ഞാനും ബുദ്ധനും എന്ന നോവലിന് വി അബ്ദുള്‍ ലത്തീഫ് എഴുതിയ പഠനം
രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്ന നോവലിന് വി അബ്ദുള്‍ ലത്തീഫ് എഴുതിയ പഠനം, നോവലിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു;
സിദ്ധാര്‍ത്ഥരാജകുമാരന്റെ തോഴനും തേരാളിയുമായ ഛന്നന്‍, രാജകുമാരന്‍ എല്ലാമുപേക്ഷിച്ച് രാജ്യാതിര്‍ത്തി കടന്ന അവസാനരാത്രിയെ ഓര്‍മ്മിക്കുകയാണ്. ‘നദിക്കരയില്‍ അദ്ദേഹം ഞങ്ങളെ വേര്‍പിരിഞ്ഞു. അപ്പോള്‍ നല്ല നിലാവുണ്ടായിരുന്നു. നദിയിലിറങ്ങി നിലാവിലൂടെ അദ്ദേഹം അകന്നകന്നുപോയി. ഞാനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുതിര കന്ഥകവും മാത്രം ബാക്കിയായി. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് കുറച്ചു നേരത്തേക്ക് മനസ്സിലായില്ല. അദ്ദേഹം പോയ വഴിയിലേക്കു നോക്കികന്ഥകം അമറാനും ചീറാനും തുടങ്ങി. മനുഷ്യന്‍ പൊട്ടിക്കരയുമ്പോലെയുള്ള ശബ്ദമായിരുന്നു അതിന്. അദ്ദേഹം നീന്തിയകന്ന വഴിയിലേക്ക് കന്ഥകവും കുതിക്കാന്‍തുടങ്ങി. എനിക്ക് എന്തെങ്കിലും
ചെയ്യാന്‍ കഴിയുന്നതിനു മുമ്പായിരുന്നു അത്. കന്ഥകം നദിയിലേക്കിറങ്ങി. പക്ഷേ, നദിയില്‍നിന്ന് അത്അക്കരയ്‌ക്കോ ഇക്കരയ്‌ക്കോ കയറിയില്ല. രാജകുമാരന് പ്രാണനെപ്പോലെ പ്രിയപ്പെട്ടതായിരുന്നു ആകുതിര. എനിക്കതിനെ രക്ഷിക്കാന്‍കഴിഞ്ഞില്ല.’ബുദ്ധന്‍ അവശേഷിപ്പിച്ച സങ്കടങ്ങളുടെ കഥയാണ് രോഹിണീനദിയിലേക്കിറങ്ങിപ്പോയ ആ കുതിരയുംകൂടി ഉള്‍പ്പെടുന്നതാണ് നോവലിന്റെ തലക്കെട്ടിലെ ആ ഞാന്‍.
ലോകാവസാനം വരെയെത്തുന്ന മഹാദര്‍ശനത്തിന്റെ ഗോപുരം പടുത്തുയര്‍ത്താന്‍ കണ്ണില്‍ക്കണ്ട പുരുഷന്മാരെയെല്ലാം മഞ്ഞച്ചീവരമണിയിച്ച് മരയോടെടുപ്പിച്ചതാണ് ബുദ്ധന്‍. മഹാനിര്‍വ്വാണത്തിനുശേഷം ലോകം ഏഷ്യയുടെ വെളിച്ചത്തെക്കുറിച്ചു പാടി. വിമര്‍ശിക്കേണ്ടിവന്നവര്‍പോലും പ്രച്ഛന്നബുദ്ധന്മാരായി ബുദ്ധദര്‍ശനത്തെ തങ്ങളുടേതാക്കിയാണ് ആ പ്രഭാവത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചത്. ലോകത്തിനു വെളിച്ചമായ ആ മഹാസ്വാധീനത്തെ വേറൊരുബിന്ദുവില്‍നിന്ന് നോക്കിക്കാണുന്ന നോവലാണ് ബുദ്ധനുപേക്ഷിച്ച കപിലവസ്തുവിന്റെ കഥ പറയുന്ന രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും.
