‘മലയാളി ഇങ്ങനെ മരിക്കണോ..’ എന്ന പുസ്തകത്തിന് സുഗതകുമാരി എഴുതിയ അവതാരിക
സമകാലിക കേരളീയജീവിതത്തിന്റെ ശാപമായി മാറുന്ന ആത്മഹത്യകളുടെ കാരണം തേടിയ ആദ്യ ജനകീയാന്വേഷണമാണ് ഡോ സിബി മാത്യൂസ് ഐഎഎസിന്റെ മലയാളി ഇങ്ങനെ മരിക്കണോ എന്ന പുസ്തകം. അദ്ദേഹത്തിന്റെ സര്‍വ്വീസ് കാലഘട്ടത്തിലെ ഹൃദയസ്പര്‍ശിയായ ഒട്ടേറെ സംഭവകഥകളും കണ്ണൂനീരണിഞ്ഞ മുഖങ്ങളുമാണ് ഈ പുസ്തകത്തിനടിസ്ഥാനം. 2008 ല്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മലയാളി ഇങ്ങനെ മരിക്കണോ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് ഇപ്പോള്‍ പുറത്തിറക്കി. സുഗതകുമാരിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
സുഗതകുമാരി എഴുതിയ അവതാരിക വായിക്കാം;
മലയാളി മരണവുമായി പ്രണയത്തിലാണ്. ഏറ്റവുമധികം ആത്മഹത്യകള്‍ നടക്കുന്ന, ഏറ്റവുമധികം മദ്യം കുടിക്കുന്ന, ഏറ്റവുമധികം വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന, വേശ്യാവൃത്തിയും ബാലികാപീഡനവും പെരുകുന്ന, എന്നാല്‍ ഏറ്റവുമധികം സാക്ഷരമായ ഈ മനോഹരമായ കൊച്ചുനാട് നമ്മെ സംഭ്രമിപ്പിക്കുന്നു, വിഷണ്ണരാക്കുന്നു. എന്തു സംഭവിക്കുന്നു മലയാളിക്ക് എന്നു ഹൃദയം നിലവിളിച്ചുപോകുന്നു. പലിശയ്ക്കു പണമെടുത്തു ചെലവഴിച്ചിട്ടു പിടിമുറുകുമ്പോള്‍ പിഞ്ചുമക്കള്‍ക്ക് കൊടും വിഷം ചേര്‍ത്ത ഐസ്ക്രീം വാങ്ങിക്കൊടുത്തു കിടത്തിയുറക്കി താനും വീണുപിടയുന്ന ഈ നാട്!… ആരുണ്ടിതിനു പരിഹാരം കാട്ടിത്തരാന്‍?…
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്നു വിവേകിയായ മനുഷ്യന് അറിയാം. ദുഃഖങ്ങളും മഹാരോഗങ്ങളും ദാരിദ്ര്യവും അവമാനഭീതിയും ഋണഭാരവും സ്നേഹശൂന്യതയും പ്രിയജനവിരഹവും മറ്റും മറ്റും അപരിഹാര്യമായ പ്രശ്നങ്ങളായി മുന്നിലുയര്ന്നുവരുമ്പോള് അവയില്നിന്നൊളിക്കാന് പാവം മനുഷ്യന് പിടഞ്ഞോടുന്നു. പിടിക്കപ്പെടുമെന്നാകുമ്പോള്‍ സ്വന്തം മാറില്‍ കത്തിയിറക്കുന്നു. കഴുത്തില്‍ കുരുക്കിടുന്നു. വിഷം വിഴുങ്ങുന്നു. മണ്ണെണ്ണയില്‍ കുളിച്ച് അഗ്നിശുദ്ധി തേടുന്നു. ഇത് തെറ്റ് എന്നുപറയാന്‍ നമുക്ക് അധികാരമുണ്ടോ? പക്ഷേ, ഇതല്ലാ വഴി എന്നു വിരല്‍ ചൂണ്ടി വഴികാട്ടിക്കൊടുക്കാന് നമുക്കു തീര്‍ച്ചയായും കഴിയും. പരിഹാരം കാട്ടിത്തരേണ്ടത് ഈ സമൂഹംതന്നെയാണ്. സമൂഹം എന്ന വാക്കില്‍ കുടുംബം, സുഹൃത്തുക്കള്‍, മതാധികാരികള്‍, സന്നദ്ധസംഘടനകള്‍, സര്ക്കാര്സംവിധാനങ്ങള് എന്നിവയെല്ലാം അടങ്ങുന്നു. എല്ലാവരും ഒന്നിച്ചു ശ്രമിക്കുകയാണെങ്കില്മാത്രമേ ഈ കഠിനദുഃഖത്തിനു കുറെയെങ്കിലും അറുതിയുണ്ടാവുകയുള്ളൂ. എല്ലാ മതങ്ങളും ഇതേപ്പറ്റി മുന്നറിയിപ്പു നല്കുന്നു. നിത്യനാശവും നിത്യനരകവുമാണ് ആത്മഹത്യയുടെ പരിണതഫലം എന്ന് സെമറ്റിക് മതങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പുരാതന ഭാരതീയവിശ്വാസം കര്മ്മസിദ്ധാന്തമെന്ന അനന്തശൃംഖലയിലാണ് ഊന്നുന്നത്. ആത്മാവിനെ ഹനിക്കുകയെന്നാല് ശരീരത്തെ ഹനിക്കുക മാത്രമല്ല. നീചകര്‍മ്മങ്ങളും മഹാപാപങ്ങളുമെല്ലാം അതില്‍പ്പെടുന്നു. ആത്മാവിനെ അധഃപതിപ്പിക്കുക എന്ന അര്‍ത്ഥമാണിവിടെ. ‘അസൂര്യംപശ്യമായ അന്ധകാരലോകത്തില്‍’ നിന്ന് ജന്മങ്ങളുടെ പടവുകള്‍ ചവിട്ടി വീണ്ടും ഉന്നതിയിലേക്കു കയറിച്ചെല്ലാമെന്നാണ് പൂര്‍വ്വസൂരികളുടെ നിഗമനം. ‘നിന്റെ കര്മ്മസമുച്ചയം എവിടെവെച്ച് നീ ഛേദിച്ചുവോ ആ ബിന്ദുവില്‍നിന്നുതന്നെ വീണ്ടും ആരംഭിക്കും’ എന്നും അതിനാല്‍ ആത്മഹത്യ ഒരു രക്ഷാമാര്‍ഗ്ഗമല്ലാ യെന്നും സുവ്യക്തമത്രേ.
ഇതെല്ലാം തത്ത്വശാസ്ത്രത്തിന്റെ തലം. പക്ഷേ, സാധാരണക്കാരന് തന്റെ നിരാശതയുടെ ഇരുട്ടില്‍ ‘നാളെ’ എന്നൊന്നില്ലാതെ ഉഴലുമ്പോള്‍ കാരുണ്യപൂര്‍ണ്ണമായ ഒരു സാന്ത്വനമാണ് മൃത്യു എന്ന് വ്യാമോഹിച്ചുപോകുന്നു. ഈ പശ്ചാത്തലത്തില്വേണംസിബി മാത്യൂസിന്റെ പഠനത്തെ നാം വിലയിരുത്തേണ്ടത്. ഒരു വിദഗ്ധനായ പൊലീസുദ്യോഗസ്ഥന്റെ സൂക്ഷ്മവിശകലന ദൃഷ്ടിയോടെയും ഒരു മനുഷ്യസ്നേഹിയുടെ അല്ലലോടെയും ഈ പ്രശ്നത്തെ ഗ്രന്ഥകാരന് നോക്കിക്കാണുന്നു.
മൂന്നു വസ്തുതകളാണ് ഞാന്‍ പ്രതേ്യകിച്ചു ശ്രദ്ധിച്ചത്. ഒന്നാമത്തേത് ആത്മഹത്യനടന്ന കുടുംബങ്ങളില്‍ 87 ശതമാനവും അണുകുടുംബങ്ങളായിരുന്നുവെന്നത്. പരസ്പരം ശ്രദ്ധിക്കാനും സ്നേഹിക്കാനും കുടുംബാംഗങ്ങള്‍ക്കു സമയം കിട്ടുന്നില്ല. വൃദ്ധജനങ്ങള്‍, അമ്മായിമാര്, സഹോദരങ്ങള്‍, ഉറ്റബന്ധുക്കള്‍ തുടങ്ങിയവരുടെ ഒരു രാംനിര ആശ്വസിപ്പിക്കുവാനും ഉപദേശിക്കുവാനും താങ്ങായി നില്‍ക്കാനും അവിടെയില്ല. കൂട്ടുകുടുംബവ്യവസ്ഥയ്ക്ക് എന്തെല്ലാം വീഴ്ചകളുെങ്കിലും പ്രശ്നങ്ങളുള്ളവര്‍ക്ക് അതൊരു ശക്തമായ ആലംബമായിരുന്നു. അതു നഷ്ടപ്പെട്ടിരിക്കുന്നു. പകരം നാം ഒന്നുംവെച്ചിട്ടുമില്ല.
