DCBOOKS
Malayalam News Literature Website

നെല്‍സണ്‍ മണ്ടേല ദിനം

july-18ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ് നെല്‍സണ്‍ മണ്ടേല . 1918 ജൂലൈ 18 ന് തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും, വിറ്റവാട്ടര്‍സ്രാന്റ് സര്‍വ്വകലാശാലയിലുമായി നിയമപഠനം പൂര്‍ത്തിയാക്കി. ജോഹന്നസ്ബര്‍ഗില്‍ താമസിക്കുന്ന കാലഘട്ടത്തില്‍ത്തന്നെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തില്‍ തല്‍പ്പരനായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെ ആയിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരില്‍ പ്രമുഖനായിരുന്നു മണ്ടേല. 1948ലെ കടുത്ത വര്‍ണ്ണവിവേചനത്തിന്റെ കാലഘട്ടത്തില്‍ മണ്ടേല, പാര്‍ട്ടിയിലെ പ്രമുഖസ്ഥാനത്തേക്ക് എത്തിച്ചേര്‍ന്നു. തുടക്കത്തില്‍ മണ്ടേല അക്രമത്തിന്റെ പാതയിലൂടെയുള്ള ഒരു സമരമാര്‍ഗ്ഗമാണ് സ്വീകരിച്ചത്. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങള്‍ ചുമത്തി അദ്ദേഹത്തെ നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. വിധ്വംസനപ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 27 വര്‍ഷത്തോളമാണ് മണ്ടേല ജയില്‍വാസം അനുഭവിച്ചത്.

തുടര്‍ന്ന് വര്‍ണ്ണവംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉള്‍പ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ടേല 1994 മുതല്‍ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. 1993ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഫ്രഡറിക് ഡിക്ലര്‍ക്കിനോടൊപ്പം പങ്കിട്ടു. ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന ദേശീയബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നല്‍കി 1990 ല്‍ ഭാരതസര്‍ക്കാര്‍ മണ്ടേലയെ ആദരിച്ചു. ഈ പുരസ്‌കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബല്‍ സമ്മാനം ലഭിക്കുന്നതിനു മുന്‍പ് ഭാരതരത്‌നം ലഭിച്ച ഏക വിദേശീയനുമായിരുന്നു അദ്ദേഹം. ലോങ് വോക് റ്റു ഫ്രീഡം ആണ് ആത്മകഥ.

മണ്ടേലയുടെ ജീവിതത്തില്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ വളരെ സ്വാധീനം ചെലുത്തിയിരുന്നു. ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയും അവരുടെ സായുധവിഭാഗമായ ഉംഖോണ്ടോ വിസിസ്‌വേയുടെയും നേതാവായിരുന്ന മണ്ടേലയെ വര്‍ണ്ണവിവേചനത്തെ എതിര്‍ത്തവര്‍ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റേയും പ്രതീകമായി കരുതുമ്പോള്‍, വര്‍ണ്ണവിവേചനത്തെ അനുകൂലിച്ചവര്‍ അദ്ദേഹത്തെയും എ എന്‍ സിയെയും കമ്യൂണിസ്റ്റ് തീവ്രവാദികളായാണു കരുതിയിരുന്നത്. 2008 ജൂലൈ വരെ അമേരിക്കന്‍ ഗവണ്‍മെന്റ്, മണ്ടേലയെ തീവ്രവാദിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു!. വര്‍ണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടന്ന അക്രമപ്രവര്‍ത്തനങ്ങളുടെയും അട്ടിമറികളുടേയും പേരില്‍ മണ്ടേലക്ക് 27 വര്‍ഷം ജയില്‍വാസമനുഷ്ഠിക്കേണ്ടതായി വന്നു. മണ്ടേലയുടെ വംശക്കാര്‍ പ്രായത്തില്‍ മുതിര്‍ന്നവരെ ബഹുമാനസൂചകമായി സംബോധന ചെയ്യുന്ന മാഡിബ എന്ന പേര്‍ കൊണ്ടാണ് ദക്ഷിണാഫ്രിക്കക്കാര്‍ മണ്ടേലയെ അഭിസംബോധന ചെയ്തിരുന്നത്. ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേല നടത്തിയ പ്രയത്‌നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18, നെല്‍സണ്‍ മണ്ടേല ദിനമായി ആചരിക്കുമെന്ന് 2009 നവംബറില്‍ യു. എന്‍. പൊതുസഭ പ്രഖ്യാപിച്ചു. 2013 ഡിസംബര്‍ 5 നു ജോഹന്നാസ് ബര്‍ഗിലെ സ്വവസതിയില്‍ വെച്ച് മണ്ടേല അന്തരിച്ചു

Comments are closed.