ഭൗതികേച്ഛകളില്‍നിന്ന് മനുഷ്യനെ മുക്തനാക്കി ശാശ്വതസമാധാനം നേടുന്നതിനെ പഠിപ്പിക്കുന്ന ആചാര്യനായാണ് ബുദ്ധന്‍ അറിയപ്പെടുന്നത്. ദുഃഖങ്ങളില്ലാതാക്കാനുള്ള ഉപായങ്ങളാണ് ബുദ്ധന്‍ അന്വേഷിച്ചത്. കൊട്ടാരത്തിലെ ആഡംബരജീവിതത്തിനിടയിലും ജീവിതം ദുഃഖമയമാണെന്നു കണ്ടെത്തുന്ന ഗൗതമന്‍ തന്റെ ജീവിതത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ കുടുംബത്തെ ഉപേക്ഷിച്ച് പുറപ്പെട്ടുപോവുകയാണ്. പിറക്കാന്‍ പോകുന്ന കുഞ്ഞും പ്രിയപത്‌നിയും മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുമിത്രാദികളും അദ്ദേഹത്താല്‍ പിന്തുടര്‍ച്ചയുണ്ടാകേണ്ടിയിരുന്ന രാജ്യവും ബുദ്ധന് ഉപേക്ഷിക്കപ്പെടേണ്ട ഇച്ഛകള്‍ മാത്രമായിരുന്നു ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് ആഗ്രഹങ്ങളുടെയും ദുഃഖത്തിന്റെയും ദര്‍ശനബോധ്യങ്ങളില്ലാഞ്ഞതിനാല്‍ ആ പുറപ്പെട്ടുപോക്ക് മരണത്തോളമെത്തുന്നസങ്കടക്കടല്‍ തീര്‍ക്കുന്നു. ബുദ്ധകഥ എക്കാലത്തെയും ഗ്രാന്റ് നരേറ്റീവാണ്. ബുദ്ധനെ സംബന്ധിക്കുന്ന ഏത് ആഖ്യാനവും സ്ഥൂലരൂപം പൂണ്ട് പടര്‍ന്നുകയറാതെ നില്‍ക്കില്ല. ഗൗതമബുദ്ധന്റെ ജീവിതവും ദര്‍ശനവുമായി ബന്ധപ്പെട്ട കഥകള്‍ ഈ നോവലില്‍ പദാനുപദം വിവരിക്കുന്നില്ലെന്നേയുള്ളൂ.
ഏഷ്യയാകെപ്പരന്ന, ലോകത്തിന്റെഎല്ലാ കോണുകളിലും വെളിച്ചമെത്തിയ ആ വലിയ കഥാലോകം ഈ നോവലിന്റെ പശ്ചാത്തലമാണ്. ആ കഥകള്‍ അറിയാത്തവര്‍ക്ക് ഈ നോവല്‍ പിന്തുടരാനാവില്ല അങ്ങനെയൊരാള്‍ ഉണ്ടാവാന്‍ തരമില്ല എന്നിടത്താണ് ഈ നോവല്‍ വിജയിക്കാന്‍ പോകുന്നത്. മഹാഖ്യാനങ്ങള്‍ക്ക് മറുപാഠം ചമയ്ക്കാനൊരുങ്ങുമ്പോള്‍ അത് ആ ദര്‍ശനത്തെ നിരാകരിക്കലായിപ്പോകും. അങ്ങനെ വരാതിരിക്കാനുള്ള സൂക്ഷ്മത ആദ്യാവസാനം പുലര്‍ത്തുന്നുണ്ട് ഈ നോവല്‍. മസ്തകത്തില്‍ ചോരപുരളുന്നത് ലഹരിയായ കൊലയാളി ക്കൊമ്പന്‍ ബുദ്ധനു നേരെ പാഞ്ഞടുത്ത് അദ്ദേഹത്തിനുമുന്നില്‍ മുട്ടുകുത്തുന്നതും ദര്‍ശനമാത്രയില്‍ ഒന്നൊഴിയാതെ എല്ലാവരും അദ്ദേഹത്തിന്റെ ശിഷ്യന്മാരാകുന്നതും വെറുപ്പില്ലാതെ വിവരിച്ച് ബുദ്ധന്റെ സ്വാധീനശക്തിയെ അംഗീകരിക്കുകയാണ് നോവല്‍.
