ്ട്, ഇഹലോകജീവിതം വെറുമൊരു തമാശയാണെന്ന്. അതുകൊണ്ട് മിക്കകാര്യങ്ങളും ഞാന്‍ തമാശയായിട്ടാണെടുക്കുന്നത്. കാര്യമായെടുത്താല്‍ എന്നെ നരകത്തിലിട്ട് പൊരിച്ചു കളയും! നരകശിക്ഷ ഓര്‍ത്ത് ചിരിക്കുന്നു. അത്രേയുള്ളൂ. പിന്നെ ചിരിക്കാന്‍ കഴിയുന്ന ഏക മൃഗവുമാണല്ലോ-മനുഷ്യന്!
മലയാളിത്തത്തെ അഥവാ കേരളീയതയെ ബഷീര്‍ എങ്ങനെയാണ് നിര്‍വചിക്കുന്നത്?
മലയാളി ആണിനോടും പെണ്ണിനോടും എനിക്കിപ്പോള്‍ യാതൊരു ബഹുമാനവുമില്ല. ”കേരളമെന്നു കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍” എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ. എന്റെ കൈയില്‍ വളരെക്കുറച്ച് ചോരയേ ഉള്ളൂ. അതിപ്പം തിളപ്പിച്ച് ആവിയാക്കാന്‍ എനിക്ക് കൂട്ടല്ല. മനസ്സുകൊണ്ട് ഞാനിപ്പോള്‍ ഒരു ചെന്തമിഴനാണ്. നമ്മുടെ ഇന്ത്യയെന്ന മഹാരാജ്യം ഭരിക്കുന്ന ഡല്‍ഹിയിലെ ഗോസായിമാരുണ്ടല്ലോ, അവന്മാര്ക്ക് കേരളമെന്നൊരു രാജ്യമിവിടെ ഉണ്ടെന്നറിഞ്ഞുകൂടാ. മലയാളമെന്നൊരു ഭാഷയുണ്ടെന്നുമറിഞ്ഞുകൂടാ. അവന് ഈ ഭാഗമെല്ലാം വെറും മദ്രാസീവാലാ ഹൈ! കഴുവേറീടെ മോന് ഇവിടെ നല്ല കള്ളുകുടിക്കാന്‍ വരുമ്പോള്‍, ക്യാ ബോല്‍താ ഹൈ എന്നാണ് ചോദിക്കുന്നത്. ഇവന് തമിഴന്മാരെ പേടിയാണ്. അതുകൊണ്ടും ഞാനൊരു തമിഴനാണ്.
ഈയിടെ എന്റെ ഭാര്യ ഈ മരച്ചുവട്ടില്‍ വന്ന് എന്നോടു പറഞ്ഞു, നമ്മുടെ അരകല്ലൊന്ന് കൊത്തിക്കണം. വഴിയെ തമിഴത്തികള് പോകും. അവളെ വിളിച്ച് പടിക്കല്‍ നിറുത്തിയാല്‍ മതി. അകത്തേക്ക് കയറ്റണ്ട. നാറ്റംപിടിച്ചു വര്‍ഗ്ഗമാണ്, എന്നു പറഞ്ഞു. പിറ്റേദിവസം അമ്മികൊത്താനുണ്ടോ എന്ന കുയില്‍നാദം ഞാന്‍ കേട്ടു. ഞാന്‍ ഒച്ചത്തില്‍ ”വാങ്കോ, അമ്മാ” എന്ന് ശൊന്ന്. അവള് കയറിവന്നു. ”ഉക്കാരുങ്കോ, അമ്മാ” എന്ന് ശൊന്ന്. അവള് കസേരയിലിരുന്നു. അര ഗ്ലാസ് ചായ കൊടുത്തു. ഞാനും അര ഗ്ലാസ് ചായ കുടിച്ചു. ചായ കുടിച്ചുകഴിഞ്ഞപ്പോള്‍ ”നീ ബീഡി കുടിക്കുമാ” എന്ന് കേട്ടു. അവള് കുടിക്കുമെന്ന് ശൊന്ന്, ഒരു ബീഡി അവള്‍ക്കും കൊടുത്തു. ഒന്ന് ഞാനുമെടുത്തു. ഒരു തീപ്പെട്ടിക്കോലില്‍ ഞങ്ങള്‍ രണ്ടും ബീഡി കത്തിച്ചു. അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുടെയും മൂക്കുകള്‍ തമ്മില്‍ ഉരസി. രണ്ടുഭാഗത്തും മൂക്കുത്തിയുണ്ട് അവള്‍ക്ക്. എന്നിട്ട് അടുക്കളയില്‍ പോയി അരകല്ല് പാത്തിട്ട് വരാന്‍ പറഞ്ഞു. പാത്തിട്ടു വന്ത ഉടനെ പിന്നെയും ഞാന്‍ ചായകൊടുത്തു. പിന്നെയും ഞങ്ങള്‍ ബീഡിവലിച്ചു. അങ്ങനെ ഞങ്ങള്‍ പ്രേമത്തിലായിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു. ”എവ്വളവ്?” അവള് പറഞ്ഞു: ”നാല്‍പ്പതു രൂപ.” അപ്പോള്‍ ഞാന്‍ ചോദിച്ചു: ”നമ്മള് രണ്ടാളും പ്രേമത്തിലല്ലേ. അപ്പോള്‍ ഇത്രയധികം ചാര്‍ജ് ചെയ്യാമോ?” എന്ന്. പ്രേമം അവള്‍ക്ക് സ്വീകാര്യമായി തോന്നി. അവള്, ”20 രൂപ കൊടുങ്കോ” എന്ന് ശൊന്ന്. അവളുടെ സുന്ദരമായ പേര് മുനിയമ്മ. വയസ്സ് 32. അവളുടെ ഭര്‍ത്താവിന് രണ്ട് ഭാര്യമാരുണ്ട് – മറ്റത് ശിങ്കമ്മ. ഭര്‍ത്താവ് കള്ള് കുടിച്ച് കല്ലായി റെയില്‍വേസ്റ്റേഷന്റെ പുറകുവശത്ത് കിടപ്പുണ്ട്. എപ്പോഴും ഒരു കുപ്പി കള്ള് അവന്റെ അടുത്തുണ്ട്. വൈകുന്നേരമാവുമ്പോള്‍ രണ്ടു ഭാര്യമാരും കൂടി 50 രൂപ കൊടുക്കും അവന്.
എനിക്ക് അസൂയതോന്നി. അവന് ഭാഗ്യനക്ഷത്രത്തില് പിറന്ത പശ്ശന്! അവന്റെ പേര് ചുപ്പുചാമി. ചുപ്പുചാമിയെ തട്ടിയിട്ട് ഇവരെ രണ്ടുപേരെയും സ്വീകരിക്കുക. അപ്പോള്‍ വൈകുമ്പോള്‍ ദിവസവും എനിക്ക് 50, 60 രൂപ കിട്ടുമല്ലോ.
ഇങ്ങനെയൊക്കെ പ്രേമപരമായ വര്‍ത്തമാനങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ എന്റെ സ്ഥിരം കശ്മല വന്ന് തങ്കപ്പുട്ടിലിനെ ഓടിച്ചുവിട്ടു. എന്നിട്ട് കുടവും വെള്ളവും കൊണ്ടുവന്ന് കസേര കഴുകാന്‍ പോവുകയാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു: ”ചുപ്പുചാമിയെ ഞാന്‍ തട്ടും!”
”ആരാ ചുപ്പുചാമി?”
”അമ്മികൊത്ത് സുന്ദരിയുടെ കണവന്.”
”സുന്ദരി! അടുക്കള നാറി.”
”ചുമ്മാപോ! ഞാന്‍ പ്രേമത്തിലാണ്.”
”ആ നാറ്റം പിടിച്ചതിനോടോ! റബ്ബേ!”
”പ്രേമത്തിനു അല്പം നാറ്റമൊക്കെ ഉണ്ടാകും!” ഞാന്‍ സത്യം പറഞ്ഞു.
Comments are closed.