DCBOOKS
Malayalam News Literature Website

എന്റെ ജീവിതത്തിലെ 3 തെറ്റുകള്‍

 

രചനാവൈഭവം കൊണ്ട് വായനക്കാരെ ഒന്നടങ്കം ജിജ്ഞാസയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന യുവ എഴുത്തുകാരനും കോളമിസ്റ്റുമാണ് ചേതന്‍ഭഗത്. ഫൈവ് പോയിന്റ് സംവണ്‍-വാട്ട് നോട്ട് റ്റു ഡു അറ്റ് ഐ.ഐ.റ്റി, വണ്‍ നൈറ്റ് അറ്റ് ദി കോള്‍ സെന്റര്‍ എന്നീ കൃതികള്‍ക്ക് ശേഷം അദ്ദേഹം എഴുതിയ പുസ്തകമാണ് ‘ദി ത്രീ മിസ്‌റ്റേക്‌സ് ഓഫ് മൈ ലൈഫ്’. ഇന്റര്‍നാഷണല്‍ ബെസ്റ്റ്‌സെല്ലറായ ഈ നോവല്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലും ഫ്രഞ്ചിലും തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2008ല്‍ പുറത്തിറങ്ങിയ കൃതിയുടെ മലയാള പരിഭാഷയാണ് എന്റെ ജീവിതത്തിലെ 3 തെറ്റുകള്‍.

ചേതന്‍ഭഗത്തിന് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച ഈ നോവല്‍ അഹമ്മദാബാദുകാരനായ ഗോവിന്ദ് പട്ടേലിന്റെ ജീവിതകഥയാണ് പറയുന്നത്. യുവത്വത്തിലേക്ക് കാലൂന്നിയ നാള്‍മുതല്‍ ഒരു ബിസിനസ്സുകാരനാവാന്‍ മോഹിച്ച ഗോവിന്ദ് അതിനുള്ള പരിശ്രമങ്ങള്‍ നേരത്തെതന്നെ തുടങ്ങിയിരുന്നു. ഓമി, ഇഷാന്‍ എന്നീ സുഹൃത്തുകള്‍ക്കൊപ്പം ക്രിക്കറ്റ് ഷോപ്പ് തുടങ്ങാന്‍ ഇറങ്ങിതിരിക്കുന്ന ഗോവിന്ദിന് പക്ഷേ തന്റെ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. സ്വന്തം ജീവിതത്തിലെ തെറ്റുകളും അപ്പോഴത്തെ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതികള്‍ കൂടിയാകുമ്പോള്‍ ഗോവിന്ദിന്റെ ജീവിതം സംഘര്‍ഷഭരിതമാവുന്നു. ദുരിതങ്ങളും ദുരന്തങ്ങളും മതപരമായ രാഷ്ട്രീയവും അപ്രതീക്ഷിതമായ പ്രണയവുമെല്ലാം അയാള്‍ക്ക് നേരിടേണ്ടിവന്നു. അതിന്റെ അനന്തരഫലങ്ങള്‍ അയാളെ ആത്മഹത്യയുടെ വക്കിലെത്തിക്കുന്നു.

ആത്മഹത്യചെയ്യുന്നതിനു മുമ്പ് അദ്ദേഹം ചേതന്‍ ഭഗത്തിന് തന്റെ പ്രശ്‌നങ്ങള്‍ നിറഞ്ഞ ജീവിതത്തെ സൂചിപ്പിച്ചുകൊണ്ട് ഇ മെയില്‍ അയക്കുന്നു. ഓരോ വാചകം പൂര്‍ത്തിയാകുമ്പോഴും ഓരോ ഉറക്കഗുളിക കഴിച്ചു കൊണ്ടിരിക്കുകയാണ് താനെന്ന് സൂചിപ്പിച്ചുകൊണ്ട് സന്ദേശമയച്ച ഗോവിന്ദ് പട്ടേലിന്റെ മെയില്‍ ഒരാത്മഹത്യക്കുറിപ്പാണ് എന്ന് തിരിച്ചറിഞ്ഞ നോവലിസ്റ്റ് തന്റെ വായനക്കാരനായ ആ ബിസിനസ്സുകാരനെ തേടിയിറങ്ങുന്നു. ആത്മഹത്യാശ്രമത്തിനു ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അയാളെ അദ്ദേഹം കണ്ടത്തുന്നു. തന്നെ തിരക്കിയെത്തിയ ചേതനോട് തന്റെ ജീവിതത്തിലെ മൂന്ന് തെറ്റുകളെക്കുറിച്ച് അദ്ദേഹം പറയുന്നു. ഇതാണ് എന്റെ ജീവിതത്തിലെ 3 തെറ്റുകള്‍ എന്ന കഥയ്ക്ക് അവലംബമായത്.

പത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങള്‍ എഴുതുകയും ദൂരദര്‍ശന്‍, ആള്‍ ഇന്ത്യാ റേഡിയോ തുടങ്ങിയവയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മീരാ കൃഷ്ണന്‍കുട്ടിയാണ് ചേതന്‍ ഭഗത്തിന്റെ പ്രശസ്തമായ നോവല്‍ എന്റെ ജീവിതത്തിലെ മൂന്ന് തെറ്റുകള്‍ എന്ന പേരില്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്. 2010ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ ആറാം പതിപ്പാണ് വിപണിയിലുള്ളത്

Comments are closed.