അതേ സമയം ബുദ്ധനും അദ്ദേഹത്തിന്റെ അനുയായികളായി ഇറങ്ങിപ്പോയ അനേകം പുരുഷന്മാരും ഉപേക്ഷിച്ച സ്ത്രീജനങ്ങളുടെ, കുട്ടികളുടെ,രാജ്യത്തിന്റെ കണ്ണുനീര്‍ ഈ നോവലില്‍ അഗ്‌നിയായി പൊള്ളിക്കുന്നു. പൂര്‍ണ്ണഗര്‍ഭിണിയായ പത്‌നിയെ ഉപേക്ഷിക്കുന്ന സിദ്ധാര്‍ത്ഥരാജകുമാരന്‍ എല്ലാകാലത്തും സാധാരണമനുഷ്യരെ അലട്ടും, പ്രത്യേകിച്ച് സ്ത്രീകളെ. പുരുഷന്റെ സ്‌നേഹസാന്നിധ്യങ്ങളും സാമീപ്യവും സ്‌ത്രൈണതയുടെ പൂര്‍ണ്ണതയാണെന്ന് മനസ്സിലാക്കുന്നതാണ് നിലനില്‍ക്കുന്ന ഗാര്‍ഹികബോധം. ലോകത്തിന്റെ സന്താപകാരണമകറ്റാന്‍ പുറപ്പെട്ടുപോയ സിദ്ധാര്‍ത്ഥ രാജകുമാരന്‍ സ്ത്രീമനസ്സില്‍ എക്കാലവും ഒരു സങ്കടക്കഥയാണ്. ഈ സങ്കടങ്ങളെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന നോവല്‍ അതുകൊണ്ടു തന്നെ ഒരു പെണ്‍പക്ഷം ചേരുന്നു. പെണ്‍മനസ്സിനോടു ചേര്‍ന്നു നില്‍ക്കുന്ന ആണെഴുത്തുകള്‍ കുറഞ്ഞ മലയാളത്തിന് ബുദ്ധകഥയുടെ പെണ്‍പക്ഷം മുതല്‍ക്കൂട്ടാവും. അവസാനത്തെ രാജകുമാരനായ നന്ദനുംതിരിച്ചു വരാത്തതറിഞ്ഞ് ശുദ്ധോദന മഹാരാജാവ് കരയുന്നത് ‘കപില വസ്തു മുടിയുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് രാജകുമാരന്മാരും അമാത്യന്മാരും പടയുമൊഴിഞ്ഞ കപിലവസ്തു സ്‌തേനന്മാരാല്‍ ആക്രമിക്കപ്പെടുമ്പോള്‍ മഹാറാണിയുടെ ഒരു വിലാപമുണ്ട് ഈ നോവലിലെ പ്രത്യക്ഷമെന്നു പറയാവുന്ന ഒരേയൊരു ബുദ്ധവിമര്‍ശനം അതാണെന്നു തോന്നുന്നു.
‘സ്‌കന്ദങ്ങളില്‍ രാജ്യഭാരം പേറാന്‍ നിയതി കപിലവസ്തുവിനും തന്നൂ രാജകുമാരന്മാരെ. വഴിത്തിരിവുകളില്‍ ശ്രമണന്മാരായി അവര്‍കൈകളില്‍ മരയോടുമേന്തി നടക്കുന്നു. അശാന്തിയുടെ വേട്ടപ്പട്ടികള്‍ കപിലവസ്തുവിനെ കടിച്ചു മുറിക്കുമ്പോള്‍ വിഹാരങ്ങളില്‍ അവര്‍ ശാന്തിയുടെ ശരണമന്ത്രങ്ങള്‍ ആലപിക്കുന്നു’കണ്ണീരില്‍നിന്ന് ഉയിരെടുത്ത ശാന്തി മന്ത്രത്തിന്റെ യുക്തി, ലൗകികതയില്‍ ഊന്നിനില്‍ക്കുന്ന ലോകത്തിന്അത്ര എളുപ്പം പിടികിട്ടുന്നതല്ല. രാജേന്ദ്രന്‍ അവരോടൊപ്പമാണ് നില്‍ക്കുന്നതെന്ന് അവസാന അഭയംതേടി ബുദ്ധനെത്തന്നെ ശരണം പ്രാപിക്കാനൊരുങ്ങുന്ന സ്ത്രീകളുടെ സംഘം പസ്പരം ചോദിക്കുന്ന ചോദ്യങ്ങള്‍ വ്യക്തമാക്കുന്നു. രണ്ടായിരത്തി അഞ്ഞൂറോളം വര്‍ഷം മുമ്പുള്ള കപിലവസ്തുവിന്റെയും മഗധയുടെയും ഭാവപരിസരമുണ്ടാക്കാന്‍ നോവലിന്റെ പാലി മണക്കുന്ന ഭാഷ സഹായിക്കുന്നുണ്ട്.