മറ്റൊന്ന്–ആത്മഹത്യചെയ്തവരില്‍ ഏറെയും ഹിന്ദുമതവിശ്വാസികളായിരുന്നു. കൂട്ടുകുടുംബവ്യവസ്ഥ നഷ്ടപ്പെട്ടപ്പോള്‍ ഏറ്റവുമധികം നഷ്ടം സംഭവിച്ചത് ഹൈന്ദവര്ക്കായിരുന്നു. കൂടാതെ മതത്തിന്റെ ആലംബം ഹിന്ദുവിനു കിട്ടാറില്ല. ക്രിസ്ത്യാനിക്ക് പള്ളിയുടെ സുശക്തമായ താങ്ങുണ്ട്. പുരോഹിതന് മതാചാര്യന് മാത്രമല്ല സാമൂഹികപ്രശ്നങ്ങളില്‍ സാര്‍ത്ഥകമായി ഇടപെടുന്ന വ്യക്തിയുമാണ്. ക്രിസ്തീയ പുരോഹിതന് കൗണ്‍സലറും മദ്ധ്യസ്ഥനും ഉപദേശകനും ശാസിതാവുമാണ്. ആവശ്യമുള്ളപ്പോള്‍ രക്ഷകനുമാണ്. ഹിന്ദുവിന് അങ്ങനെയൊരു രക്ഷകനോ സഹായിയോ വഴികാട്ടിയോ ഇല്ല. മനഃശാന്തി വീെടണ്ടുക്കുവാന്, കുറ്റബോധമൊഴിവാക്കുവാന് കുമ്പസാരമില്ല. മതകാര്യങ്ങളില്‍ ഹിന്ദു പൂര്‍ണ്ണ സ്വതന്ത്രനാണ്. സ്വന്തം കാലില്‍നിന്നു സ്വാഭിപ്രായപ്രകാരം ജീവിക്കേണ്ടവനാണ്. അവനു കൈത്താങ്ങുനല്‍കാന്‍ അവന്റെ കൈകള്‍ മാത്രമേയുള്ളൂ. ക്ഷേത്രദര്‍ശനവും പൂജയും ജപവും നിഷ്ഠകളുമൊന്നും നിര്‍ബന്ധിതമല്ലാത്ത ഒരു സ്വതന്ത്ര മതസമൂഹത്തിലെ പ്രശ്നബാധിതര്‍ പലപ്പോഴും ഒറ്റപ്പെട്ടുപോകുന്നു. പ്രശ്നപരിഹാരം സ്വയംഹത്യമാത്രമാണെന്നു സംഭ്രമിച്ചുപോകുന്നു. അടുത്തതായി ഞാന്‍ കാണുന്നത് ഏറ്റവുമധികം പ്രോത്സാഹനം ലഭിക്കുന്ന മദ്യമെന്ന സുഖദായിയെയാണ്. സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വന്മുതലാളിമാരുടെയും എല്ലാത്തരം ക്രിമിനലുകളുടെയും അധോലോകത്തിന്റെയും ഉദാരമായ പ്രോത്സാഹന സഹായവര്ഷത്തിനു കീഴില്‍ ഈ വിഷബീജങ്ങള്‍ തഴച്ചുവളര്‍ന്നു നാടുമൂടിക്കഴിഞ്ഞു. ഇവയുടെ വേരറുക്കുവാന്‍ മൂര്‍ച്ചയുള്ള യാതൊരു മഴുവും നമ്മുടെ ബുദ്ധിയില്‍ ഉദിക്കുന്നില്ല. ബോധവല്‍ക്കരണം നല്‍കുക, കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുക എന്നൊക്കെ പറയാമെങ്കിലും ഒന്നു മറക്കാതിരിക്കുക. നാം കുട്ടിക്ക് സ്നേഹത്തോടെ രു നല്ല വാക്കു ചൊല്ലിക്കൊടുക്കുമ്പോഴേക്ക് അതിനെതിരായി ചെകിടടപ്പിക്കുന്ന ശബ്ദകോലാഹലത്തോടെ, മദിപ്പിക്കുന്ന വര്‍ണ്ണശബളിമയോടെ ഒരായിരം ദൃശ്യശ്രാവ്യലഹരികള് അവന്റെ മസ്തിഷ്കത്തിലേക്ക് ഇരമ്പിക്കയറിക്കഴിഞ്ഞിരിക്കും. പരമമായ നിസ്സഹായതയോടെ ഞങ്ങള്‍, അമ്മമാര്‍, മക്കളെ മാറോടുചേര്‍ത്തു മുറുകെ പിടിക്കുന്നു. ‘എങ്ങനെ ഇവരെ ഞാന്‍ വിട്ടയയ്ക്കുമീ ഭീതി തിങ്ങിന കറുത്തിരുണ്ടുള്ളൊരീ വഴികളില്‍?’
