DCBOOKS
Malayalam News Literature Website

മലയാളിയുടെ രതി-പ്രണയ സങ്കല്‍പങ്ങളെ തിരുത്തിയ സിനിമ

CLARA

മലയാളിക്ക് ചിരപരിചിതമായമായിരുന്ന രതി-പ്രണയ സങ്കല്‍പങ്ങളെ അപ്പാടെ മറിച്ച സിനിമയാണ് മോഹന്‍ലാല്‍ സുമലത, പാര്‍വ്വതി താരജോഡിയില്‍പുറത്തിറങ്ങിയ പി പത്മരാജന്റെ തുവാനത്തുമ്പികള്‍ എന്ന ചിത്രം. ഇതിലെ പ്രണയം ലോലവും സൗമ്യവുമെങ്കിലും പരമ്പരാഗതധാരണകളുടെ പുറത്തുനില്‍ക്കുന്നതാണ്. എന്നിരുന്നാലും ഇതില കഥാപാത്രങ്ങളായ ക്ലാരയും ജയകൃഷ്ണനും ഇന്നും സിനിമാപ്രേമികളുടെ മനസ്സില്‍ ജീവിക്കുന്നു. മോഹന്‍ലാലും സുമലതയും അനായാസേന പത്മരാജന്റെ ജയകൃഷ്ണനും ക്ലാരയുമായിമാറി. ‘ഇന്നലെ ഞാനൊരു ആന്ധ്രാക്കാരന്റെ കൂടെയായിരുന്നു’ എന്ന് ക്ലാര ജയകൃഷ്ണനോട് പറയുമ്പോള്‍ അവള്‍ക്ക് കുറ്റബോധമില്ല. സാധാരണ കാമുകന്മാരെപ്പോലെ ജയകൃഷ്ണന്‍ വിളറിപിടിക്കുന്നുമില്ല. പരസ്പരം നന്നായി മനസ്സിലാക്കുന്ന പ്രണയമുഹൂര്‍ത്തങ്ങളില്‍ താന്‍ അന്നുവരെയും പിന്നീടും ചെയ്ത കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തനാവുകയായിരുന്നു മോഹന്‍ലാല്‍. മാത്രമല്ല ക്ലാര ഈ ചിത്രത്തിലെ ശക്തമായ സ്ത്രീ സാന്നിദ്ധ്യമാണ്.

ക്ലാരയുടെ ആദ്യ തിരിച്ചുവരവ് രാത്രി വണ്ടിയിലായിരുന്നു. സാമൂഹികമായ വിലക്കുകളെയും ആണ്‍ നോട്ടങ്ങളെയും അശ്രദ്ധമായി തള്ളിക്കളഞ്ഞ് ഇരുവരും നഗരവീഥിയിലൂടെ നടക്കുന്നതും പെണ്‍തീരുമാനങ്ങള്‍ക്കനുസരിച്ചായിരുന്നു. സ്ത്രീ സഞ്ചാരത്തിനുമേല്‍ സമൂഹം ചെലുത്തിയിരിക്കുന്ന സമയ ക്ലിപ്തതയുടെ വിലക്കുകളെയാണ് ക്ലാര തിരസ്‌ക്കരിക്കുന്നത്. ‘മുറികളും മുറിക്കുള്ളിലെ മുറികളും’ മടുത്ത ഒരു സ്വതന്ത്രാസ്ഥിത്വം തിരയുന്ന പെണ്ണുടലിന്റെ പ്രകടന പരതയാണ് ക്ലാര എന്ന കഥാപാത്രം. പാര്‍വ്വതി ചെയ്ത രാധ എന്ന കഥാപാത്രം പക്ഷേ, സ്ത്രീമനസ്സിന്റെ മറ്റൊരുതലമാണ്.

തുവാനത്തുമ്പികള്‍
തുവാനത്തുമ്പികള്‍

പി പത്മരാജന്‍ തിക്കഥയെഴുതി സംവിധാനം ചെയ്ത  തുവാനത്തുമ്പികള്‍ എന്ന ചിത്രത്തിലെ 25-ാം സീന്‍ ;

അതേ മുറി. മഴയുടെ ശബ്ദം നിലച്ചിരുന്നു.

കിടക്കയില്‍ ഒരു തലയിണയിലേക്കു മലര്‍ന്നുവീഴുന്ന ജയകൃഷ്ണന്റെ മുഖം- അവനങ്ങനെതന്നെ കിടന്ന് എന്തോ ആലേചിച്ചു. അയാള്‍ അസ്വസ്ഥനാണ്. തൊട്ടടുത്തു കിടക്കുന്ന പെണ്‍കുട്ടിയെ ലേശമൊരുകുറ്റബോധത്തോടെ, ഇടം കണ്ണിട്ടുനോക്കിയിട്ട്, അവന്‍ കൊതുകുവലയോടായി ചോദിച്ചു.നേരിയൊരുള്‍ വിറയലോടെ.

ജയകൃഷ്ണന്‍- കുട്ടീ… കുട്ടി ? മുമ്പ് ഇങ്ങനെ ഉണ്ടായിട്ടില്ലേ?

മറുപടി കാണാഞ്ഞപ്പോള്‍ അവന്‍ ചെരിഞ്ഞു.ങും?
ക്ലാര. അവള്‍ തലയിണയില്‍ അമര്‍ന്നുകിടക്കുകയാണ്. അവള്‍ ഒരുനിമിഷം അവനെത്തന്നെ ശ്രദ്ധിച്ചു കിടന്നു. ഇപ്പോഴവള്‍ ചിരിക്കുന്നില്ല.

ജയകൃഷ്ണന്‍- (ഇല്ലേ ?എന്ന മട്ടില്‍ )മ്.?

ക്ലാര ഉണ്ടായിട്ടില്ല എന്നമട്ടില്‍ തലയാട്ടി.
ജയകൃഷ്ണന് അതൊരു ,ഷോക്ക് ആണ്. അറിയാതെ അവന്‍ മന്ത്രിച്ചുപോയി. മൈ ഗോഡ് ! അവന്‍ വീണ്ടും മലര്‍ന്നു നിവര്‍ന്നു കിടന്നു- മേലാപ്പിലുറപ്പിച്ച നോട്ടവുമായി അയാള്‍ അസ്വസ്ഥനായി.

ജയകൃഷ്ണന്‍- ഞാന്‍ കരുതിയതേയില്ല. അങ്ങനെയേ അല്ല, ഞാന്‍ കരുതീത്.
അവന് ഉള്ളില്‍ത്തട്ടിയ വേദനയുണ്ട്. ഉള്ളില്‍ കുറ്റബോധമുണ്ട്.

Comments are closed.