ഗോപയുടെ മൗനവും ഗൗതമപുത്രന്‍ രാഹുലന്റെ സാന്നിധ്യവും നന്ദന്‍ വിടപറയുമ്പോഴുള്ള കല്യാണിയുടെ വിലാപവും കമലയുടെ അശാന്തമായ ചിരിയും കാളുദായിയുടെ നിര്‍വ്വാണനിമിഷവും നോവലിനെ വായനക്കാരിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നു. ഗോപ യുടെ മാനം വീണ്ടെടുക്കാന്‍ ദീര്‍ഘകാലം ബുദ്ധനെ പിന്തുടരുന്ന സഹോദരന്‍ ദേവദത്തന്റെ നീക്കങ്ങള്‍ വായനയെ ഉദ്വേഗപൂര്‍ണ്ണമാക്കുന്നു. ബുദ്ധകഥകളില്‍നിന്നും ബുദ്ധനെക്കുറിച്ചുള്ള അനേകം പുസ്തകങ്ങളില്‍ നിന്നും ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്താണ് രാജേന്ദ്രന്‍ നോവലില്‍ കഥാപാത്രങ്ങളെ വിന്യസിച്ചിരിക്കുന്നത്. ബോധോദയത്തിനുശേഷം കപിലവസ്തുവിലേക്ക് മടങ്ങിവന്ന് പത്‌നിയോടു നന്ദിപറയുന്നുണ്ട് ഗൗതമ
ബുദ്ധന്‍. ലൗകികതയെ അത് അനുഭവിച്ചുകൊണ്ടുമാത്രമെ മറികടക്കാനാകൂ എന്ന താന്ത്രികയുക്തിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഗോപയില്ലായിരുന്നെങ്കില്‍ ബുദ്ധന് ബോധോദയത്തിന്റെ ഉയര്‍ന്ന പടവുകളിലേക്ക് എത്തിച്ചേരാനാകുമായിരുന്നില്ല. അന്തഃപുരത്തില്‍ ഗോപയെ ചെന്നുകാണുന്ന ബുദ്ധന്റെ മുന്നില്‍ പെണ്ണിന്റെ വ്യക്തിത്വം താഴാതെനില്‍ക്കുന്ന സ്തീകഥാപാത്രത്തെയാണ് നോവലില്‍ വരച്ചിട്ടിരിക്കുന്നത്. സൂക്ഷ്മവായനയില്‍ ബുദ്ധന്റെ ഔന്നത്യം അല്പം ഇടിയുന്നപോലെ തോന്നും. കഥപറച്ചിലിന്റെ മുറുക്കവും തുടര്‍ച്ചയും നിലനില്‍ത്താനായി നോവലിസ്റ്റ് സൃഷ്ടിക്കുന്ന കഥാ പാത്രങ്ങളും ഈ നോവലില്‍ ഉണ്ട്. കഥാപാത്രസൃഷ്ടിയുടെ സൂക്ഷ്മതകൊണ്ട് അവര്‍ ബുദ്ധകഥയിലെ മറ്റു കഥാപാത്രങ്ങളോടൊപ്പം തിരിച്ചറിയാതെ നില്‍ക്കുന്നു. പ്രത്യക്ഷത്തിലുള്ള ലാവണ്യ രാഷ്ട്രീയത്തോടൊപ്പം ആഴത്തിലൊരു പ്രത്യയശാസ്ത്ര താത്പര്യംകൂടി ബൗദ്ധ വ്യവഹാരത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതില്‍ ഉള്ളടങ്ങിയിട്ടുണ്ട്.
ബുദ്ധ നീതിസാര കഥകളോ ജാതക കഥകളോ ഉള്‍ക്കൊള്ളുന്ന അന്യാപദേശ താത്പര്യമല്ല ഈ നോവല്‍ ഉള്‍ക്കൊള്ളുന്നത് എന്നത് ചേര്‍ത്തു വായിച്ചാല്‍ നോവല്‍ രാഷ്ട്രീയമാണ് പറയുന്നത് എന്നു കാണാം. രണ്ടു തരത്തില്‍ നോവലിലൂടെ ഇത് പ്രത്യക്ഷവത്കരിക്കുന്നു. ഒന്ന് നിശ്ചയമായും സമകാലിക ഇന്ത്യന്‍ തീവ്രവലതു രാഷ്ട്രീയത്തെ ഏതെങ്കിലും തരത്തില്‍ നേര്‍ക്കു നേര്‍ മുട്ടാന്‍ കഴിയുന്നധാര ബൗദ്ധമാണ് എന്നതാണ്.
Comments are closed.