DCBOOKS
Malayalam News Literature Website

നിര്‍വ്വാണം തേടുന്ന സെബാസ്റ്റിയന്റെ കവിതകള്‍

 

മലയാളത്തിലെ യുവകവികളില്‍ ശ്രദ്ധേയനായ വ്യക്തിത്വമാണ് സെബാസ്റ്റിയന്റേത്. ഏറെക്കാലം നടന്നു പഴകിയ നാട്ടുവഴികളെ ഓര്‍മിപ്പിക്കുന്നു സെബാസ്റ്റിയന്റെ കവിതകള്‍. അപാരമായ കാവ്യസംസാരത്തിലെ പ്രജാപതിയല്ല, പ്രജയാണ് താന്‍ എന്ന തിരിച്ചറിവും വിനയവും അകമേയും പുറമേയും പ്രകാശിപ്പിക്കുന്ന ചുരുക്കംചില കവികളില്‍ ഒരാളാണ് സെബാസ്റ്റ്യന്‍. ഉത്തരാധുനിക മലയാള കവിതയുടെ പരിണാമ ചരിത്രത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ സാധിക്കാത്ത കവിതകള്‍ സമ്മാനിച്ച കവിയാണ് അദ്ദേഹം. മലയാളത്തിന് ഈടുറ്റ സംഭാവനകള്‍ നല്‍കിയ..അദ്ദേഹത്തിന്റെ കവിതകള്‍ 2011 ല്‍ സെബാസ്റ്റിയന്റെ കവിതകള്‍ എന്ന പേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇപ്പോഴിതാ സെബാസ്റ്റിയന്റെ പുതിയൊരു കവിതാസമാഹാരം കൂടി പുറത്തിറക്കിയിരിക്കുകയാണ് ഡി സി ബുക്‌സ്

അറ്റുപോകാത്തത്‌
അറ്റുപോകാത്തത്‌

അറ്റുപോവാത്തത്‘ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന സമാഹാരത്തില്‍ ഉല്‍പത്തി, വിളക്ക്, തച്ചുശാസ്ത്രം, മറുകര, എഴുത്ത്, വയലേല, മിസ്ഡ്‌കോള്‍, മറുമരുന്ന്, നെയ്തല്‍, അറ്റുപോവാത്തത് തുടങ്ങി ഏറ്റവും പുതിയ നാല്പത് കവിതകളാണുള്ളത്.

ഭൂമിയും മഴയും മരവും കിളികളും പൂക്കളും ഇല്ലാത്ത ഒരിടം സെബാസ്റ്റ്യന്റെ കാവ്യപ്രപഞ്ചത്തില്‍ സങ്കല്പിക്കാനേയാവില്ല. പരസ്പര സൗഹൃദത്തില്‍ വര്‍ത്തിക്കുന്ന പ്രപഞ്ചജീവികള്‍ സെബാസറ്റിയന്റെ കവിതകളില്‍ ആദര്‍ശവിരുദ്ധമായ ഒരു നവലോകം സൃഷ്ടിച്ചെടുക്കുന്നുണ്ട്. പ്രപഞ്ചത്തെ മുഴുവന്‍ ഉള്ളിലാക്കിക്കൊണ്ട് ശാന്തിഗീതം പാടാന്‍ ഒരുങ്ങി നില്‍ക്കുന്ന ഹൃദയത്തിന്റെ മിടിപ്പ് ഈ കവിതകളില്‍ തൊട്ടറിയാം.

താരതമ്യേന ചെറിയ കവിതകളില്‍ വിലയ ലോകം ഒതുക്കിവയ്ക്കുന്നതാണ് സെബാസ്റ്റിയന്റെ രചനാതന്ത്രം. ആ രചനാതന്ത്രം തന്നെയാണ് സെബാസ്റ്റിയന്‍ ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്. മാത്രമല്ല, പുനര്‍നിര്‍വൃതിയുടെ മതാത്മകമായ സകല അടയാളങ്ങളെയും കഴുകിക്കളഞ്ഞ്, പ്രകൃത്യാത്മകമായ ആത്മീയതയെ തത്സ്ഥാനത്ത് രേഖപ്പെടുത്തിവയ്ക്കുന്നുണ്ട് ഈ കവിതകളില്‍. കിളിപ്പെട്ടും സസ്യപ്പെട്ടും നിര്‍വ്വാണം തേടുന്ന ഈ കവിതകള്‍ പാരിസ്ഥിതികാത്മീയതയുടെ മികച്ച ദൃഷ്ടാന്തങ്ങളാകുന്നു.

ഡി സി ബുക്‌സ് അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രസിദ്ധീകരിച്ച അറ്റുപോവാത്തത് എന്ന സമാഹാരത്തില്‍ ഡോ. എം കൃഷ്ണന്‍ നമ്പൂതരി എഴുതിയ പഠനവും, ഡോ ബിനീഷ് പുതുപ്പണം സെബാസ്റ്റ്യനുമായി നടത്തിയ അഭിമുഖവും നല്‍കിയിട്ടുണ്ട്.

Comments are closed.