വഴിയെന്ത് എന്ന അമ്പരപ്പിനു മുന്നില്‍ അനുഭവസമ്പന്നനായ സിബി മാത്യൂസ് പരിഹാരങ്ങള്‍ നിരത്തുന്നുണ്ട്. ആത്മഹത്യാനിവാരണ ക്ലിനിക്കുകള്‍, സര്‍ക്കാരും സാമൂഹ്യക്ഷേമവകുപ്പും സന്നദ്ധസംഘടനകളും നടത്തുന്ന രക്ഷാകേന്ദ്രങ്ങള്‍, സമുദായ, മത സംഘടനകളുടെ സഹായം, ബോധവല്‍ക്കരണം, ദരിദ്രകുടുംബങ്ങളെ കയ്യയച്ചു സഹായിക്കല്‍, മദ്യവര്‍ജ്ജനം, ആരോഗ്യപാലന ഇന്‍ഷ്വറന്‍സ്, കോടതികളുടെ ഫലപ്രദമായ ഇടപെടല്‍, മനോരോഗ ചികിത്സാസംവിധാനം മെച്ചപ്പെടുത്തല്‍, വിഷവസ്തുക്കളുടെ അലഭ്യത, ഹെല്‍പ്പ് ലൈനുകള്‍, അത്യാഗ്രഹം വെടിഞ്ഞുള്ള ലളിതജീവിതം എന്നിവയെല്ലാമാണ് നമ്മുടെ ചിന്തയ്ക്കും പ്രയത്നത്തിനുമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നവ. ഇവയെല്ലാംതന്നെ ഈ ഇരുളില്‍ സ്വാഗതാര്‍ഹമായ വെളിച്ചങ്ങളാണ്. ഇവയില്‍ ചിലതെങ്കിലും പ്രായോഗികമാക്കുവാന്‍ സാധിച്ചാല്‍ കേരളമെന്ന ആത്മഹത്യാമുനമ്പിന് ഈ കാളിമയില്നിന്നു കുറെയെങ്കിലും വിമുക്തി ലഭിക്കുകതന്നെ ചെയ്യും.
ലളിതവും ഋജുവുമായ ഭാഷാശൈലി, സുവ്യക്തമായ ആശയങ്ങള്‍, സാധാരണ വായനക്കാര്‍ക്കും സുഗ്രഹമായ രീതിയിലുള്ള അവതരണം, സര്‍വോപരി മനുഷ്യസ്നേഹത്തിന്റെയും മാന്യതയുടെയും സഹാനുഭൂതിയുടെയും സാന്ത്വനസ്പര്‍ശമേകുന്ന, നമുക്കു തൊട്ടടുത്തു നില്ക്കുന്നെന്നു തോന്നിക്കുന്ന, ഒരു കരുത്തുള്ള സഹോദരഭാവം. ഇവയെല്ലാം സിബി മാത്യൂസെന്ന പോലീസുദേ്യാഗസ്ഥന്റെ ഈ സംരംഭത്തെ വിലപ്പെട്ടതാക്കിയിരിക്കുന്നു. വിശദമായ പഠനവും ആഴത്തിലുള്ള നിരീക്ഷണവും നടത്തിയതിനു ശേഷമാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത് എന്നു വ്യക്തമത്രേ. അദ്ദേഹത്തിന്റെ വിപുലമായ പരിചയസമ്പത്ത് ഈ പുസ്തകത്തെ കൂടുതല്‍ പ്രയോജനപ്രദമാക്കുന്നു. ഹൃദയസ്പര്‍ശിയായ ഒട്ടേറെ സംഭവകഥകള്‍, കണ്ണുനീരണിഞ്ഞ ഒട്ടേറെ മുഖങ്ങള്‍, രക്ഷിക്കണേ എന്ന് മൂകമായി അഭ്യര്‍ത്ഥിച്ചുകൊണ്ട് ആഴത്തിലേക്കു താണുപോകുന്ന തളരുന്ന കൈകള്‍, പരിഭ്രാന്തമായ പാച്ചിലുകള്‍, കൊച്ചുകുഞ്ഞുങ്ങളെ ചേര്‍ത്തണച്ചു പിടിച്ചുകൊണ്ടു മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന അമ്മമാരുടെ മരവിച്ച മുഖഭാവങ്ങള്‍. ഇവയെല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ നമ്മുടെ കണ്മുന്നില് നിരത്തപ്പെടുന്നു. വേട്ടയാടലുകളുടെയും നിരാലംബതയുടെയും ചതിയുടെയും പീഡനങ്ങളുടെയും നൂറുനൂറു രംഗങ്ങള്‍ വീണ്ടും നാം കാണുന്നു. മലയാളി പതിവുള്ള ഉദാസീനതയോടെ ഈ പുസ്തകവും മടക്കിവയ്ക്കുകയില്ലെന്നു ഞാന്‍ ആശിക്കട്ടെ….!
Comments are closed.